ബുദ്ധിയുടെ സൗന്ദര്യശാസ്ത്രം


ജീവിതത്തിൽ സംഭവിക്കുന്ന എല്ലാറ്റിനും ശാസ്ത്രീയമായ വിശകലനമുണ്ട്. എന്നാൽ വിശകലനത്തിന് അതീതമായ ചില പ്രഹേളികകൾ ജീവനെ സംബന്ധിച്ച് ഇപ്പോഴും നിലനിൽക്കുന്നുമുണ്ട്.പ്രപഞ്ചത്തെ സംബന്ധിച്ചിടത്തോളവും ഇതൊരു ആത്യന്തിക സത്യമാണ്. universeഇത് ഗഹനമായ ചിന്തയുടെയും ഗവേഷണപഠനത്തിന്റെയും ശേഷം പറഞ്ഞ മഹാന്മാർ നിരവധി. മനുഷ്യജീവൻ പ്രാപഞ്ചിക യാധാർത്ഥ്യങ്ങളുടെ ഒരു ജൈവ പകർപ്പാണ്. അടിസ്ഥാനപരമായി പഠിക്കുന്പോഴും നിരീക്ഷിക്കുന്പോഴും മനസ്സിലാക്കാനാവാത്ത എന്തോ ഒന്ന് അവശേഷിപ്പിക്കുന്ന ഒരു നിഗൂഡത രണ്ടിലും കുടികൊള്ളുന്നു. അൽപ്പം മാത്രം മനസ്സിലാക്കിയവർക്ക് ഇത്തരം സംശയങ്ങൾ ഒന്നുമില്ല, അവർ എല്ലാം വ്യാഖ്യാനിക്കും.

പലപ്പോഴും പ്രപഞ്ച യാധാർത്ഥ്യങ്ങൾ ബുദ്ധിയുടെ സീമകളെ ലംഘിക്കുന്നതായിരിക്കും. ആദ്യത്തെ ഉൾക്കൊള്ളാൻ ബുദ്ധിമുട്ടുള്ള സത്യം പതിനാല് ശതകോടി വർഷങ്ങൾക്ക് മുന്പ് പ്രപഞ്ചം ആവിർഭാവം ചെയ്യുന്നതിന് മുന്പ് എന്തായിരുന്നു നിലനിന്നിരുന്നത് എന്ന ചോദ്യത്തിന് കിട്ടുന്ന മറുപടിയാണ്.അതായത് പ്രപഞ്ചരൂപീകരണത്തിന് മുന്പ് സമയമോ ഇടമോ ദ്രവ്യമോ ഉണ്ടായിരുന്നില്ല, യാതൊന്നുമുണ്ടായിരുന്നില്ല. പരിപൂർണ്ണമായ ഇരുട്ടുമാത്രം. ബിഗ്ബാങ്ങിലൂടെയുണ്ടായ പ്രപഞ്ചരൂപീകരണം പുറത്തുനിന്ന് കാണാനാവുമായിരുന്നില്ല,ണ കാരണം പുറം എന്നൊന്ന് ഉണ്ടായിരുന്നില്ല, അകം മാത്രം. അപ്പോൾ സമയം ഉണ്ടായിരുന്നില്ല. സമയവും സ്പെയ്സും പരസ്പ്പരപൂരകങ്ങളാണ്, ഒന്നില്ലെങ്കിൽ മറ്റൊന്നില്ല. ഒരു ആറ്റത്തിന്റെ വലിപ്പം പോലും ഇല്ലാതിരുന്ന ഒന്നാണ് പ്രപഞ്ചം. പരിപൂർണ്ണമായ ശൂന്യതയിൽ നിന്ന് ഇന്നും മനസ്സിലാക്കാനാവാത്ത ഏതോ കാരണത്താൽ സങ്കൽപ്പാതീതമായ ശക്തിയോടെ അതിഭയാനകമായ ഒരു ഊർജ്ജസംഘാതമായി പ്രപഞ്ചത്തിന് ജീവൻ വെച്ചു. ഒരു നിമിഷത്തിന്റെ മൂന്ന് കോടിയിൽ ഒന്ന് സമയത്ത് (സമയമൊന്നും എടുക്കാതെയെന്ന് പറയാം) അത് ഒരു ടെന്നീസ്ബോളിന്റെ വലിപ്പം പ്രാപിച്ചു. കേവലം നൂറ് സെക്കണ്ട് കൊണ്ട് വളർന്ന് ഇന്നത്തെ ക്ഷീരപഥ ഗ്യാലക്സിയുടെ വലിപ്പം പ്രാപിച്ചു. ക്ഷീരപഥത്തിന് അറുനൂറ് ശതകോടി മൈലുകൾ വ്യാപ്തിയുണ്ട്. ഈ പ്രക്രിയ അനുസ്യൂതം സംഭവിച്ചുകൊണ്ടിരിക്കുന്നു, ഒരു ബലൂൺ വീർക്കുന്നതുപൊലെ. ഇതൊക്കെ പറയുന്പോൾ ഭ്രാന്താണെന്ന് ആരും കരുതേണ്ട.സത്യം അതിവിചിത്രമാണ്.

