ജനവിധിയും ചില കാഴ്ചപ്പാടുകളും


മാറിവരുന്ന സാമൂഹിക രാഷ്ട്രീയ പ്രശ്നങ്ങളോട് കാലികമായ യുക്തിബോധത്തോടും സ്വന്തമായ കാഴ്ച്ചപ്പാടോടും കൂടെ പ്രതികരിക്കാനുള്ള ലോകപരിചയവും അറിവിന്റെ വ്യാപ്തിയും ഇന്ന് സാധാരണ ജനങ്ങൾക്കിടയിൽപ്പോലും ഉണ്ട്. അതിനൊന്നും അവർക്ക് ആരുടെയും ഉപദേശമോ മാർഗ്ഗനിർദ്ദേശമോ ആവശ്യമില്ല. എന്നിരുന്നാലും ഓരോ ഘട്ടത്തിലും അനുവർത്തിക്കുന്ന സമീപനത്തെ സംബന്ധിച്ച് ഒരു സംവാദം (വിവാദമല്ല) പരസ്പ്പരം നവീകരിക്കാൻ ഉതകും. അതിനുവേണ്ടിത്തന്നെ പറയട്ടെ, നാടിന്റെ ഓരോ നിലയിലും ഓരോ തലത്തിലുമുള്ള സമഗ്രവും കാലാനുസൃതവുമായ പുരോഗതികൊണ്ടേ സംതൃപ്തമായ വ്യക്തിജീവിതവും ആരോഗ്യകരമായ സാമൂഹ്യബന്ധങ്ങളും കെട്ടിപ്പടുക്കാനാവുകയുള്ളൂ. അതുകൊണ്ട് എന്റേതായ വിലയിരുത്തലുകളിൽ പാർട്ടി മുന്നണി പക്ഷപാതിത്വങ്ങളേക്കാൾ ഈയൊരു ധാരണയായിരിക്കും മുന്നിൽ. പക്ഷപാതരഹിതവും നീതിയുക്തവും മറ്റുള്ളവർക്ക് കൂടി ബോധ്യപ്പെടുന്നതുമായ കാഴ്ചപ്പാടിൽ കാര്യങ്ങളെ വിലയിരുത്താൻ ഇത് കൂടിയെ കഴിയൂ. അവസരവാദമായും അഭിപ്രായസ്ഥിരതയില്ലായ്മയായും ദുർവ്യാഖ്യാനം ചെയ്യപ്പെടാമെങ്കിലും യുക്തമെന്ന് തോന്നുന്നത് പറയാതിരിക്കുന്നത് ശരിയല്ലല്ലോ.

