കേരളീയ ജീവിതങ്ങളിലെ വൈകാരിക മാനം


ഏതു തരത്തിലുള്ള വിഭാഗീയ കാഴ്ചപ്പാടുകളോടും ഒരേ അകലം പാലിക്കുന്നതിൽ വിശ്വസിക്കുന്ന വ്യക്തിയാണ് ഞാൻ. സാമൂഹ്യവും മത വർഗ ഭാഷാപരവുമായ എല്ലാറ്റിനോടും. എന്നാൽ ഈ പട്ടികയിൽ ദേശീയത പെടുന്നില്ല എന്നുകൂടി വ്യക്തമാക്കുന്നു. ദേശീയതയിലുള്ള വിശ്വാസം മാനവരാശിക്ക് പൊതുവെയുള്ളതാണ്. അത് ആരോഗ്യകരമായ ഒരു പൊതുധാരയാണ്. എന്നാൽ പ്രാദേശികത എന്ന വികാരം ഒരളവു വരെ നല്ലതും അതിനുമപ്പുറം വിഭാഗീയവുമാണ്. അതിനെ നിയന്ത്രിതമായ അളവിൽ മാത്രമേ ഉൾക്കൊള്ളാനാവൂ. ഗൗരവകരമായ ആത്മവിമർശനം നടത്തുന്പോൾ പ്രാദേശിക ബോധമെന്ന വിലങ്ങുതടി മാറ്റിയെ മതിയാവൂ.

മലയാളി എന്ന നിലയിലുള്ള നമ്മുടെ സ്വത്വം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റി ഇതേ പംക്തിയിൽ മുന്പ് പരാമർശിച്ചതാണ്. ഭാഷയുടെ ജൈവമായ ഒരുമിപ്പിക്കലിനെപ്പറ്റി ചർച്ച ചെയ്തതാണ്. മലയാളത്തനിമ എന്ന സങ്കൽപ്പത്തിലെ സാംസ്ക്കാരിക ബിംബങ്ങളും ഏറെ ചർച്ച ചെയ്യപ്പെട്ടവ തന്നെ. രാഷ്ട്രത്തിന്റെയും ലോകത്തിന്റെ തന്നെയും ഭാഗധേയത്തിൽ മലയാളികൾ വഹിച്ച പങ്ക് അന്തസോടെ തന്നെ ഓർക്കുന്നു നമ്മൾ.

ലോകത്തിന്റെ ഏതാണ്ട് എല്ലാ കോണുകളിലും തങ്ങളുടെ സാന്നിധ്യം കൊണ്ട് അനുഗ്രഹീതമാണ് മലയാളി സമൂഹം. സാമൂഹ്യമായും വിദ്യാഭ്യാസ പരമായും ബുദ്ധിപരമായും ഏറെ മുന്പിൽ നിൽക്കുന്നു നമ്മൾ. വൈജ്ഞാനിക മണ്ധലത്തിന്റെ ഏതാണ്ട് എല്ലാ തലങ്ങളിലും നമുക്ക് സ്ഥാനം ഉറപ്പിക്കാൻ സാധിച്ചിട്ടുണ്ട്. നിരവധി കർമ്മണ്ധലങ്ങളിലും പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്. ഇതൊക്കെ മലയാളി സമൂഹം പരസ്പരം പങ്കുവെയ്ക്കുന്നു. എന്നാൽ ആത്മവിമർശനം അത്യാവശ്യമായ ഘട്ടങ്ങളിൽ ഇതൊന്നും നമ്മെ അതിൽനിന്ന് പിന്തിരിപ്പിക്കരുത്. അന്തസ്സാർന്ന ആത്മബോധത്തോടൊപ്പം ആത്മവിമർശനവും ജീവസ്സായ ഒരു സമൂഹത്തിന് കൂടിയെ കഴിയൂ. വിദേശങ്ങളിൽ വിജയക്കൊടി പാറിച്ച സമൂഹം എന്തുകൊണ്ട് അവിടങ്ങളിൽ പലയിടത്തും കാണുന്ന അനുകരണീയമായ നന്മകളെയും കാഴ്ചപ്പാടുകളെയും സ്വാംശീകരിച്ച് സ്വന്തം നാട്ടിൽ പ്രാവർത്തികമാക്കുന്നില്ല? യൂറോപ്പിൽ എല്ലായിടത്തും മലയാളിയുണ്ട്, അവിടെ ജനങ്ങൾ മറ്റുള്ളവരോടും പൊതുസംവിധാനങ്ങളോടും കാണിക്കുന്ന ആദരവ് പക്ഷെ നാം പഠിക്കുന്നില്ല. പൊതുഗതാഗത സംവിധാനങ്ങൾ, പൊതു സ്ഥാപനങ്ങൾ എന്നിവയടക്കം എല്ലാറ്റിനോടും അവർ പുലർത്തുന്ന ശ്രദ്ധയും പരിഗണനയും കണ്ടു മനസിലാക്കിയ മലയാളി സ്വന്തം നാട്ടിൽ അത് വേണ്ട പോലെ പകർത്തുന്നില്ല എന്നത് ദുഃഖസത്യമാണ്. സമൂഹത്തിലെ എല്ലാ വ്യക്തികളും ഇതൊന്നും കണ്ടവരല്ല. അവർ ചെയ്യുന്നില്ല എന്നത് അവനവൻ ചെയ്യാതിരിക്കുന്നതിനു മതിയായ ഒരു കാരണമല്ല. സ്വന്തം വീടും സ്വീകരണ മുറികളും മാത്രം വൃത്തിയായാൽ മതി, തെരുവിൽ എന്ത് വൃത്തികേടും നിക്ഷേപിക്കാം എന്ന അലക്ഷ്യത ഇന്നും നമ്മുടെ മുഖമുദ്രയായിരിക്കുന്നത് ഗതികേടാണ്. വിദേശ നഗരങ്ങൾ പച്ചപ്പുകളെ അവയുടെ ഭാഗമാക്കിയപ്പോൾ നഗരമുണ്ടാക്കാൻ നാം അവയെ വെട്ടിയരിഞ്ഞു. ഇങ്ങനെ വിമർശിക്കുന്നത് വ്യത്യസ്തമായ ഒരു തുടക്കം ഏതിനും ഉണ്ടായേ പറ്റൂ എന്നതിനാലാണ്, അത് നമ്മിൽ നിന്നുമാവാം. അതിലൂടെ വ്യാപകമായ ബോധവൽക്കരണം പിന്നീടുണ്ടാകും.