അചിന്ത്യമായ ശക്തിയോടെ വികസിച്ച പ്രപഞ്ചം പന്നീട് അൽപ്പാൽപ്പം തണുത്തുവന്നു. അതോടെ വാതകങ്ങളും പൊടിപടലങ്ങളും ഒന്നുചേർന്ന് ദ്രവ്യം രൂപീകൃതമാകാൻ തുടങ്ങി. ഇതിന് പിന്നിൽ പ്രവത്തിച്ചത് ഗുരുത്വാകർഷണമാണ്. അതാണ് അന്നും ഇന്നും പ്രപഞ്ചത്തിലെ നിർണ്ണായക ശക്തി. അനുക്ഷണം വികസിച്ചുകൊണ്ടിരുന്ന പ്രപഞ്ചത്തിൽ ഉടലെടുത്ത ചിന്താതീതമായ ഊർജ്ജം പിന്നീട് ദ്രവ്യമായും ദ്രവ്യം ഊർജമായും മാറുന്ന പ്രക്രിയ അനുസ്യൂതം നടന്നുകൊണ്ടിരുന്നു. അപ്പോഴാണ് ഗുരുത്വാകർഷണം കൂടുതൽ നിർണ്ണായകമായ പണി തുടങ്ങിയത്. ഇങ്ങനെ രൂപീകൃതമായ ഊർജ്ജകണികകളും ധൂളികളും കോടിക്കണക്കിന് ട്രില്യൺ പൊടിപടലങ്ങളും പ്രപഞ്ചത്തിന്റെ അപാരതകളിൽ നിറഞ്ഞുവെങ്കിലും അത് കൃത്യമായ വിന്യാസമായിരുന്നില്ല, ക്രമരഹിതമായിരുന്നു. താരതമ്യേന കൂടുതൽ സാന്ദ്രതയോടെ ഊർജ്ജകണങ്ങൾ, വാതക പൊടിപടലങ്ങൾ എന്നിവ ഒത്തുചെർന്നിരുന്ന ഇടങ്ങളിൽ സംഭവിച്ച ഗുരുത്വാകർഷണത്തിന്റെ അതിഭീമമായ ശക്തി ക്രമേണ ഇവയെ പരസ്പ്പരം ആകർഷിച്ച് ഒന്നിച്ചു ചേർത്തു. ഹൈഡ്രജനും മറ്റു വാതകങ്ങളും പൊടിപടലങ്ങളും അതിഭയാനകമായ ശക്തിയിൽ ഒന്നുചേർന്ന് കേന്ദ്രീകൃത ശക്തിയാൽ ജ്വലിക്കാൻ തുടങ്ങി. അത്യപാരമായ ഗ്രാവിറ്റി അവയെ കൂടുതൽ കൂടുതൽ കേന്ദ്രീകൃതമാക്കി, താപനില കോടിക്കണക്കിന് ഡിഗ്രിയായി ഉയർന്നു. അതോടെ അവയിലെ ഹൈഡ്രജൻ രൂപം മാറി ഹീലിയം എന്ന കനം കൂടിയ മൂലകമാവുന്ന ഫ്യൂഷൻ എന്ന പ്രക്രിയയും ആരംഭിച്ചു. അതിഭീകരമായ അളവിലുള്ള ഊർജ്ജത്തെ അത് സ്വതന്ത്രമാക്കാൻ തുടങ്ങി. അതായിരുന്നു ആദ്യ നക്ഷത്രത്തിന്റെ ജനനം. പിന്നീട് കൊടാനുകോടി പ്രകാശവർഷങ്ങൾ പരന്ന ഈ പ്രപഞ്ചത്തിൽ ഓരോരോ നക്ഷത്രങ്ങളായി ഇതേ തത്വത്താൽ പിറവിയെടുക്കാൻ തുടങ്ങി. അങ്ങിനെ കോടാനുകോടി നക്ഷത്രങ്ങൾ ചേർന്ന ഗ്യാലക്സികളും നിരവധിയായി പിറവി എടുത്തു. ഇതൊക്കെ ആവിർഭവിച്ചത് കേവലം സമയമോ കാലമോ പദാർത്ഥമോ ഇല്ലാത്ത പരിപൂർണ്ണമായ ശൂന്യതയിൽ നിന്ന്. കാരണം അജ്ഞാതം. ഇവിടെ സംഭവിച്ചത് പൊടിപടല വാതക സൂക്ഷ്മകണങ്ങൾ ചെർന്നാടിയ വന്യമായ പ്രപഞ്ചനൃത്തം തന്നെയായിരുന്നു. പക്ഷെ ഇത്തരത്തിൽ അതിസങ്കീർണമായ ഒരു പ്രപഞ്ചം ഉണ്ടായതിന്റെ മൂലകാരണം എക്കാലവും ഒരു പ്രഹേളികയായി അവശേഷിക്കും. അതുകൊണ്ടാണ് ആദ്യം പറഞ്ഞത് പഠിക്കും തോറും നിഗൂഡമാവുന്ന ഒരു ഘടകം ഇപ്പോഴും പിടി തരാതെ പ്രപഞ്ചത്തിലും ജീവിതത്തിലും അവശേഷിക്കുന്നതായി.

