സമൂഹമാധ്യമങ്ങളുപയോ​ഗിച്ച് പരസ്യം; മുന്നറിയിപ്പുമായി അബുദബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റ്


അബുദബി:

സമൂഹ മാധ്യമങ്ങളിലെ വ്യാജ പരസ്യങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി വീണ്ടും അബുദബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റ്. കുറഞ്ഞ നിരക്കില്‍ ഗാര്‍ഹിക തൊഴിലാളികളെ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്ന സംഘം രാജ്യത്ത് സജീവമാണെന്ന് ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി. യുഎഇയില്‍ സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പരസ്യങ്ങള്‍ നല്‍കിയുളള തട്ടിപ്പ് വര്‍ധിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി വീണ്ടും അബുദബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റ് രംഗത്ത് എത്തിയിരിക്കുന്നത്.

കുറഞ്ഞ നിരക്കില്‍ ഗാര്‍ഹിക തൊഴിലാളികളെ ലഭ്യമാക്കും എന്ന വാഗ്ദാനവുമായാണ് തട്ടിപ്പുസംഘം സമൂഹ മാധ്യമങ്ങളില്‍ പരസ്യങ്ങള്‍ നല്‍കുന്നത്. സ്ത്രീകളുടെ ചിത്രങ്ങളും വീഡിയോയും ഉള്‍പ്പെടെയാണ് സാധാരണ ഇത്തരം പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടാറുളളത്. അംഗീകൃത റിക്രൂട്ടിംഗ് ഏജന്‍സികള്‍ ഇത്തരത്തില്‍ സോഷ്യല്‍ മീഡിയ വഴി പരസ്യം നല്‍കാറില്ലെന്ന് അറിയാത്തതാണ് പലരും തട്ടിപ്പിന് ഇരയാകാന്‍ കാരണമെന്നാണ് ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ വിലയിരുത്തല്‍.

ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഏറ്റവും ഡിമാന്റുളള സമയങ്ങളിലാണ് തട്ടിപ്പുകാര്‍ ജനങ്ങളെ ചൂഷണം ചെയ്യുന്നത്. ഔദ്യോഗിക റിക്രൂട്ടിംഗ് ഏജന്‍സിയെക്കാള്‍ കുറഞ്ഞ നിരക്ക് വാഗ്ദാനം ചയ്യുന്നതും പലരും തട്ടിപ്പിന് ഇരയാകാൻ കാരണമാകുന്നുണ്ട്. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് വേണ്ടി പണം നല്‍കിയ നിരവധി ആളുകള്‍ തട്ടിപ്പിന് ഇരയായതായി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. ഗുരുതരമായ നിയമ പ്രശ്‌നങ്ങള്‍ക്കും ഇത് കാരണമായേക്കാം. രാജ്യത്ത് നിയമ വിരുദ്ധമായി താമസിക്കുന്നവരെയാകാം ഇത്തരക്കാര്‍ ഗാര്‍ഹിക ജോലിക്കായി ലഭ്യമാക്കുക. സോഷ്യല്‍ മീഡിയയില്‍ വരുന്ന വ്യാജ പരസ്യങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും തട്ടിപ്പിന് ഇരയാകരുതെന്നും ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റ് മുന്നറിയിപ്പ് നല്‍കി. ഗാര്‍ഹിക തൊഴിലാളികള്‍ക്കായി ഔദ്യോഗിക റിക്രൂട്ടിംഗ് ഏജന്‍സികളെ മാത്രം ആശ്രയിക്കണമെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു.

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed