5 മേഖലകളിലെ ആഗോള റാങ്കിങിൽ ഒന്നാമതായി യുഎഇ
ഊർജം, ജലം, അടിസ്ഥാന സൗകര്യ വികസനം, സിറ്റി മാനേജ്മെന്റ്, ഗതാഗതം എന്നീ 5 മേഖലകളിലെ ആഗോള റാങ്കിങിൽ യുഎഇ ഒന്നാമത്. റോഡ്−ഹൈവേ സംവിധാനം, സംശുദ്ധ ഊർജം, പാചകത്തിനുള്ള സാങ്കേതികവിദ്യകൾ എന്നിവയിലും യുഎഇ ആധിപത്യം തുടരുന്നു.
ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാനേജ്മെന്റ് ഡവലപ്മെന്റ് (ഐഎംഡി) വേൾഡ് കോമ്പറ്റിറ്റീവ്നെസ് ഇയർബുക്ക്, ലെഗാറ്റം പ്രോസ്പെരിറ്റി ഇൻഡക്സ്, യുഎൻ എന്നിവ പുറത്തിറക്കിയ സുസ്ഥിര വികസന റിപ്പോർട്ടിലാണ് ഈ നേട്ടം. പ്രാദേശിക ഊർജ ഉൽപാദനം, മലിനജല സംസ്കരണം എന്നിവയിൽ മൂന്നാം സ്ഥാനവും ജല ഉൽപാദനത്തിൽ ആറാം സ്ഥാനവും നേടി. നേട്ടങ്ങളിൽ അഭിരമിക്കാതെ സുസ്ഥിര വികസനത്തിനും സമൃദ്ധിക്കും വേണ്ടിയുള്ള വിജയകരമായ മാതൃകയാകാൻ യുഎഇ തുടർന്നും ശ്രമിക്കുമെന്ന് ഊർജ, അടിസ്ഥാന സൗകര്യ വികസന മന്ത്രി സുഹൈൽ ബിൻ മുഹമ്മദ് അൽ മസ്റൂയി പറഞ്ഞു. ഊർജം, അടിസ്ഥാന സൗകര്യം, ഗതാഗതം എന്നീ മേഖലകളിലെ ഉൽപാദന പങ്കാളിത്തവും സഹകരണവുമാണ് ലോകത്തിനു നെറുകിലേക്ക് ഉയരാൻ സഹായകമായത്.
ദീർഘവീക്ഷണത്തോടെയുള്ള നേതൃത്വവും കൂട്ടായ പരിശ്രമവും ഇതിനു മുതൽക്കൂട്ടായതോടെ ആഗോള മത്സര സൂചികകളിൽ വ്യത്യസ്ത മേഖലകളിൽ ആദ്യ 10 സ്ഥാനങ്ങൾ നേടാനും സാധിച്ചതായി ഇൻഫ്രാസ്ട്രക്ചർ ആൻഡ് ട്രാൻസ്പോർട് അഫയേഴ്സ് അണ്ടർസെക്രട്ടറി ഹസൻ മുഹമ്മദ് അൽ മൻസൂരി പറഞ്ഞു. നേട്ടങ്ങൾ നിലനിർത്താനും കൂടുതൽ ഉയരങ്ങളിലേക്ക് എത്താനും കഠിനാധ്വാനം അനിവാര്യമാണെന്നും സൂചിപ്പിച്ചു.
മികവിന്റെ കൂടുതൽ ഉന്നതിയിലേക്ക് ഉയരാൻ ഈ നേട്ടം യുഎഇക്ക് കരുത്തുപകരുമെന്ന് ഊർജ, പെട്രോളിയം അണ്ടർസെക്രട്ടറി ഷരീഫ് അൽ ഒലാമ പറഞ്ഞു. രാജ്യത്തെ പൗരന്മാരുടെയും താമസക്കാരുടെയും ക്ഷേമം മെച്ചപ്പെടുത്താനും ഇതുപകരിക്കും.
4567457