നിയോഗത്തിന്റെ സർഗ്ഗ വഴികൾ


കഴിഞ്ഞ ദിവസം മുറപ്പെണ്ണ് എന്ന ചിത്രത്തിന് അന്പത് വയസ്സായെയെന്ന് അറിയാനിടയായി. അതായത് എം.ടിയുടെ സിനിമാ പ്രവേശനത്തിന് അന്പത് വർഷം തികയുന്നു. സ്വാഭാവികമായും എന്റെ ചിന്തകൾ ഒരോരോ ജീവിതങ്ങളുടെ ഓരോ നിയോഗങ്ങളെപ്പറ്റി ആയിരുന്നു. മഹാന്മാർ പിറവിയെടുത്തത് ജീവിതത്തിൽ ഓരോ നിയോഗങ്ങളുമായാണ്. അതിന് വേണ്ട സാഹചര്യങ്ങൾ അവരുടെ ജീവിതത്തിൽ ഉരുത്തിരിഞ്ഞു വരും. അത് പ്രകൃതി നിയമമാണ്. ഗാന്ധിജി മഹാത്മാവായിത്തീരാനുള്ള അവസരങ്ങൾ സ്വാഭാവികമായി അദ്ദേഹത്തിന്റെ നിയോഗമായി ഉരുത്തിരിഞ്ഞതാണ്, കൃത്രിമമായി ഉണ്ടാക്കിയതല്ല.

എം.ടി ജീവിച്ച തറവാടും ഉൾക്കൊണ്ട ജീവിതവും അദ്ദേഹത്തിന് സമ്മാനിച്ച അനുഭവങ്ങൾ വലിയ നിറപ്പകിട്ടൊന്നും ഇല്ലാത്ത യഥാർത്ഥ ജീവിതത്തിന്റെ നേർക്കാഴ്ച തന്നെയായിരുന്നു. അത്തരം പച്ചയായ ജീവിതത്തിന്റെ അന്തർധാരയെ ഇതര മനസ്സുകളുടെയും വൈകാരിക അനുഭവമാക്കി മാറ്റുന്ന ആ മാന്ത്രിക പ്രതിഭ ഒരു കാലഘട്ടത്തിന്റെ പുണ്യമാണ്. കേവലമൊരു തറവാടിന്റെ അകത്തളങ്ങളിലെ ഇരുട്ടിൽ ഒടുങ്ങിപ്പോകുമായിരുന്ന യഥാർത്ഥ ജീവിതങ്ങളെ സ്വതസിദ്ധവും അനർഗളവുമായ ഭാഷാനൈപുണ്യത്തിലൂടെ അദ്ദേഹം അനശ്വരരാക്കി. അത്തരം മനുഷ്യരുടെ വൈകാരികമായ പകർപ്പ് സൃഷ്ടിക്കുവാനുള്ള അദ്ദേഹത്തിന്റെ ഉൾക്കാഴ്ചയും അതിനുവേണ്ടി ഉപയോഗിച്ച വാങ്ങ്മയവും എല്ലാം ഒരു ഭാഷാസംസ്കൃതിയുടെ പുണ്യമായിരുന്നു. അദ്ദേഹത്തിന്റെ കഥാപാത്രങ്ങളിൽ നാം നമ്മെത്തന്നെ കണ്ടുമുട്ടി. അവരുടെ വികാര വിചാരങ്ങളും ദൈന്യതകളും ആകുലതകളും നമ്മുടെതന്നെയായിരുന്നു. അവരിലൂടെ അവർ അനുഭവിച്ച ജീവിത സമസ്യകളിലൂടെ, വൈകാരിക മുഹൂർത്തങ്ങളിലൂടെ നമ്മിൽ ഉണർത്തപ്പെട്ട തന്മയീഭാവം നമ്മുടെ ഉള്ളിലെ മാനവികതയോടാണ് സംസാരിച്ചത്. നിരവധിയായ എം.ടി സിനിമകളിലൂടെ പുസ്തക വായനക്കാരല്ലാത്തവർ പോലും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ കണ്ടുമുട്ടുകയും അവരുടെ വികാരവിചാരങ്ങൾ പങ്കുവെയ്ക്കുകയും ചെയ്തു, അങ്ങിനെ അനുഭവിപ്പിക്കാനുള്ള ആ എം.ടി സ്പർശം അദ്വിതീയമാണ്. അതുപോലെയൊരു പ്രതിഭ നമുക്കുണ്ടായിരുന്നില്ലെങ്കിൽ നമ്മുടെ അനുഭവമണ്ധലത്തിന് ഉണ്ടാവുമായിരുന്ന കുറവ് എത്രയാകുമായിരുന്നു എന്ന് ചിന്തിക്കുന്പോഴാണ് അത് കൂടുതൽ ബോധ്യപ്പെടുന്നത്.

