വളരുന്ന ശരീരവും വരളുന്ന മനസ്സും
വായന ഒരു പൂർണ്ണമനുഷ്യനെ സൃഷ്ടിക്കുന്നു, പരസ്പ്പര സംവേദനം അയാളെ കർമ്മനിരതനും എഴുത്ത് ഒരു യഥാർത്ഥമനുഷ്യനും ആക്കുന്നു എന്ന് ഫ്രാൻസിസ് ബേക്കൺ പറഞ്ഞിട്ടുണ്ട്. ലോകത്തിന്റെ അഭിപ്രായഗതികളെ രൂപീകരിച്ച വ്യക്തികളെ ഒന്നൊന്നായി പരിശോധിച്ചാൽ ഇതിന്റെ സത്യാവസ്ഥ മനസ്സിലാകുന്നതാണ്. മനസ്സിന്റെ ആഴങ്ങളിൽ ഉപയോഗിക്കപ്പെടാതെ കിടക്കുന്ന ചിന്തയുടെ വെട്ടത്തെ ഊതി ജ്വലിപ്പിക്കാനുള്ള ഇന്ധനം എക്കാലത്തും വായന മാത്രമാണ്. അതില്ലാത്തവർ ബൈബിളിൽ സ്നേഹരാഹിത്യത്തെത്തെപ്പറ്റിപറയുന്നതുപോലെ മുഴങ്ങുന്ന ചെന്പോ ചിലന്പുന്ന കൈത്താളമോ ആയിപ്പോകുന്നു. വായനയിലൂടെ മാത്രമാണ് ജീവിതത്തിന്റെ വൈവിധ്യപൂർണ്ണമായ സങ്കീർണതകളെയുംസമസ്യകളെയും നാം അടുത്തറിയുന്നത്, സൂക്ഷ്മ സംവേദനങ്ങൾ അനുഭവിക്കുന്നത്, വ്യക്തിജീവിതത്തിന്റെയും സാമൂഹ്യ ജീവിതത്തിന്റെയും നീറ്റലുകളെയും നൊന്പരപ്പാടുകളെയും ആഴത്തിൽ മനസ്സിലാക്കുന്നത്. അതിലുമുപരിയായി ഭാവനയെ ഉദ്ദീപിപ്പിക്കുന്നതും അപരന്റെ ജീവിതാവസ്ഥകളോട് ഒരു തന്മയീഭാവം പ്രാപിക്കുന്നതിലൂടെ ഉള്ളിലെ മാനവികതയെ തിരിച്ചറിയുന്നതും വായന സംവേദനക്ഷമമാക്കുന്ന മനസ്സുകൊണ്ട് മാത്രമാണ്.
വായനയാൽ ദൃഡം ചെയ്ത മനസ്സാണ് ഒരു വ്യക്തിയുടെ ഏറ്റവും വലിയ സന്പാദ്യവും ഏറ്റവും ശക്തമായ രക്ഷാകവചവും. വായന മരിക്കുന്പോൾ മനുഷ്യൻ വെറും ശരീരജീവിയായി⊇മാറുന്നു. ഇന്നത്തെ ലോകത്തേയ്ക്ക് കൺതുറന്നു നോക്കുക, വായന അനുദിനം മരിക്കുന്നു, അതനുസരിച്ച് ലോകം ക്ഷയിക്കുന്നു. വായനയുടെ അഭാവത്തിൽ വെളിച്ചം മങ്ങുന്ന⊇മനസ്സിൽ തിന്മയുടെ ഉപാസകർ കൂരിരുട്ട് നിറയ്ക്കുന്നു. അതാണ് ഈ ലോകം നേരിടുന്ന യഥാർത്ഥ ഭീഷണി. യുക്തിബോധത്തെയും വിവേകത്തെയും പൂർണ്ണമായും ഇല്ലായ്മ ചെയ്തുകൊണ്ടാണ് ഈ ലോകത്ത് ഭീകരത വളർത്തുന്നത്. മനസ്സിനെ കൊല്ലുക എന്ന പ്രക്രിയ വളരെ ശ്രദ്ധാപൂർവ്വം മനഃശ്ശാസ്ത്രപരമായി നിർവ്വഹിക്കാൻ അതിന് വേണ്ടി പരിശീലനം ലഭിച്ച ഇരുട്ടിന്റെ പ്രഭുക്കൾക്ക് പ്രത്യേക വൈദഗ്ദ്ധ്യമുണ്ട്, മനസ്സിനെ മത്തുപിടിപ്പിക്കുന്ന ഒരു ആശ
യത്തിന്റെ പൂർണ്ണമായ അടിമയാക്കുന്നതാണ് അതിന്റെ ആദ്യപടി. വായനയും ചിന്തയും ഒഴിഞ്ഞു പോയ മനസ്സുകളിൽ വെളിച്ചത്തിനു പ്രതിരോധം തീർക്കാൻ ഇടമേ ഇല്ലാതാവുന്നു. നിഷ്ക്രിയമായ മനസ്സുകൾ ചെകുത്താന്റെ പണിപ്പുരയാണെന്ന് പണ്ടേ ചൊല്ലുണ്ടല്ലോ.
