നഗരസംസ്കൃതിയുടെ അനുഭൂതിപർവങ്ങൾ
ഹരിതാഭയുടെ വിശാലത നിറഞ്ഞ കോട്ടയം നഗരത്തിന്റെ വിഹഗവീക്ഷണം ഏഴാം നിലയിലുള്ള ഞങ്ങളുടെ താത്ക്കാലിക വസതിയിലെ ബാൽക്കണിയിലിരുന്ന് നോക്കിക്കണ്ടുകൊണ്ടാണ് ഇതെഴുതുന്നത്. ഈ നഗരം എക്കാലത്തും കേരളത്തിന്റെ സാംസ്ക്കാരിക മുഖ്യധാരക്ക് ചെയ്ത സംഭാവനകൾക്ക് ഭാഷയുടെയും അച്ചടിയുടെയും മണമുണ്ട്. എഴുത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും മിഴിവുണ്ട്. റബ്ബർ അടക്കമുള്ള മറ്റ് കാർഷിക വ്യവസായങ്ങളുടെയും പ്രായോഗികതയുണ്ട്. ആ സാംസ്ക്കാരിക ആഢ്യത്തം എന്റെ ചിന്തകളിലേയ്ക്ക് ഈ നഗരം എപ്പോഴും പകർന്നു തരുന്നു. വിദ്യാഭ്യാസത്തെ പറ്റിയുള്ള അവബോധം ഈ നാട്ടിൽ രൂഢമൂലമായിട്ട് ഏതാണ്ട് മൂന്ന് നൂറ്റാണ്ടുകളായി. ഭരണാധികാരികളുടെ പൂർണ്ണമായ അനുഗ്രഹാശിസ്സുകളും അതിനുണ്ടായിരുന്നു. വിദ്യാഭ്യാസത്തിന് വ്യക്തിത്വ രൂപീകരണത്തിൽ വരുത്താൻ കഴിയുന്ന മാറ്റങ്ങളെക്കുറിച്ച് ഏവർക്കും ധാരണയുണ്ടായിരുന്നു.ണ അങ്ങിനെ വളക്കൂറുള്ള മണ്ണിൽ പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യഭാഗത്ത് തന്നെ തെക്കേ ഇന്ത്യയിലെ ആദ്യത്തെ കലാലയം ഉയർന്നു. ക്രിസ്തീയ മിഷനറികളുടെ ക്രാന്തദർശിത്വത്തോടെയുള്ള ശ്രമഫലമായി അങ്ങിനെ സി.എം.എസ് കോളേജ് നഗരത്തിന്റെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായി ഇരുനൂറിലേറെ വർഷമായി അഭിമാനപൂർവം നിലനിൽക്കുന്നു. അത് കേരളത്തിന്റെ സാംസ്കാരികവും ഭരണപരവുമായ രംഗങ്ങളിലേക്കു ചെയ്ത സംഭാവനകൾ ഏവർക്കും അറിവുള്ളതാണ്. ഈ നഗരത്തിന്റെ സാംസ്ക്കാരിക ചരിത്രത്തെ വിശദമാക്കുക എന്നത് ഈ കുറിപ്പിന്റെ ലക്ഷ്യമല്ല. എന്റെ ചിന്തകൾ ഈ നഗരത്തിന് തലമുറകളായി ഉണ്ടായിരുന്ന സർഗ്ഗപ്രവൃത്തികളുടെ പ്രായോഗിക ചിന്താസരണിയെ ചുറ്റിപ്പറ്റി നിന്നു. സർഗ്ഗധനരായ എഴുത്തുകാർ എക്കാലത്തും ഈ നഗരത്തിൽ ഒത്തുകൂടുകയും അവരുടെ ചിന്തകളും സംവേദനങ്ങളും പരസ്പ്പരം പങ്കിടുകയും ചെയ്തുകൊണ്ടിരുന്നു. പാടുന്ന പക്ഷികളുടെ കൂട് എന്ന് ഒരു കാലത്ത് ഇംഗ്ലണ്ടിനെ വിളിച്ചിരുന്നപോലൊരു വിശേഷണം കേരളത്തിൽ ഏറ്റവും അനുയോജ്യമായ നഗരമായിരുന്നു കോട്ടയം.