ഇതിലും സുപ്രധാനമായ അടുത്ത വിഷയം ഇക്കാലത്ത് ഹൃദയങ്ങൾ അന്യവൽക്കരിക്കുന്ന സഹാനുഭൂതി, സഹജബോധം എന്നിവയാണ്. മറ്റുള്ളവരുടെ ദൈന്യതയിലും സെൽഫിയെടുത്ത് ആനന്ദിക്കുന്ന മലയാളി സാംസ്ക്കാരികമായി വളരുന്നോ അതോ വരളുന്നോ? നടുറോഡിൽ ആരും രക്ഷിക്കുവാനില്ലാതെ ചോര വാർന്ന് പിടഞ്ഞു പൊലിയുന്ന എത്രയോ ജീവനുകൾ ആരുടെ കണക്കിൽ എഴുതും? മൃഗകാമനകൾ ശമിപ്പിച്ചിട്ട് ഇരയുടെ ആന്തരാവയവങ്ങൾ പോലും പിച്ചിച്ചീന്തുന്ന അധമജന്മങ്ങൾ എങ്ങിനെ ഇവിടെ പിറവിയെടുക്കാൻ തുടങ്ങി? രക്തബന്ധങ്ങളുടെ ആഴങ്ങളിൽപ്പോലും മാംസതൃഷ്ണയുടെ കാളകൂടവിഷം കലക്കാൻ ഈ നാട്ടിൽ ജനിച്ചവന് എങ്ങിനെ കഴിയുന്നു? ഇതൊക്കെ നാമിന്ന് ആലോചിക്കാതെ മലയാളി മഹത്വത്തെപ്പറ്റി കാവ്യങ്ങളെഴുതുന്നത് അർത്ഥശൂന്യമാണ്. 

പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി പറഞ്ഞ വൈകാരിക മാനം (ഇമോഷണൽ കൊഷ്യന്റ്) ഇവിടെ പ്രസക്തം തന്നെയാണ്. ആവശ്യമുള്ള അവസരത്തിൽ ഉചിതമായി പെരുമാറാതെയിരിക്കുക എന്നതാണ് ഇതിന്റെ ശരിയല്ലാത്ത അനുപാതം കൊണ്ട് സംഭവിക്കുന്നത്. ചിലപ്പോൾ അമിതമായി പ്രതികരിക്കുക, ചിലപ്പോൾ ക്രിയാത്മകമായ പ്രതികരണമേ ഉണ്ടാവാതിരിക്കുക എന്നത് നമ്മുടെ സമൂഹത്തിനു വന്ന ഒരു രോഗാവസ്ഥയാണ്. അത് തിരിച്ചറിയപ്പെടണം. എങ്കിലെ അപദാനങ്ങൾ പാടുന്പോൾ വെറും പൊങ്ങച്ചം പറച്ചിലാവാതിരിക്കൂ.

അവനവന്റെ ശക്തിയെ തിരിച്ചറിഞ്ഞുകൊണ്ട് ആത്മവിമർശനം നടത്തുന്നത് സ്വയം നവീകരിക്കാനാണ്. മറ്റുള്ളവരെ വിമർശിക്കുക എന്നത് ആർക്കും എളുപ്പം ചെയ്യാവുന്ന കാര്യമാണ്. എന്നാൽ വിമർശിക്കുന്നവർ അത് സ്വന്തം ജീവിതത്തിൽ പ്രായോഗികമാക്കി കാട്ടാനുള്ള ധാർമിക ബാധ്യതയുള്ളവരാണ്. ഈ അർത്ഥത്തിൽ നോക്കിയാൽ ശ്രീ. കൊച്ചൗസേപ്പിനു കേരളസമൂഹത്തെ വിമർശനാത്മകമായി നോക്കിക്കാണാനുള്ള എല്ലാ ധാർമികമായ അധികാരവുമുണ്ട്. പൂർണാരോഗ്യത്തിൽ പ്രവർത്തിക്കുന്ന തന്റെ ശരീരം കീറിമുറിച്ച് ഒരു വൃക്ക പറിച്ചെടുത്ത് സഹജീവിയുടെ ജീവൻ പരിരക്ഷിക്കുവാനായി നൽകുക എന്നത് എത്രപേർക്ക് ചെയ്യാനാവും? ആരെങ്കിലും ഇതിനു മുന്പ് ചെയ്തിട്ടുണ്ടോ? ഹിമാലയത്തോളം ഉയർന്നു നിൽക്കുന്ന നന്മയെ ഒരു മൺകൂനപോലെ ചെറുതാക്കി കാണാനുള്ള മനോഭാവം ഉപേക്ഷിച്ചു സത്യത്തെ സത്യം തന്നെയായി ഉൾക്കൊള്ളുന്ന മലയാള മനസുകൾക്ക് ഈ ചിന്ത സമർപ്പിക്കുന്നു.

 

You might also like

Most Viewed