ഇത്തരം ചിന്തകളിൽ മുഴുകിയിരുന്നപ്പോഴാണ് ശ്രീ.എം. മുകുന്ദനെ ബഹ്റിൻ കേരളീയ സമാജത്തിന്റെ വേദിയിൽ കാണാനിടയായത്.ഹൈസ്കൂൾ കാലഘട്ടം മുതൽ അദ്ദേഹത്തിന്റെ ദാസനെയും ചന്ദ്രികയെയും കുറന്പിയമ്മയേയുമൊക്കെ ആത്മാവിന്റെ ഭാഗമാക്കിയ ഒരു വ്യക്തി എന്ന നിലയിൽ ആ സന്ദർഭം എനിക്ക് മുകളിലെ ചിന്തയുടെ നൈരന്തര്യം പകർന്നുതന്നു. മുകുന്ദനും ഒ.വി വിജയനും എം.ടിയുമൊക്കെ ഒരു മയ്യഴിയേയും ഒരു തസ്രാക്കിനേയും ഒരു കൂടല്ലൂരിനേയും അവിടങ്ങളിൽ ഒരു കാലഘട്ടത്തിൽ സവിശേഷമായി നെയ്യപ്പെട്ട ജീവിതത്തിന്റെ ഊടും പാവും സഹിതം കാട്ടിത്തന്നു.വിശാലമായ ഒരു ജനവിഭാഗത്തിന്റെ സംവേദനത്തിനായി മഹത്തായ സർഗ പ്രക്രിയയെ പ്രാദേശികതയുടെ മതിൽക്കെട്ടുകൾക്കപ്പുറം കടന്ന് അനുഭവിപ്പിച്ച ഇവരുടെയൊക്കെ പ്രതിഭാവിലാസം കാലഘട്ടത്തിന്റെ നിയോഗമായിരുന്നു. ഇവർ ജന്മം കൊടുത്ത കൂമൻകാവും രവിയും മൈമുനയും അള്ളാപ്പിച്ചാമൊല്ലാക്കയും അപ്പുണ്ണിയും ഗോവിന്ദൻകുട്ടിയും, ചോയിയും, ഗസ്ദൊൻ സായ്−വും നമ്മുടെ ഭാവനയിൽ ജീവിച്ചില്ലായിരുന്നെങ്കിൽ അത് നമ്മെ അനുഭവ പരിമിതരാക്കുമായിരുന്നു. അവരെയറിയുന്നവർ അവരെ നമുക്ക് പരിചയപ്പെടുത്തിയവരുടെ സാംസ്ക്കാരിക നിയോഗത്തെയും തിരിച്ചറിയും.

നാമത് തിരിച്ചറിയുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു ശ്രീ. മുകുന്ദന്റെ ഡൽഹി 1981 എന്ന ചെറുകഥയ്ക്ക് അത് വായിക്കുന്ന വേളയിൽത്തന്നെ ഏതാനും കലാകാരന്മാർ ഒരുക്കിയ ചിത്രാവിഷ്ക്കാരം. ക്രാന്തദർശിത്വത്തിന്റെ സ്വഭാവമുള്ള ആ കഥയെ അതിന്റെ സൂക്ഷ്മാംശങ്ങൾ പോലും വിട്ടുകളയാതെ അവർ വരകളിലും വർണ്ണങ്ങളിലും ആവിഷ്ക്കരിക്കുന്ന പാടവം വളരെ ഹൃദ്യവും അതേസമയം ചടുലവുമായി അനുഭവപ്പെട്ടു. ഈ എഴുത്തുകാരുടെ സാംസ്ക്കാരിക ലോകത്തെ സാന്നിദ്ധ്യം എത്രകണ്ട് സമൂഹത്തിന് ഒരു ചാലകശക്തിയാവുന്നു എന്നതിന് ദീപ്തമായ ഒരു ഉദാഹരണമായി അത്. സർഗാത്മകതയുടെ വിവിധ തോതിലുള്ള വെളിച്ചം പകർന്നു തന്ന എത്രയോ അദ്വിതീയ വ്യക്തിത്വങ്ങളെ ഇക്കൂടെ ഓർക്കാനുണ്ട്.അവരിലേ്ക്ക് ഇത് വിശദമാക്കാൻ പോയാൽ വളരെ നീണ്ടുപോകും. 

മനുഷ്യന്റെ ജീവിതത്തിന് വൈകാരിക സമാനതകളുണ്ട്. ആ സമാനതയെ അനുഭവിപ്പിക്കുന്നതാണ് ആത്യന്തികമായി എഴുത്തുകാരന്റെ ലക്ഷ്യം. ഈ സമാനതകൾ ഇവർ സൃഷ്ടിച്ച അനശ്വര കഥാപാത്രങ്ങളിലൂടെയും അവർ ജീവിച്ച അന്തരീക്ഷതിലൂടെയും മറ്റുള്ളവരുടെ അനുഭവത്തിന്റെ ഭാഗമാകുന്പോൾ ആ അനുഭവസമന്വയത്തിലൂടെ കഥാർസിസ് എന്ന വികാര വിമലീകരണം അറിയാതെതന്നെ സംഭവിക്കുന്നുണ്ട്. അതിന്റെ വ്യത്യസ്തമായൊരു ഭാവനാത്മക പ്രതികരണമായിരുന്നു സ്വന്തം കഥാപാത്രങ്ങളാൽ ചോദ്യം ചെയ്യപ്പെട്ട് ഒടുവിൽ സ്വത്വപ്രതിസന്ധിയിൽ എത്തിച്ചേരുന്ന എം. മുകുന്ദനെന്ന എഴുത്തുകാരനെ ശ്രീ ഇ.എം അഷ്റഫ് ബൊൻഴൂ മയ്യഴി എന്ന ഹ്രസ്വ ചിത്രത്തിലൂടെ അവതരിപ്പിച്ചത്. ഇതുതന്നെയാണ് ഒരു സമൂഹത്തിന്റെ സ്വത്വം ഉരുത്തിരിഞ്ഞു വരുന്ന സാഹിത്യ സംസ്കൃതിയുടെ ജൈവവഴികൾ. ആ വഴി അന്യവൽക്കരിക്കുന്നവർ മുഖം നഷ്ടപ്പെടുത്തുന്നവരാണ്. ആൾക്കൂട്ടത്തിൽ സ്വയം നഷ്ടപ്പെടുത്തുന്നവർ.

You might also like

Most Viewed