ഇങ്ങനെയൊരു ഊഷ്മളത ഇവിടെയുണ്ടാകാൻ പത്തൊൻപതാം നൂറ്റാണ്ടിൽ തന്നെ ഇവിടെ തുടങ്ങിയ അച്ചുകൂടം ഒരു പരോക്ഷ കാരണമായിരിക്കാം. തങ്ങളുടെ ആശയാവിഷ്ക്കാരം ഒരു സമൂഹത്തിന്റെ മൊത്തം അനുഭവമായി മാറ്റാനുള്ള ശക്തി ഇവിടെനിന്നും അവർക്ക് സംഭരിക്കാൻ സാധിച്ചിട്ടുണ്ട്. അതാണ് പിൽക്കാലത്ത് കേരളത്തിലെ സാഹിത്യകാർക്ക് ഔപചാരികമായി ഒത്തുകൂടാനും അവരുടെ രചനകൾ പ്രകാശിതമാക്കി ഒരു ജനതതിയുടെ അനുഭവസന്പത്താക്കാനും സാധിക്കത്തക്കവിധം ഒരു പൊതുസംവിധാനം ഉണ്ടാക്കാനുമുള്ള പ്രേരകശക്തിയായത്. സാഹിത്യകാരന്മാർക്കായി ഒരു സഹകരണസംഘം ആ ചിന്തയിലൂടെ ഇവിടെ ലോകചരിത്രത്തിലാദ്യമായി സ്ഥാപിതമായി. പുസ്തകപ്രകാശനത്തിൽ ഒരു പുതിയ നാഴികക്കല്ലായിരുന്നു സാഹിത്യ പ്രവർത്തക സഹകരണ സംഘം. വിമർശനത്തിന്റെ ആൾരൂപമായ ശ്രീ. എം.പി പോൾ പ്രസിഡണ്ടും മലയാള ചെറുകഥാരംഗത്തെ നിറവ്യക്തിത്വമായ കാരൂർ നീലകണ്ഠപ്പിള്ള സെക്രട്ടറിയുമായി തുടക്കം കുറിച്ച ആ പ്രസ്ഥാനം വഴി മലയാള ജീവിതത്തിന്റെ വൈകാരികമായ ഇഴകൾ സംവേദനത്വമുള്ള ജനമനസ്സുകളെ പരസ്പ്പരം തുന്നിച്ചേർത്തു. ഈ നഗരം അങ്ങിനെ സാഹിത്യകാരന്മാരുടെ വിഹാരരംഗമായിത്തീർന്നു. ഭാവനാ മണ്ഡലത്തിന്റെ വിവിധ ശ്രേണികളിൽ നിൽക്കുന്ന നിരവധി സർഗ്ഗധനർ ഈ പ്രസ്ഥാനത്തിന്റെ തണൽ നുകർന്നവരാണ്.മഹാകവി പി. കുഞ്ഞിരാമൻ നായർ മുതൽ വൈലോപ്പള്ളി, തകഴി, പൊറ്റക്കാട് തുടങ്ങി എത്രയോ മഹാവ്യക്തിത്വങ്ങൾ ഈ നഗരത്തിലെ നിത്യ സന്ദർശകരായിരുന്നതിന്റെ പരോക്ഷമായ പ്രയോജനം എനിക്കും ലഭിച്ചിട്ടുണ്ട്. എസ്.പി.സി.എസ്സിന്റെ ആദ്യകാലം മുതലുള്ള അംഗവും പിൽക്കാലത്ത് പ്രസിഡണ്ടുമായിരുന്ന അപ്പൂപ്പൻ അഭയദേവിന്റെ ഓഫീസ് മുറിയിൽ വെച്ച് ഇവരെയൊക്കെ കണ്ടുമുട്ടുവാനും സംസാരിക്കുവാനുമുള്ള അവസരം ലഭിച്ചതാണ് എനിക്ക് ലഭിച്ച ആ പ്രയോജനം.
കാലം ഒരുപാട് മാറ്റങ്ങൾ സമൂഹജീവിതത്തിൽ കൊണ്ടുവന്നു. പ്രസാധന രംഗത്തും നൂതന പ്രവണതകൾ രംഗപ്രവേശം ചെയ്തു. എസ്.പി.സി.എസ്സിന്റെ സുവർണ്ണകാലത്തിന് ശേഷം കോട്ടയത്തുതന്നെ പ്രസാധനകലയുടെ കുലപതി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഡി.സി.കിഴക്കേമുറി തന്റേതായ ഡി.സി.ബുക്സ് എന്ന സ്ഥാപനം ആരംഭിച്ചു. അങ്ങിനെ പിൽക്കാലത്തും കോട്ടയം സാഹിത്യകാരന്മാർക്ക് ലക്ഷ്യസ്ഥാനമായി തുടർന്നു, അതിന്നും അങ്ങിനെതന്നെ തുടരുന്നു. ഗ്രന്ഥശാലാ പ്രസ്ഥാനത്തിനും അതുകൊണ്ടുതന്നെ ഏറെ വളക്കൂറുള്ള മണ്ണായിരുന്നു ഈ നഗരം എന്നത് സുവിദിതമാണല്ലോ. വായനയുടെ ചക്രവാളങ്ങളിൽ അനന്തമായി പറന്നു നടക്കാനും ആ അനുഭൂതിയുടെ മണ്ധലത്തിൽ സഹചാരികളെ കൂട്ടാനും ഈ നാട്ടുകാർ ഗ്രാമഗ്രാമാന്തരങ്ങളിൽ പോലും ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് വേരോട്ടമുണ്ടാക്കി കൊടുത്തു.
അത്തരമൊരു സാംസ്ക്കാരികതയുടെ പച്ചപ്പാണ് ഇന്ന് ഉയരത്തിൽ ഇരുന്ന് ഈ നഗരത്തിന്റെ ഹരിതാഭയെ അഭിവീക്ഷണം ചെയ്യുന്പോൾ എന്റെ മനസ്സിന് സവിശേഷമായ അനുഭൂതി പകർന്നു തരുന്നത്. അതിന് വഴിതെളിച്ച് കടന്നുപോയ മഹദ് വ്യക്തിത്വങ്ങളെ മനസാ പ്രണമിച്ചുകൊണ്ട്, അവരുടെ ഭാവനകളുടെ നറുമണം വീണ്ടും വീണ്ടും ഓർമ്മകളിലൂടെ നുകരാൻ ശ്രമിച്ചുകൊണ്ട്, അതിന് അവസരം തന്ന ഈ നഗരത്തെ നമസ്ക്കരിച്ചുകൊണ്ട് ഈ ചിന്തയോട് താത്ക്കാലികമായി വിടപറയുന്നു.