മനോരോഗികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പുതിയ ഫെഡറൽ നിയമം പുറപ്പെടുവിച്ച് യു.എ.ഇ സർക്കാർ


മനോരോഗികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പുതിയ ഫെഡറൽ നിയമം പുറപ്പെടുവിച്ച് യു.എ.ഇ സർക്കാർ. മാനസികാരോഗ്യ സംരക്ഷണ രംഗത്തെ ഏറ്റവും പുതിയ രീതികൾ അടിസ്ഥാനമാക്കിയുള്ള നിയമം, രോഗികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതും മികച്ച ശാരീരികവും മാനസികവുമായ പരിചരണം ഉറപ്പാക്കുന്നതുമാണ്.നിയമത്തിൽ വ്യക്തമാക്കിയിട്ടുള്ള നിയന്ത്രണങ്ങളും വ്യവസ്ഥകളും ലംഘിക്കുന്നവർക്ക് ജയിൽശിക്ഷയും 50,000 മുതൽ രണ്ട് ലക്ഷം ദിർഹം വരെ പിഴയും നിശ്ചയിച്ചിട്ടുണ്ട്.  മനോരോഗികളുമായി ഇടപഴകുന്ന ഓരോ കക്ഷികളും പാലിക്കേണ്ട നിയന്ത്രണങ്ങൾ കൃത്യപ്പെടുത്താനും മികച്ച നിലവാരത്തിൽ ആരോഗ്യ സംരക്ഷണം നൽകാനുമാണ് നിയമം ലക്ഷ്യമിടുന്നത്. കൂടാതെ, മനോരോഗിയുടെ അവകാശങ്ങളും അന്തസ്സും സംരക്ഷിക്കാനും അവരുടെ സാമൂഹിക ഏകീകരണം പ്രോത്സാഹിപ്പിക്കുന്നതിനും നിയമം മുൻഗണന നൽകുന്നുണ്ട്. വിവിധ മാനസികാവസ്ഥകൾ കുടുംബങ്ങളിലും സമൂഹത്തിലും വരുത്തുന്ന അപകടകരമായ സാഹചര്യങ്ങൾ ഗണ്യമായി കുറക്കാനും ഇത് ലക്ഷ്യമിടുന്നു.   മാനസികാരോഗ്യവുമായി ബന്ധപ്പെട്ട എല്ലാ സംവിധാനങ്ങൾക്കും നിയമം ബാധകമാണ്. ഫ്രീ സോണുകളിൽ ഉൾപ്പെടെയുള്ള മാനസികാരോഗ്യ സൗകര്യങ്ങൾ, രോഗിയുടെ മാനസിക പരിചരണവുമായി ബന്ധപ്പെട്ട മറ്റു സ്ഥാപനങ്ങൾ എന്നിവക്കും ബാധകമാണ്. മാനസികാരോഗ്യ സേവനങ്ങൾ നൽകുന്നതിന് അനുമതി വാങ്ങണമെന്ന് നിയമം വ്യക്തമാക്കുന്നുണ്ട്. 

മാനസികാരോഗ്യ കേന്ദ്രത്തിനുള്ളിൽ ലഭ്യമാകുന്ന അവകാശങ്ങളെക്കുറിച്ചും ഇത് വിശദീകരിക്കുന്നുണ്ട്. ചികിത്സ കേന്ദ്രങ്ങളിൽ ലഭ്യമായ സൗകര്യങ്ങളെക്കുറിച്ചറിയാനും പരാതികളും നിർദേശങ്ങളും സമർപ്പിക്കാനുള്ള അവകാശവുമുണ്ടായിരിക്കണം. രോഗിയുടെ പൗരാവകാശങ്ങൾ സംരക്ഷിക്കുന്ന അന്തരീക്ഷത്തിലായിരിക്കണം പരിചരണവും ചികിത്സയുമെന്നും നിയമം വ്യക്തമാക്കുന്നു. രോഗിയെ വൈകാരികമോ ശാരീരികമോ ലൈംഗികമോ ആയ ചൂഷണങ്ങളിൽനിന്ന് സംരക്ഷണം ഉറപ്പുവരുത്തുന്നതുമാണ് നിയമം.മനോരോഗികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി രാജ്യത്തെ ഓരോ എമിറേറ്റിലും ഒരു നിരീക്ഷണ സമിതി രൂപവത്കരിക്കണമെന്ന് നിയമം നിർദേശിക്കുന്നുണ്ട്.   രോഗികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ഓരോ മാസികാരോഗ്യ സ്ഥാപനത്തിലും ഒരു കമ്മിറ്റിയുണ്ടാകണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഓരോ എമിറേറ്റിലെയും നിരീക്ഷണ സമിതികൾ, രോഗികളെക്കുറിച്ച് മാനസികാരോഗ്യ സ്ഥാപനങ്ങളിൽനിന്നുള്ള റിപ്പോർട്ടുകൾ പരിശോധിക്കുന്നതിന് ഉത്തരവാദപ്പെട്ടവരായിരിക്കും. മാനസികാരോഗ്യ സംരക്ഷണ സൗകര്യങ്ങളുടെ മേൽനോട്ടം വഹിക്കുക, മാനദണ്ഡങ്ങളും നടപടിക്രമങ്ങളും നടപ്പിലാക്കുന്നത് ഉറപ്പുവരുത്തുക, പരാതികൾ, വിമർശനങ്ങൾ എന്നിവ പരിഹരിക്കുകയും ചെയ്യുക എന്നിവയെല്ലാം സമിതിയുടെ മേൽനോട്ടത്തിലായിരിക്കും.

article-image

dfhh

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed