ജൈവജനാധിപത്യത്തിന്റെ ഓർക്കാപ്പുറങ്ങൾ
നാളത്തെ ഭരണയന്ത്രം ആർ ചലിപ്പിക്കണം എന്നതിൽ ജനങ്ങൾ തീർപ്പ് കൽപ്പിക്കുന്ന നടപടിക്രമം നാടിനാകെ ഊർജ്ജം പകരുന്ന മുഹൂർത്തമാണിത്. ഇതിനിടയിൽ കേരളീയരുടെ ദേശബോധത്തെ ഉദ്ദീപിപ്പിച്ച ചില പരാമർശങ്ങളും ഉണ്ടായി. ആ പരാമർശത്തിന്റെയും അത് ഉണ്ടാക്കിയ കോലാഹലങ്ങളുടെയും നൈതികതയിലേയ്ക്കോ വ്യാഖ്യാനങ്ങളിലേയ്ക്കോ പോകാൻ ഇവിടെ ഉദ്ദേശിക്കുന്നില്ല.കാരണം എല്ലാവരും ലോകത്തെ കാണുന്നത് അവരവരുടെ കണ്ണുകളിലൂടെയാണ്. എന്നാൽ ഭാരതമെന്ന് കേട്ടാലഭിമാന പൂരിതമാകണമന്തരംഗം, കേരളമെന്ന് കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരന്പുകളിൽ എന്ന മഹാകവിയുടെ ആപ്തവാക്യമൊന്നും നമ്മുടെ മനസ്സിൽ ദേശബോധമോ അഭിമാനമോ ഉണ്ടാക്കുകയോ ആരുടെയും ചോരയെ തിളപ്പിക്കുകയോ ചെയ്യാത്ത സാഹചര്യത്തിൽ ഈ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തപ്പെട്ട ചില അഭിപ്രായ പ്രകടനങ്ങൾ തണുത്തുറഞ്ഞ് പോയ ചോരയെ ഒന്ന് തിളപ്പിക്കാൻ പര്യാപ്തമായി. തണുത്തുറയുന്നതിന് മുന്പുതന്നെ ആ ചൂടിനെ ക്രിയാത്മകമായ തലങ്ങളിൽ ഊർജ്ജം പകരാൻ ഉപയോഗിച്ചാൽ ബുദ്ധിയായിരിക്കും.
ഇതെഴുതുന്പോൾ മനസ്സിൽ നിറയുന്നത് രണ്ടാമത്തെ പ്രാവശ്യം ഇക്കഴിഞ്ഞ ദിവസം രണ്ട് കുട്ടികൾക്ക് ജന്മം കൊടുത്തിട്ടും ഒന്നിനെപ്പോലും വളർത്താൻ ഭാഗ്യം ലഭിക്കാതെ പോയ പാവപ്പെട്ട ആദിവാസി വിഭാഗത്തിൽപ്പെട്ട സുമതി എന്ന യുവതിയുടെ ദുർവിധിയാണ്. സൊമാലിയയല്ല കേരളമെന്നു സമർധിക്കാൻ എല്ലാ മലയാളിക്കും അവകാശമുണ്ട്. എന്നാൽ അതിന് വേണ്ടി ഉപയോഗിക്കുന്ന ഊർജ്ജത്തിന്റെ ഒരു പങ്ക് ഇതുപോലെയുള്ള പാവങ്ങളുടെ ഉന്നമനത്തിനായിക്കൂടി ഉപയോഗിക്കണം. പൊള്ളയായ വാക്കുകൾ ശക്തിയോടെ പറഞ്ഞുള്ള വോട്ടു തേടൽ മാത്രമാകരുത് നമ്മുടെ ലക്ഷ്യം. സോമാലിയയോട് താരതമ്യം ചെയ്യാനുള്ള സാഹചര്യം എവിടെയെങ്കിലും ഉണ്ടോ എന്ന് യഥാർത്ഥത്തിൽ വിലയിരുത്തി അത് പരിഹരിക്കാൻ ശ്രമിച്ച് വിജയം വരിച്ചിട്ട് ചങ്കുറപ്പൊടെ അത്തരം വിമർശനങ്ങളെ നേരിടണം, അതാണന്തസ്സ്.
കൊട്ടിക്കലാശം എന്ന പേരിൽ ഇക്കാലത്ത് കാട്ടിക്കൂട്ടുന്നത് തികച്ചും അനാവശ്യമായ ആർഭാടമാണ്. അത് ജനങ്ങൾക്കുണ്ടാക്കുന്ന ബുദ്ധിമുട്ടും അതിന്റെ വ്യർധതയുമെല്ലാം കണക്കിലെടുത്താണ് അത് ഉപേക്ഷിക്കാനുള്ള തീരുമാനം ചിന്തിക്കുന്ന ചിലർ നടപ്പാക്കിയത്. മലപ്പുറംകാർ അങ്ങിനെ ചെയ്തു എന്ന് കേൾക്കുന്നു. അങ്ങിനെയെങ്കിൽ അവരതിൽ പ്രത്യേകമായ അഭിനന്ദനം അർഹിക്കുന്നു. മലയാളിയുടെ ബൗദ്ധിക മനസ്സിനെയും ജനാധിപത്യ അവബോധത്തെയും ചോദ്യം ചെയ്യുന്ന ഈ തുള്ളിക്കളി കണ്ട് ഒരു വോട്ടെങ്കിലും മാറിമറിയുമോ? സമ്മതിദാനാവകാശം ആർക്ക് വേണ്ടി വിനിയോഗിക്കണമെന്ന് യുക്തമായ തീരുമാനമെടുക്കാൻ ഏതെങ്കിലും കേരളീയന് ഇതൊരു മാനദണ്ധമാണോ? ഇതിനൊക്കെ വേണ്ടി ചിലവാകുന്ന പണം ഉപയോഗിച്ച് ഏത് അധസ്ഥിത വിഭാഗമാണോ സോമാലിയക്കാരോട് ഉപമിക്കപ്പെട്ടത് അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും, അങ്ങിനെ ഉപമിച്ചത് തെറ്റായെങ്കിൽ അതിനു ഇത്തരത്തിൽ പകരം വീട്ടാനും ഉള്ള പ്രബുദ്ധത ഒരു രാഷ്ട്രീയ വിഭാഗങ്ങളും കാട്ടുന്നില്ല എന്നത് ദയനീയവും അധാർമികവുമാണ്. ഈ പാവപ്പെട്ടവരുടെ ജീവിതത്തെ െവച്ച് വാചകക്കസർത്ത് ചെയ്യുന്ന എല്ലാ വിഭാഗക്കാർക്കും ഇത് കേവലം ഒരു വോട്ടുതന്ത്രം മാത്രം.