തിരഞ്ഞെടുപ്പിന്റെ വാദകോലാഹലങ്ങൾക്കും വെല്ലുവിളികൾക്കും ഒടുവിൽ കേരളത്തിന് ഒരു പുതിയ സർക്കാർ ഉണ്ടായിരിക്കുന്നു. ജനവിധി നാട്ടിൽ നിലനിന്ന വ്യവസ്ഥിതിക്ക് വ്യത്യസ്തത വന്നേ തീരൂ എന്ന വ്യക്തമായ സൂചനയാണ്. അത് മാനിച്ച് ഈ പുതിയ സർക്കാരിനെ ശുഭാപ്തിവിശ്വാസത്തോടെ വരവേൽക്കേണ്ടതാണ്. എങ്കിലും പക്ഷപാതിത്വത്തിന്റെ വൈകല്യമില്ലാത്തവർ പോലും ഏതോ മുൻകാലത്തിന്റെ ഓർമ്മയിൽ വളരെ കരുതലോടെയാണ് പ്രതികരിക്കുന്നത്. വരാൻ പോകുന്ന ഭരണത്തിൽ വിശ്വാസക്കുറവ് പ്രകടിപ്പിക്കുന്ന രാഷ്ട്രീയക്കാർ അല്ലാത്തവർ ഭൂതകാലത്തിന്റെ നീരാളിപ്പിടുത്തത്തിൽ നിന്നും പുറത്ത് കടന്നിട്ട് പുതിയ തുടക്കത്തെ ശുഭാപ്തി വിശ്വാസത്തോടെ സമീപിക്കേണ്ടതാണ്. നാം അധിവസിക്കുന്ന സമൂഹത്തിനായി എന്തെങ്കിലും നല്ലത് ചെയ്യാൻ പുതിയ ഭരണകർത്താക്കൾക്ക് സഹായകരമായ നിലപാട് ജനവിധി മാനിക്കുന്നവർ അനുവർത്തിക്കേണ്ടതുണ്ട്. ആദ്യം സഹകരിക്കുക, പിന്നീട് കാണാം, കേൾക്കാം, നിരീക്ഷിക്കാം. എന്നിട്ട് ആവശ്യമെങ്കിൽ വിമർശിക്കാം. ഇതാവണം ഉത്തരവാദിത്തമുള്ള ഒരു പൗരന്റെ നൈതികത. അന്തമില്ലാത്ത തർക്ക വിതർക്ക കുതർക്കങ്ങളിലൂടെ വൃധാവിലാക്കുന്ന സമയം നമ്മുടെ ജീവിതത്തിന് ഒന്നും നേടിത്തരുന്നില്ല. വിമർശിക്കാൻ തുടങ്ങുന്നതിന് മുൻപ് അവർക്ക് സ്വയം തെളിയിക്കാൻ ഒരു അവസരം കൊടുക്കാതിരിക്കുന്നത് അധാർമികമാണ്. കാലം മാറുന്നു, പുതുതായ തുടക്കങ്ങൾക്ക് ബാല്യമുണ്ട്. ഒത്തൊരുമിച്ചു പ്രവർത്തിക്കാൻ ഒന്ന് ശ്രമിക്കുന്നതിൽ തെറ്റുണ്ടോ? നാടിന്റെ പുരോഗതി മറ്റെന്തിനെക്കാളും മുഖ്യമായി കാണുന്ന ഒരാളെന്ന നിലയിൽ ഈ രീതിയിലെ എനിക്ക് കാര്യങ്ങളെ സമീപിക്കാൻ സാധ്യമാകൂ. മറ്റു നിവൃത്തിയൊന്നും ഇല്ലാത്തതിനാൽ മാത്രം ജനവിധിയെ അംഗീകരിക്കുന്നവർ കക്ഷിരാഷ്ട്രീയത്തിന്റെ വിഴുപ്പുഭാണ്ഡം ചുമക്കുന്നവരാണ്. ജനവിധിയെ അവർ തങ്ങൾക്കു ഹിതകരമായ രീതിയിൽ വ്യാഖ്യാനിക്കും, ദുർവ്യാഖ്യാനിക്കും.

രണ്ട് വർഷം മുൻപ് പുതിയ കേന്ദ്ര ഗവന്മെന്റ് പ്രധാനമന്ത്രി മോഡിയുടെ നേതൃത്വത്തിൽ അധികാരമേറ്റതിന് അടുത്തദിവസം മുതൽ ആ ജനവിധിയെ മാനിക്കാത്തവർ അദ്ദേഹത്തിന് നേരെ സ്ഥാനത്തും അസ്ഥാനത്തും വിമർശനങ്ങളുമായി ഇറങ്ങി.കാന്പുള്ള വിമർശനങ്ങൾ ജനങ്ങൾ മനസ്സിലാക്കും. അർദ്ധശൂന്യവും, പക്ഷപാതപരവും വൈരനിര്യാതന ബുദ്ധിയോടെയുള്ളതുമായ വിമർശനങ്ങളും, ഇടത്തോട്ടോ വലത്തോട്ടോ മുകളിലേയ്ക്കോ താഴേയ്ക്കോ നോക്കിപ്പോയാൽ അതിലൊക്കെ കുറ്റം കണ്ടുപിടിച്ച് ഫോട്ടോഷോപ്പിൽ നാലാംകിടയും അധമവുമായ ചിത്രങ്ങളും പടച്ചുണ്ടാക്കി ആനന്ദിച്ചവർ മോഡിക്കും അദ്ദേഹത്തിന്റെ പാർട്ടിക്കും അണികളെ സൃഷ്ടിക്കാനായി ചില്ലറ സംഭാവനയൊന്നുമല്ല ചെയ്തത്. പ്രധാനമന്ത്രി നാടിന്റെയാണ്, അദ്ദേഹത്തിന്റെ അന്തസ്സ് നാടിന്റേത് കൂടിയാണ് എന്നൊന്നും ചിന്തിക്കാതെ തികഞ്ഞ അനൗചിത്യം പുലർത്തിയ തേജോവധങ്ങൾ ഇക്കാലമൊക്കെ ഉയർന്നത് ബുദ്ധിശൂന്യതയുടെ പരമകാഷ്ടയിൽ നിന്നുമായിരുന്നു. അവ എന്ത് ലക്ഷ്യത്തിന് വേണ്ടിയാണോ പടച്ചുണ്ടാക്കപ്പെട്ടത് അതിന്റെ വിപരീതഫലമാണ് ഉളവാക്കിയതെന്നു സ്പഷ്ടമാണ്.

