വെട്ടിത്തിരുത്താതെ കുത്തിയിരുന്നാൽ...


ലോക മാതൃദിനം, മാതാവിനായി ചിലവഴിക്കാൻ അപൂർവമായ നിമിഷങ്ങൾ പോലും കണ്ടെത്താൻ വിഷമിക്കുന്നവരും സ്നേഹത്തിൽ മുക്കിയെടുത്ത മാധുര്യ വാക്കുകളാൽ സ്വന്തം മാതാവിന്റെ മനം നിറച്ചില്ലെങ്കിലും ഫേസ്ബുക്കിന്റെ താളെങ്കിലും നിറക്കുന്ന ആചാര സുദിനം. പുറംപൂച്ചുകളെ നിങ്ങൾക്കെന്റെ വന്ദനം.കാരണം നിങ്ങൾ കേവലം ശരീരമില്ലാത്ത ആത്മാക്കൾ മാത്രമാണ്. ഇന്നത്തെ കാലത്തിന് ഏറെ പ്രിയപ്പെട്ടവരാവുന്നു നിങ്ങൾ. എന്റെ പരിചയത്തിൽ രണ്ടു നല്ല കഴിവുള്ള മക്കളെ വളർത്തി വലുതാക്കിയ എൺപതുകാരിയായ ഒരമ്മയുടെ ദയനീയ രൂപം. അനാരോഗ്യം തളർത്തിയ രൂപക്കൂട്ടിൽ ഒരു നിരാലംബ ജീവൻ. മകന് ജോലിയുടെ ഉത്തരവാദിത്തങ്ങൾ, മകൾക്ക് ഭർതൃ ശുശ്രൂഷയ്ക്കിടെ അമ്മയ്ക്കായി നീക്കി വെക്കാൻ സമയമില്ലത്രേ!! അവൾ ആ ഭർത്താവിനെ നേടുന്നതുവരെ അത്താണിയായിരുന്ന അമ്മ അവൾ കടന്നുപോന്ന പാലത്തിനക്കരെ മാറാലപിടിച്ച ഓർമകൾക്കൊപ്പം താമസമാക്കിയിരുന്നു. തന്മൂലം യുവാവായ ഭർത്താവിനെ വിട്ടിട്ടു നിരാലംബയായ വൃദ്ധമാതാവിനെ പരിചരിക്കുവാൻ അവൾക്കു പറ്റില്ലത്രേ! ആ യുവതിയുടെ ഉള്ളിൽ സ്നേഹമെന്ന വികാരത്തിന്റെ ഉറവയുണ്ട്. പക്ഷെ അതൊഴുകുന്നത് അവളിലേക്ക് മാത്രമാണ്. ഭർത്താവിനോടുള്ള സ്നേഹമെന്ന് അവൾ പറയുന്നത് അയാൾ വഴി അവളുടെ ജീവിതത്തിൽ ഉളവാകുന്ന സുഖസൗകര്യങ്ങളോടുള്ള ആർത്തി മാത്രമാണ്. വൃദ്ധമാതാവിന്റെ നേർക്കൊഴുകാതെ ഭർത്താവിലേക്ക് മാത്രം ഒഴുകുന്നത് സ്നേഹത്തിന്റെ ഉറവല്ല, സ്വാർത്ഥതയുടെ വിഷം കലർന്ന മലിന ജലമാണ്. അവളും സാമൂഹിക മാധ്യമങ്ങളിൽ നീളൻ സ്നേഹവാചകങ്ങൾ കുറിച്ചു, മാതൃത്വത്തിന്റെ മഹനീയതയെപ്പറ്റി, അവൾക്കും ഒരുപാട് ലൈക്കുകൾ കിട്ടി...

അമ്മമാരെയും വെറുതെ വിടാത്ത തരത്തിൽ ഭ്രാന്ത് പിടിച്ചു കഴിഞ്ഞ നാടിന്റെ അന്തക്ഷോഭങ്ങളിലൂടെ, സംഘർഷങ്ങളിലൂടെ നിസ്സഹായരായി നടക്കുന്നു നാമിപ്പോൾ. അമ്മയിലും പെങ്ങളിലും പുത്രിയിലും പോലും ആസക്തിയുടെ പൂർത്തി തേടുന്ന ശാപഗ്രസ്തത നമ്മുടെ നാടിന്റെയല്ല, ലോകത്തിന്റെയല്ല മനുഷ്യകുലത്തിന്റെ പോലുമല്ല, പക്ഷെ കേരളനാട്ടിൽ ഒരു ദിവസത്തെ ഒരു പത്രത്താൾ മുഴുവൻ അതിനാൽ നിറയുന്ന അവസ്ഥയിലെത്തി. ഏഴു വയസ്സുകാരി മുതൽ ഇരുപത്തിയാറുകാരിയിലൂടെ അറുപത്തഞ്ചുകാരിയിലേക്ക് നീളുന്ന മൃഗമനുഷ്യന്റെ പ്രാഗ് വികാരങ്ങളുടെ ഇരതേടൽ വാർത്തകൾ കേരളത്തിന്റെ തുയിലുണർത്തു പാട്ടാണിപ്പോൾ. ഇനി പച്ചയ്ക്ക് മാംസം ഭക്ഷിക്കുന്ന അവസ്ഥ കൂടി എത്തിയാൽ മതി. ഇരയുടെ ശരീരത്തോട് കാണിക്കുന്ന പൈശാചികത അതിലേക്കെത്തുന്നതിന്റെ ഒരു കാൽവെയ്പ്പുമാത്രം പിറകിലാണ്. ഇതിനെപ്പറ്റി എന്തെങ്കിലും എഴുതുക എന്നത് ഇപ്പോൾ അറപ്പുളവാക്കുന്നു. കാരണം ഏതു കൊടും രാക്ഷസീയതയും പിന്നീട് ജോലി ചെയ്യാതെ സുഖജീവിതം നയിക്കാനുള്ള പാസ്പോർട്ട് ആയി മാറുന്ന ഒരു നാട്ടിൽ ഇതിനെതിരെ വാക് പ്രയോഗം നടത്തുന്നതുപോലെ വ്യർത്ഥമായി മറ്റെന്തെങ്കിലും ഉണ്ടോ?