ആലങ്കാരികമായ വാക്കുകളിലൂടെ ഉത്തരം പറയുവാനും, വാദിച്ചു ജയിക്കുവാനും പലർക്കും കഴിയും, എന്നാൽ പ്രവൃത്തിയിലൂടെ കൊടുക്കുന്ന ഉത്തരം ചരിത്രത്തിന്റെ ഭാഗമാകും. സാധാരണ വോട്ടിംഗ് കാലഘട്ടത്തിൽ ജനങ്ങൾ രാജാക്കന്മാരും അതിനുശേഷം അവർ കറിവേപ്പിലകളും ആകുന്ന ഒരു പ്രവർത്തന ശൈലിയാണ് ജനാധിപത്യ പ്രക്രിയയുടെ വില കുറയ്ക്കുന്നത്. കക്ഷി രാഷ്ട്രീയത്തിനതീതമായി സ്ഥാനാർത്ഥികളുടെ വ്യക്തിപരമായ മേന്മയും രാഷ്ട്ര നിർമാണത്തിന്റെ സമഗ്ര തലങ്ങളെയും സംബന്ധിച്ച് അവർക്കുള്ള കാഴ്ചപ്പാടും അവർ മുന്നോട്ടു വെയ്ക്കുന്ന ആശയങ്ങളും അതിലുള്ള പ്രതിബദ്ധതയും കണക്കിലെടുത്ത് മാത്രം തങ്ങളുടെ പ്രതിനിധികളെ തിരഞ്ഞെടുക്കുന്ന ഒരു ശൈലി അനുവർത്തിക്കാനുള്ള ഔചിത്യം കാണിക്കുന്ന ജനത മാത്രമേ ഇന്ന് നമ്മുടെ നാട്ടിൽ നടപ്പാവുന്ന ജനാധിപത്യ രീതിക്ക് ഭൂഷണമാവുകയുള്ളൂ. പാർട്ടികളുടെയോ സഖ്യങ്ങളുടെയോ പേരിൽ അന്ധമായി ചെയ്യപ്പെടുന്ന വൊട്ട് പാർട്ടികളുടെ മുഷ്ക്ക് കൂട്ടാനും ജനാധിപത്യ പ്രക്രിയയെ ദുർബലപ്പെടുത്താനും മാത്രമേ ഇടയാക്കുകയുള്ളൂ. ജനപ്രതിനിധികളെ ഒരിക്കൽ തിരഞ്ഞെടുത്തുകഴിഞ്ഞാൽ അഞ്ച് വർഷത്തേയ്ക്ക് പിന്നീട് തിരിച്ചു വിളിക്കാനുള്ള വ്യവസ്ഥയില്ലാത്തതിനാൽ പാർട്ടി, സഖ്യ പരിഗണനകൾ മാത്രം െവച്ച് അന്ധമായി ചെയ്യപ്പെടുന്ന വോട്ട് സാധാരണ ജനങ്ങൾ വഞ്ചിക്കപ്പെടാനും അഴിമതി നിർബാധം നടക്കുവാനും ഇട നൽകുന്നു എന്നത് തിരിച്ചറിയപ്പെടണം. ശ്രദ്ധാപൂർവ്വം രാഷ്ട്ര രൂപീകരണത്തിൽ ഭാഗം വഹിക്കുന്നവരാവണം നമ്മൾ ഓരോരുത്തരും. ജനങ്ങളുടെ ആശയാഭിലാഷങ്ങളെ യഥാർത്ഥമായി പ്രതിനിധീകരിക്കുന്നവനാകണം ജനപ്രതിനിധി, ആത്യന്തികമായി. മറവിയുടെ തുരുത്തിൽ അഭയം തേടുന്ന വാക്കുകളല്ല സത്യത്തിന്റെ അഗാധതയിൽ നിന്ന് പുറപ്പെടുന്ന വാക്കുകളുമായി ജനങ്ങളെ അഭിമുഖീകരിക്കുന്നവർ ആരായാലും ഏത് രാഷ്ട്രീയമായാലും അവർ നാടിന്റെ സാരഥികളാവട്ടെ എന്ന് തിരഞ്ഞെടുപ്പിന്റെ ഈ അവസരത്തിൽ ആഗ്രഹിച്ചുകൊള്ളട്ടെ.