നാം ജനാധിപത്യത്തിൽ വിശ്വസിക്കുന്നുവെങ്കിൽ അതിന്റെ ആണിക്കല്ലായ ജനവിധിയെ മാനിക്കുകയും അതിന് ക്രിയാത്മക പിന്തുണ ആവശ്യമായ ഘട്ടങ്ങളിൽ കൊടുക്കുകയും വേണം. അല്ലെങ്കിൽ മാറിയും മറിഞ്ഞും ഭരണപക്ഷവും പ്രതിപക്ഷവുമാവുന്നവർ പരസ്പ്പരം എതിർക്കുകയാണ് തങ്ങളുടെ ധർമ്മം എന്ന വിശ്വാസത്തിൽ നാടിന്റെ പുരോഗതിക്ക് പരസ്പ്പരം തുരങ്കം വെച്ചുകൊണ്ടിരിക്കും, പഴയ കുട്ടയിലെ ഞണ്ടുകളെപ്പോലെ! കിട്ടേണ്ടതും അർഹതപ്പെട്ടതുമായ വികസനങ്ങൾ നാടിന് നിഷേധിക്കപ്പെട്ടുകൊണ്ടേയിരിക്കും. ഇത് സാധാരണ ജീവിതങ്ങളെയാണ് ഏറ്റവും ബാധിക്കുക. ഈ അവസ്ഥ മാറണമെങ്കിൽ അതിനുള്ള വിത്ത് വിതയ്ക്കേണ്ടത് മൂല്യബദ്ധമായ രാഷ്ട്രീയം എന്ന സങ്കൽപ്പമുള്ള സാധാരണ ജനങ്ങളുടെ മനസ്സിൽ തന്നെയാണ്.

ക്രിയാത്മകമായ ഒരു പ്രതിപക്ഷം ജനാധിപത്യത്തിന്റെ ആണിക്കല്ലാണ്.  പക്ഷെ അവരുടെ വിശ്വാസ്യത ജനം തിരിച്ചറിയത്തക്കവിധം അവർ പെരുമാറണം. അവരുടെ വിമർശനങ്ങൾ ഏറ്റവും കാലിക പ്രസക്തവും കാന്പുള്ളതുമാണെന്നും രാജ്യത്തിന്റെയും ജനതയുടെയും പൊതു നന്മയെക്കരുതിയുള്ളതുമാണെന്നും തിരിച്ചറിയപ്പെടണം. അവിടെ മാത്രമേ ജനാധിപത്യം എന്ന സങ്കൽപം മഹനീയമാവുകയുള്ളൂ. ഇവിടെ ഏറ്റവും ഉൾക്കൊള്ളപ്പെടാതെ പോകുന്നതും ഈയൊരു സത്യമാണ്.

You might also like

Most Viewed