വായനയുടെ പാരന്പര്യസരണിയിലൂടെ...


ഇപ്പോൾ പുസ്തകവായനക്ക് വേണ്ടിത്തന്നെ രൂപകൽപ്പന ചെയ്യപ്പെട്ട ചില ഉപകരണങ്ങൾ ലഭ്യമാണ്.അവക്ക് യഥാർഥ പുസ്തകത്തിന്റെ അനുഭവം പ്രദാനം ചെയ്യാൻ സാധിക്കുമെന്ന് പറയപ്പെടുന്നു.എന്നാലും നേരത്തെ പറഞ്ഞ ആ ഗന്ധം എങ്ങിനെ അനുഭവിക്കും? എന്റെ നോട്ടത്തിൽ അതൊരു വലിയ കുറവാണ്. അനവധി പുസ്തകങ്ങള ഒറ്റ ഉപകരണത്തിലൂടെ കൊണ്ടുനടക്കാനാവും എന്ന മേന്മ മറക്കുന്നില്ല. ഓരോ പുസ്തകങ്ങളും ഓരോ അനുഭവങ്ങളാണ്, ഓരോ ലോകമാണ്. അമേരിക്കൻ കവിയായ വാൾട്ട് വിറ്റ്മാൻ തന്റെ പുസ്തകത്തെപ്പറ്റി പറഞ്ഞത് “ഇതൊരു പുസ്തകമല്ല, ഇതിനെ ആരെങ്കിലും സ്പർശിച്ചാൽ അവർ ഒരു മനുഷ്യനെ സ്പർശിക്കുന്നു” എന്നാണ്. ആ അനുഭവമാണ് പുസ്തക പാരായണത്തെ ഒരു സവിശേഷ വൈകാരിക ബൌദ്ധിക അനുഭവമാക്കി മാറ്റുന്നത്.

എന്ത്, ഏത്, ആരെ വായിക്കണം എന്നത് വ്യക്തിപരമായ വിവേചനത്തെ മാത്രം ആശ്രയിച്ചിരിക്കുന്നു. ഏതു സാമാന്യ ബുദ്ധിയും പണ്ഡിത ഗർവ് പ്രകടമാക്കാൻ കഷ്ട്ടപ്പെടുന്ന ഇക്കാലത്ത് ആ വിവേചനം അത്യന്താപേക്ഷിതവും അവനവനെത്തന്നെ രൂപീകരിക്കുന്നതിൽ നിർണ്ണായകമായ പങ്കു വഹിക്കുന്നതും ആകുന്നു. അല്ലെങ്കിൽ ആലങ്കാരിക വാക്കുകളുടെ വ്യർഥമായ ആർഭാടധോരണിയിൽ പൊള്ളയും ഖണ്ടിതമായവയുമായ ആശയങ്ങളാൽ വഴി തെറ്റിപ്പോകാൻ സാധ്യതയുണ്ട്.

അടിസ്ഥാനമുള്ളതും ഇല്ലാത്തതും വ്യത്യസ്തമായ യാധാർധ്യങ്ങളുള്ളതും ആയ വിഷയങ്ങൾ കാടുകയറി പ്രതിപാദിച്ചു പാണ്ഡിത്യം തെളിയിക്കാൻ പാടുപെടുന്നവരുടെ ലക്‌ഷ്യം അവർ സാധിച്ചേക്കും, പക്ഷെ അതുവഴി ചിലരെങ്കിലും വഴി തെറ്റാനിടയുണ്ട്, കരുതിയിരുന്നില്ലെങ്കിൽ. വായനയെന്നത് ഗണപതിയുടെ വിശപ്പ്‌ പോലെയാണ്. അത് അടങ്ങുന്ന ഒന്നല്ല. കൈയ്യിൽ കിട്ടുന്ന എന്തും ഗണപതി ഭക്ഷിക്കുന്നു, വിശപ്പടക്കാനായി. അതുപോലെതന്നെ കൈവരുന്ന ഏതു പുസ്തകവും വായിക്കാനുള്ള അദമ്യമായ ദാഹമാണ് യഥാർഥ ജ്ഞാനദാഹിക്ക്. അതാണ്‌ ബുദ്ധിയുടെ ഭക്ഷണം.

