ഓടക്കുഴൽവിളിയൊഴിഞ്ഞ യുഗസന്ധ്യ


മലയാളിത്തം എന്ന സങ്കൽപ്പത്തിന് കനത്ത ആഘാതമേൽപ്പിച്ചുകൊണ്ടു കാവാലം നാരായണപ്പണിക്കർ ഈ ലോകനാടകവേദിയിൽ നിന്ന് നിഷ്ക്രമിച്ചിരിക്കുന്നു. ഒരു വ്യക്തിയുടെ സാന്നിധ്യം അദ്ദേഹത്തിന്റെ ജന്മനാടിന്റെ തനത് സംസ്ക്കാരത്തിന് എത്ര മുതൽക്കൂട്ടാവുമെന്നതിന് അദ്ദേഹത്തോളം പോന്ന ഒരു ഉദാഹരണം വേറെയില്ല. തികച്ചും നൂതനവും സ്വകീയവുമായ ഒരു കാഴ്ചപ്പാട് അദ്ദേഹത്തിന് കലയോടും സംസ്ക്കാരത്തോടും ഉണ്ടായിരുന്നതിന്റെ ഉദാത്തമായ പരിണതി നമ്മുടെ സാംസ്ക്കാരികാനുഭവത്തെ എത്ര പരിപോഷിപ്പിച്ചു എന്നത് അനുഭവിച്ചു മനസ്സിലാക്കേണ്ടതാണ്. ജനിച്ചു വളർന്ന നാടിന്റെ ഉൾത്തുടിപ്പുകൾ ഒരു ലഹരിയായി അനുഭവിക്കുകയും അത് മറ്റുള്ളവരെ അനുഭവിപ്പിക്കുകയും ചെയ്ത മഹാപ്രതിഭ ഒരു ജനതയുടെ ഭാഗ്യമായി പരിണമിച്ചു. കുട്ടനാടിന്റെ ഉൾത്തുടിപ്പ് അദ്ദേഹത്തിന്റെ ഉൾത്തുടിപ്പുമായി പൂർണ്ണമായി താദ്ദാത്മ്യപ്പെട്ടിരുന്നു.അവിടെനിന്നും ഉൾക്കൊണ്ട അസംസ്കൃത സംസ്കൃതി സ്വന്തം സർഗ്ഗചൈതന്യത്തിന്റെ ഉലയിൽ ഊതിത്തിളക്കി പുനഃസൃഷ്ടിച്ചു സമർപ്പിച്ച സമ്മാനങ്ങൾ ഇന്നും പുതുമ നഷ്ടപ്പെടാതെ നമ്മുടെ മുന്നിലുണ്ട്.

നാടകാവതരണത്തിൽ പരന്പരാഗത ശൈലി പിന്തുടരുന്നതല്ല തന്റെ വ്യക്തിത്വം എന്ന് സ്വയം തിരിച്ചറിഞ്ഞ അദ്ദേഹം രചിച്ച ദൈവത്താർ സ്വന്തം സ്വത്വത്തെ തിരിച്ചറിഞ്ഞുകൊണ്ടുള്ള ആദ്യത്തേതും തികച്ചും നൂതനവുമായ കാൽവെപ്പായിരുന്നു. അതിനു ശേഷം ആ ഭാവനയിൽ നിന്നുതിർന്ന അവനവൻ കടന്പ എന്ന നാടകം വ്യവസ്ഥാപിത നാടകാവതരണ സങ്കൽപ്പത്തെത്തന്നെ വിപ്ലവാത്മകമായി മാറ്റിമറിച്ചു.പ്രതിഭാശാലിയായ ജി. അരവിന്ദന്റെ സംവിധാനത്തിൽ ആ നാടകം അതിന്റെ പൂർണ്ണമായ മാനം കൈവരിച്ചു. തനതു നാടകവേദി എന്ന സങ്കൽപ്പത്തിൽ രചയിതാവും സംവിധായകനും ആ അവതരണ സങ്കേതത്തെ തിരുവരങ് എന്ന പേരിൽ രൂപപ്പെടുത്തി. അതിൽ പ്രകൃതിയെയും കാണികളെയും നാടകാവതരണത്തിലേക്ക് സമന്വയിപ്പിക്കാൻ ഈ ശിൽപികൾക്കായി എന്നതാണ് അതിന്റെ സവിശേഷത. പിൽക്കാലത്ത് ഉജ്ജയിനിൽ കാളിദാസ ഉത്സവത്തോടനുബന്ധിച്ച് അദ്ദേഹം ഭാസന്റെ മധ്യമവ്യായോഗം എന്ന സംസ്കൃത നാടകം സംവിധാനം ചെയ്ത് അവതരിപ്പിച്ചുകൊണ്ട് സംവിധാനരംഗത്തേയ്ക്ക് ചടുലമായ ഒരു ചുവടുവയ്പ്പ് നടത്തി.അഭിനയകലയുടെ തികവ് സാത്വിക വാചികാദി ഘടകങ്ങളിലൂടെ പൂർണ്ണമായി കോർത്തിണക്കി സംവിധാനം ചെയ്ത ഇത് സംസ്കൃത നാടക ചൈതന്യത്തെ കാണികളിലേക്ക് പകർത്തുന്നതിൽ വലിയ വിജയമായി അംഗീകരിക്കപ്പെട്ടു. ഇതിന്റെ വിജയം ഹിന്ദി അഭിനേതാക്കളെ െവച്ചു ഭാസ നാടകമായ ദൂതവാക്യം സംവിധാനം ചെയ്യുന്നതിലേയ്ക്ക് അദ്ദേഹത്തെ എത്തിച്ചു. പിൽക്കാലത്ത് വിക്രമോർവശീയം, കരണഭാരം തുടങ്ങി ഇത്തരം നിരവധി സംസ്കൃത ഭാഷാ നാടകങ്ങൾ ഭാഷാപരമായ മതിൽക്കെട്ടുകൾ ഭേദിച്ചുകൊണ്ട് അരങ്ങിന്റെ ഭാഷയിലൂടെ അദ്ദേഹം അവതരിപ്പിച്ചു.