എന്തുകൊണ്ട് ഇപ്പോൾ ഇത്തരമൊരു സാഹചര്യം അധികമായി ഉണ്ടാകുന്നു എന്നതും കൺതുറന്നു മനസ്സിലാക്കാവുന്ന കാര്യമേയുള്ളൂ. ഏത് നന്മയിൽ നിന്നും തിന്മയെ ഉത്പ്പാദിപ്പിക്കുന്ന കെമിക്കൽ ഫാക്ട്റിയാണല്ലോ മനുഷ്യൻ. സാങ്കേതികതയുടെ കടന്നുകയറ്റം⊇അനുക്ഷണ വികസ്വരമായ അറിവിന്റെ ചക്രവാളങ്ങൾ അനായാസം തുറ
ന്നുതരുന്പോഴും അതിന്റെ അവശിഷ്ട വിഴുപ്പുകളിൽ കൃത്രിമ⊇മുത്തും പവിഴവും തിരയുകയാണ് മനുഷ്യൻ. ആഗോളവലയുടെയും ഉപഗ്രഹ സംപ്രേഷണത്തിന്റെയും അവശിഷ്ട മാലിന്യങ്ങളിൽ നിന്ന് അമിത ലഹരി ആസ്വദിക്കുകയാണ് ലോകം. അത് മനസ്സിനെ പട്ടിണിക്കിട്ട് കൊല്ലുന്നു, ശരീരം വിഷഭക്ഷണം കഴിച്ച് അനാരോഗ്യകരമായി കൊഴുക്കുകയും ചെയ്യുന്നു. യുക്തിഭദ്രമായ മനസ്സിന്റെ നിയന്ത്രണമില്ലാത്ത ശരീരങ്ങൾ പ്രവർത്തിച്ചു തുടങ്ങുന്നു. ലോകം രോഗഗ്രസ്ഥമാവുന്നു.