ശരീരം ഭക്ഷണത്തോടെന്നപോലെ ബുദ്ധി വായനയിൽനിന്ന് നന്മയെ ഉൾക്കൊണ്ടു തിന്മയെ പുറംതള്ളുക എന്നതാണ് കരണീയം. ഗണപതി എന്നാൽ ഗണങ്ങളുടെ അധിപൻ, ഗണം എന്നാൽ തലച്ചോറിലെ അസംഖ്യം കോശങ്ങളുടെ അടുക്ക്. അതിന്റെ അധിപതിയാണ് വിഘ്നവിനാശകനായ ഗണപതി. വിഘ്നങ്ങൾ ഉടലെടുക്കുന്നത് മനസ്സിലാണല്ലോ. നിരന്തരമായ വായനയിലൂടെ ജ്ഞാനം ഉൾക്കൊള്ളുന്ന മനസ്സിന് മാത്രമേ പരിമിതികളുടെ ആവരണം പൊട്ടിച്ച് ക്രിയാത്മകമാവാൻ കഴിയൂ. അതുകൊണ്ടാണ് ഗണപതിക്ക്‌ വിശപ്പ്‌ അടക്കാൻ പറ്റാത്തത്. ഭാവനയാണ് മനുഷ്യന് ചിറക് കൊടുക്കുന്നത്. അനുഭവതലവുമായി യോജിക്കുന്ന ഭാവനയുടെ അപരിമിതി അതിന് ചിറകുകൾ നൽകുന്നു. പലപ്പോഴും ഒരു പുസ്തകം കൈയിലെടുത്ത് മുഴുവൻ വായിച്ചു തീർത്തതിനു ശേഷം താഴെ വച്ച അനുഭവം പലരിലും ഉണ്ടാകുന്നത് അതിലെ ലോകത്തിലൂടെ നിർബാധം നാം ഭാവനയുടെ തേരിലേറി സഞ്ചരിച്ചത് കൊണ്ടാണ്. തസ്രാക്കിലോ മയ്യഴിയിലോ കൂടല്ലൂരോ പോയിട്ടില്ലാത്തവരും അവിടെയൊക്കെ ജീവിച്ചു, അതാണ്‌ സർഗഭാവനയുടെ മാസ്മരികത.

ഈ അനുഭൂതി പുസ്തകപാരായണത്തിലൂടെ മാത്രമേ പൂർണമായി ഉൾക്കൊള്ളാനാവു. പലപ്പോഴും വായനയിലൂടെയുള്ള അനുഭൂതി അറിയുന്നതിന് മുന്പായി അവയുടെ മറ്റ് ആവിഷ്ക്കാരങ്ങൾ കാണുന്നത് സ്വച്ഛന്ദമായ ഭാവനയെ കെടുത്തിക്കളയുന്നു. കാവ്യഭാവനയുടെ കാൽപ്പനിക ആകാശത്തുകൂടിയുള്ള അനർഗളമായ പ്രയാണവും അതിന്റെ പാരായണവും ഇതരമനസ്സുകൾക്കും സർഗാനുഭവത്തിന്റെ കുളിർമ പകരുന്നതാവാം. അത് കാലത്തിന്റെ കുത്തൊഴുക്കിലെ കേവലം കണിക മാത്രമായ ഒരു മുഹൂർത്തത്തെ അനശ്വരമാക്കുന്നു, മാനവാനുഭൂതികളുടെ സമഗ്രനിക്ഷേപത്തിലെ നവീന കാവ്യാനുഭവമായി കാലാതീതമാവുന്നു. ഷെല്ലിയുടെ ആകാശത്ത് പാറിപ്പറന്ന വാനന്പാടിയെ അദ്ദേഹം കലാതീതയാക്കി. ഇന്നുമത് നമ്മുടെ മനസ്സിലൂടെ പാറിപ്പറക്കുന്നു. ഏതോ അജ്ഞാത സന്ധ്യയിലെ കാൽപ്പനികമായ അസ്തമയം മഹാകവി ജി ഇന്നും നമ്മേ അനുഭവിപ്പിക്കുന്നു.ഒരു ഭഗ്നപ്രണയത്തെ കാലത്തിന്റെ അടുക്കിനുള്ളിൽ ഘനീഭൂതമാക്കി മഹാകവി ചങ്ങന്പുഴ. മനുഷ്യനുള്ളിടത്തോളം കാലം ഈ അനുഭൂതികൾ നിലനിൽക്കും. അവ നശിച്ചുപോയാൽ ഈ ഭൂമിയിൽ കൊതി തീരുംവരെ ജീവിക്കാതെ മനുഷ്യനും വംശനാശം സംഭവിച്ചു എന്ന് മനസ്സിലാക്കിക്കൊള്ളുക.

 

You might also like

Most Viewed