ഭാഷാ സംസ്കൃത നാടക രംഗത്തു നിതാന്തമായ പരീക്ഷണങ്ങൾ അദ്ദേഹത്തിനു ഒരു നിയോഗമായിരുന്നു. ഭാഷയെ പരിമിതപ്പെടുത്തിക്കൊണ്ട് ഭാവത്തെയും അവതരണ സങ്കേതങ്ങളെയും എപ്പോഴും കൂടുതൽ മെച്ചപ്പെട്ട ആവിഷ്ക്കാരത്തിനായി നവീകരിക്കുന്ന ഭാവനാത്മകതയിൽ ഉറച്ചുനിന്നു അദ്ദേഹം എക്കാലത്തും.

പിറന്ന നാടിന്റെ ജൈവവും യാഥാർത്ഥവുമായ ഉൾത്തുടിപ്പിന്റെ സന്പൂർണ്ണമായ അനുഭവത്തിൽ മതിമറന്ന ആ പ്രതിഭ അതു നമുക്കൊക്കെയായി നാടൻ താളക്കെട്ടുകളുടെ ചടുലതയോടെ പകർന്നുതന്നത് മറക്കാനാവില്ല. കേരളത്തിൽ പ്രാചീനകാലം മുതൽ പ്രചാരത്തിലുണ്ടായിരുന്ന സോപാന ശൈലീബദ്ധമായവയും അല്ലാത്തവയുമായ തനത് താളങ്ങളെ ക്രോഡീകരിച്ചു വായ്ത്താരി പകർന്ന് അവയ്ക്ക് ഭാഷയുടെ ശരീരം പ്രദാനം ചെയ്ത് കേരള സംസ്ക്കാരത്തിന്റെ ഉൾത്തുടിപ്പിന്റെ ഭാഗമാക്കി അദ്ദേഹത്തിലെ കലാകാരൻ. നാടൻ ജീവിതത്തിന്റെ ശക്തി സ്രോതസായിരുന്ന തെയ്യം, തോറ്റം, കൊയ്ത്ത്, വയൽപ്പാടുകൾ അവയിലെ നാടൻ സൗന്ദര്യ ജീവിത ദർശനം എല്ലാം അദ്ദേഹത്തിന്റെ രക്തത്തിൽ തന്നെയുണ്ടായിരുന്നു.രചനകളിൽ ധാരാളമായി അദ്ദേഹം ഉൾക്കൊള്ളിച്ച അത്തരം ധാവള്യത്തെപ്പറ്റി പറഞ്ഞാൽ നിരവധി പുറങ്ങൾ വേണ്ടിവരും.മുക്കുറ്റിയും തിരുതാളിയും വടക്കത്തിപ്പെണ്ണും കർക്കിടകത്തെവരും കുമ്മാട്ടിയും കോനാരും അങ്ങിനെ പല സങ്കൽപ്പങ്ങളും ബിംബങ്ങളും അതിലുടനീളം അണിനിരക്കും. അക്കൂടെ വളരെ തീവ്രമായ ഗൃഹാതുര സങ്കൽപ്പങ്ങളും ദീപ്തമായ കവിഭാവനകളും അതിൽ നിറയും.അവയിലൊക്കെ അദ്ദേഹത്തെ തികച്ചും വ്യത്യസ്തനാക്കുന്ന പ്രതിഭയുടെയും കാഴ്ചപ്പാടിന്റെയും ഒളി മിന്നിത്തെളിയും. ഘനശ്യാമ സന്ധ്യാഹൃദയങ്ങൾ മഴവില്ലിന്റെ മാണിക്യവീണയാലും ഒരു ദ്വാപര യുഗസന്ധ്യയിൽ മുഴങ്ങിയ ഓടക്കുഴൽവിളിയാലും മുഖരിതമാകും. പ്രതിബിംബിച്ച പ്രകൃതിയെ താങ്ങാനാവാതെ മണ്ണിൽ വീണുടയുന്ന പുലരിയിലെ തൂമഞ്ഞുതുള്ളിയുടെ മർമരമുണ്ടാകും. ഈ അനുഭവ ചൈതന്യത്തിന് നന്ദി ആരോട് നാം ചൊല്ലും, കൈരളീദേവതയോടല്ലാതെ...

കാവാലം നാരായണപ്പണിക്കർ എന്ന പ്രതിഭയെ പുറത്തുള്ളവർ മനസ്സിലാക്കിയപോലെ നാം മലയാളികൾ ഉൾക്കൊണ്ടോ എന്ന് സംശയമുണ്ട്. അദ്ദേഹത്തിന്റെ സംഭാവനകൾ ഇനിയുമേറെ ചർച്ച ചെയ്യാനുണ്ട്. ഈ വിടവ് അടക്കാൻ ഒരു കാലത്തും ആരാലും ആവില്ല എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. ഈ മഹത്വത്തെ നാം ബുദ്ധികൊണ്ടും ഹൃദയം കൊണ്ടും തിരിച്ചറിയേണ്ടവരാണ്.

You might also like

Most Viewed