നമ്മുടെ പുതിയ തലമുറയെയും വായനയുടെ അഭാവം ഗുരുതരമായി ഗ്രസിക്കുന്നു. കന്പ്യൂട്ടർ, മൊബൈൽ ഇന്റർനെറ്റ്, വാട്ട്സാപ്പ്,ഫേസ്ബുക്ക് എന്നിവയുടെ⊇അവാസ്തവിക യാഥാർത്ഥ്യത്തിന്റെ അതിരുകളില്ലാത്ത ലോകത്ത് മുങ്ങിത്താഴുന്ന അവർക്ക് ഭാവനയുടെ സവിശേഷലോകം അന്യമാണ്. നൈസർഗികമായ വാസനകൾ പ്രായോഗിക
തയുടെ ലോകത്ത് അവഗണിക്കപ്പെടുന്നു. അവിടെ കവിത മരിക്കുന്നു, കവിഹൃദയം അനാഥമാവുന്നു. അറിവുകളുടെ കാര്യത്തിൽ അവർ ഏറെ മുന്നിലാണ്, സംശയമില്ല. അതിൽ പ്രസക്തമായ അറിവുകളെത്ര എന്നതാണ് ചിന്തനീയം. വരണ്ട അറിവുകളിൽ ജീവിതമില്ല. അറിവ് വിജ്ഞാനമായി മാറുന്പോൾ മാത്രമേ അത് ജീവിതത്തിൽ പ്രതിഫലിക്കുകയുള്ളൂ. അത് ഗൗരവതരമായ വായനയിലൂടെ മാത്രമേ സാധിക്കുകയുള്ളൂ. മുന്നിലോ കൈയിലോ ഇരിക്കുന്ന ഉപകരണങ്ങളിലേയ്ക്ക് മാത്രം കുനിഞ്ഞിരിക്കുന്ന കണ്ണുകളിൽ എന്ത് ജീവിതമാണ് പ്രതിഫലിക്കുക! വികാരങ്ങളൊഴിഞ്ഞ മനസ്സിന്റെ ഊഷരഭൂമിയിൽ വിഷവിത്തുകൾ പാകപ്പെടുന്നു, നല്ല വിളവെടുക്കാനായി.
വാസ്തവത്തിൽ പുതുതലമുറയുടെ നഷ്ടങ്ങൾ ഓർക്കുന്പോൾ സാങ്കേതികത്തികമികവുകളെല്ലാം തീർത്തും അന്യമായിരുന്ന മുതിർന്ന തലമുറയുടെ ശൈശവ കൗമാര ഭാഗ്യങ്ങളെപ്പറ്റി കൂടുതൽ ബോധമുണ്ടാവുന്നു. നമ്മുടെ പരിമിതികളിൽ ജീവിതമുണ്ടായിരുന്നു, പൂക്കളുടെ സുഗന്ധവും പക്ഷികളുടെ പാട്ടുമുണ്ടായിരുന്നു. മണ്ണിന്റെ മണമുണ്ടായിരുന്നു, ബന്ധങ്ങളുടെ ചെത്തും ചൂരുമുണ്ടായിരുന്നു. അതുകൊണ്ടാണ് മലയാളത്തിന് അഞ്ച് ജ്ഞാനപീഠങ്ങളുടെ തിളക്കമുണ്ടായത്.എം.ടിയും, വിജയനും, മുകുന്ദനും വാക്കുകളിൽ വരച്ച ചിത്രങ്ങളിലൂടെ ജീവിക്കാനുള്ള ഭാവന നമുക്കുണ്ടായിരുന്നു. അതൊരു മഹാഭാഗ്യം തന്നെയായിരുന്നു എന്ന് ഇപ്പോൾ മനസ്സിലാക്കുന്നു.
ആധുനിക സാങ്കേതികതയോട് പിന്തിരിഞ്ഞു നിൽക്കുന്നത് ബുദ്ധിശൂന്യതയാണ്. സമൂഹത്തിലെ എല്ലാ തുറയിലുംപ്പെട്ടവർ അതിൽ അഭിരമിക്കുന്നവരും അത് പ്രയോജനപ്പെടുത്തുന്നവരുമാണ്. പക്ഷെ വായനയുടെയും ചിന്തയുടെയും വേരോട്ടമില്ലാത്ത മനസ്സുകൾക്ക്⊇അതിനോടുള്ള അടിമത്തം ശരീരജീവികളെ മാത്രമാവും സൃഷ്ടിക്കുക എന്ന ബോധം അവശ്യം വേണ്ടതാണ്. ലോകഗതിക്കനുസരിച്ച് ഒഴുകുവാൻ ഏവരും ബാധ്യസ്ഥരാവുന്പോഴും ഒഴുക്കിൽ സ്വയം നഷ്ടപ്പെടാതിരിക്കാനുള്ള ഔചിത്യവും പുലർത്തേണ്ടതായുണ്ട് എന്നതാണ് സത്യം.