ഈ വിശദമാക്കിയ അതിസങ്കീർണ പ്രപഞ്ചത്തിന്റെ ഒരു സൂക്ഷ്മമായ ജൈവ പകർപ്പ് തന്നെയാണ് ശരീരവും ജീവനും ചേർന്ന എല്ലാ ജീവികളും. ശരീരത്തെ പഠിക്കുവാൻ സാധിക്കുന്നു, ശരീരിയെ സാധിക്കുന്നില്ല. പ്രപഞ്ചത്തെ പഠിക്കുവാൻ ഒട്ടൊക്കെ സാധിക്കുന്നു. പക്ഷെ പ്രാപഞ്ചികതയെ സാധിക്കുന്നില്ല. ഒരു അടുക്കും ചിട്ടയുമില്ലാതെ പ്രാപഞ്ചിക അപാരതകളിൽ സംഭവിക്കുന്ന മഹാപ്രതിഭാസങ്ങൾ ജീവിതത്തിൽ വ്യത്യസ്തമായ മറ്റൊരു മാനത്തിൽ സംഭവിക്കുന്നു. യാഥാർത്ഥ്യബോധത്തോടെ നോക്കിക്കാണുന്നത് ബുദ്ധിയുടെ സൗന്ദര്യമാണ്, ആത്യന്തികമായി.

You might also like

Most Viewed