അബ്ദുറഹീമിനെ കുറിച്ച് സിനിമ ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്ന് സംവിധായകൻ ബ്ലസി
മലയാളികളുടെ ഒരുമയിലൂടെ സൗദിയിലെ വധശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ പോകുന്ന അബ്ദുറഹീമിനെ കുറിച്ച് സിനിമ ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്ന് സംവിധായകൻ ബ്ലസി. ദുബൈയിൽ ‘ആടുജീവിതം’ സിനിമ സംബന്ധിച്ച പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുബൈയിലേക്ക് വരാനുള്ള വിമാനം മുടങ്ങിനിൽക്കുന്ന സമയത്താണ് ബോബി ചെമ്മണ്ണൂർ ഇക്കാര്യം പറഞ്ഞുകൊണ്ട് വിളിക്കുന്നത്. റഹീമിന്‍റെ കേസിനെ സംബന്ധിച്ച് ശരിയായ ധാരണയുണ്ടായിരുന്നില്ല. ബോചെ ഇക്കാര്യം വിശദീകരിച്ചു തന്നിരുന്നു. എന്നാൽ ആടുജീവിതം പോലെ ഒരു സിനിമ എടുക്കാൻ താൽപര്യമില്ല. അതിനാൽ അദ്ദേഹത്തിന് കൃത്യമായി മറുപടി നൽകാൻ സാധിച്ചിട്ടില്ല. മൂന്നു മാസത്തിൽ ഒരു സിനിമയെന്നത് എനിക്ക് സാധ്യമാകില്ല. ആരെങ്കിലും റഹീമിനെ കുറിച്ച് സിനിമയെടുക്കുന്നുവെങ്കിൽ അവർക്ക് ആശംസകൾ −അദ്ദേഹം കൂട്ടിച്ചേർത്തു.
‘ആടുജീവിതം’ സിനിമക്ക് മികച്ച പ്രതികരണമാണ് ഗൾഫ് നാടുകളിൽ ലഭിക്കുന്നതെന്നും മലയാളികളല്ലാത്ത, അറബികടക്കമുള്ള പ്രേക്ഷകരും മികച്ച അഭിപ്രായമാണ് അറിയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിനിമക്ക് ഓസ്കർ നേട്ടം കൈവരിക്കാനാകുമെന്ന് ചടങ്ങിൽ സംസാരിച്ച ചിത്രത്തിലെ അഭിനേതാവും ഒമാനി പൗരനുമായ താലിബ് അൽ ബലൂഷി പറഞ്ഞു. സിനിമയിലെ അഭിനേതാവ് കെ.ആർ ഗോകുൽ, പിന്നണി ഗായകൻ ജിതിൻ രാജ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
asdasd