പേടിയുണ്ടെങ്കിൽ ഒരുവനും മുതുപാതിരാത്രിയിൽപ്പോലും അവന്റെ അധമത്വം അന്യയായ ഒരു സ്ത്രീയോട് കാണിക്കാൻ ധൈര്യപ്പെടുകയില്ല എന്നുള്ളതിന് ഗൾഫ് നാടുകളിലെപ്പോലൊരു ഉദാഹരണം ആവശ്യമില്ല. എന്നാൽ പേടി എന്ന ആ വികാരത്തിന്റെ അഭാവത്തിൽ പ്രബുദ്ധൻ എന്ന് മേനി നടിച്ചിരുന്ന മലയാളിയുടെ അവസ്ഥ മൃഗമനുഷ്യന്റെത് എന്ന് പറയുന്പോൾ വിദ്യാഭ്യാസത്തിനു പോലും ശുദ്ധീകരിക്കാനാവാത്ത ആദിമ വാസനയുടെ അതിപ്രസരം മലയാള മണ്ണിനെയും ജീവനുള്ള മലിന വസ്തുക്കളുടെ കേളീരംഗമാക്കിത്തീർക്കുന്നു.

ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന് ചിന്തിച്ചത് മാനവികമായിരുന്നു. എന്നാൽ അങ്ങിനെ ചിന്തിച്ചപ്പോൾ ഉണ്ടായിരുന്ന മനോനിലയല്ല നിരവധിയായ ആധുനിക സങ്കേതങ്ങളാൽ മലിനമാക്കപ്പെട്ടിരിക്കുന്ന ഇന്നത്തെ സമൂഹം കൈയാളുന്നത്. അപകടകരമായ മാനസിക ഘടനയുള്ള കൊടുംക്രിമിനലുകൾ സമൂഹമെന്പാടും കറങ്ങിനടന്ന് ഇരകളെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന കാലത്ത് ആയിരമല്ല ഒരു കുറ്റവാളി പോലും നിയമത്തിന്റെ പിടിയിൽ നിന്നും രക്ഷപ്പെടുന്നത് തികച്ചും ആപൽക്കരമായ സന്ദേശമാണ് സമൂഹത്തിന് നൽകുന്നത്. ഇന്ന് ഈ ദുസ്ഥിതി നമ്മുടെ നാടിനുണ്ടാവാൻ ഏറ്റവും വഴിമരുന്നായത് ഏറെ ചർച്ചാ വിഷയമായ ഗോവിന്ദച്ചാമി എന്ന ക്രിമിനൽ അനുഭവിക്കുന്ന സുഖജീവിതമാണ്. നമ്മുടെ നിയമവ്യവസ്ഥയുടെ പരാജയത്തിന് കൈയും കാലും വെച്ചതാണ് ഗോവിന്ദച്ചാമി.

മറ്റൊരു വാദഗതി ഏവരെയും ആഴത്തിൽ ചിന്തിപ്പിക്കേണ്ടതാണ്. സമൂഹത്തിന്റെ പിന്നാന്പുറങ്ങളിൽ നഷ്ടപ്പെടാൻ ഒന്നുമില്ലാതെ ജീവിക്കുന്നവൻ അവന്റെ പ്രാകൃത ചോദനകളെ നിയന്ത്രണമില്ലാതെ മേയാൻ വിടുന്നതിന് മടിക്കേണ്ടതില്ല, കാരണം അവന് അതിലൂടെ നേടാനെയുള്ളൂ. പരമാവധി ലഭിക്കാവുന്ന ജയിൽ ജീവിതം അവന് സുഖസമൃദ്ധമായ ഭക്ഷണവും സുരക്ഷിതത്വവും നൽകുന്ന അനുഗ്രഹമായി മാറുന്നു. അപ്പോൾ ആരാണ് ഈ ഗതികേടിന് ഉത്തരവാദി? എന്താണതിന്റെ മൂലകാരണം സ്വാതന്ത്ര്യ ലബ്ധിയുടെ ഈ അറുപത്തിയൊന്പതാം വർഷത്തിൽ? മറ്റൊന്നുമല്ല, പുഴുക്കുത്തു നിറഞ്ഞ ഇന്ത്യൻ ജനാധിപത്യം. ശേഷം പറയേണ്ടതില്ലല്ലോ...

You might also like

Most Viewed