അറബ് ലോകത്തെ ആദ്യ ചാന്ദ്രപര്യവേഷണ ദൗത്യം: ലൂണാർ ലാൻഡറിൽ നിന്നുള്ള ആദ്യ സിഗ്നലുകൾ ലഭ്യമായി
അറബ് ലോകത്തെ ആദ്യ ചാന്ദ്രപര്യവേഷണ ദൗത്യം റാഷിദ് റോവറിനെ വഹിച്ച് കൊണ്ട് പോകുന്ന Hakuto-R M1 എന്ന ലൂണാർ ലാൻഡറിൽ നിന്നുള്ള ആദ്യ സിഗ്നലുകൾ ഗ്രൗണ്ട് സ്റ്റേഷനിൽ ലഭിച്ചു. മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്ററാണ് ഇക്കാര്യം അറിയിച്ചത്. വിക്ഷേപണത്തിന് ശേഷം റാഷിദ് റോവറിനെ വഹിച്ച് കൊണ്ട് പോകുന്ന ലൂണാർ ലാൻഡർ റോക്കറ്റിൽ നിന്ന് വിജയകരമായി വേർപിരിഞ്ഞതായി അധികൃതർ വ്യക്തമാക്കി.
ഡിസംബർ 11 നാണ് റാഷിദ് റോവർ വിക്ഷേപിച്ചത്. ഫ്ളോറിഡയിലെ കേപ്പ് കാനവേറൽ സ്പേസ് സ്റ്റേഷനിൽ നിന്നാണ് റാഷിദ് റോവർ വിജയകരമായി വിക്ഷേപിച്ചത്. ഡിസംബർ 11 ഞായറാഴ്ച, യുഎഇ സമയം രാവിലെ 11.38−നാണ് റാഷിദ് റോവറിനെ വഹിച്ച് കൊണ്ടുള്ള സ്പേസ്എക്സ് ഫാൽക്കൺ 9 റോക്കറ്റ് വിക്ഷേപിച്ചത്. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് കിരീടാവകാശി ഹംദാൻ ബിൻ മുഹമ്മദ്, യുഎഇ ധനകാര്യ മന്ത്രിയും, ദുബായ് ഡെപ്യൂട്ടി ഭരണാധികാരിയുമായ മക്തൂം ബിൻ മുഹമ്മദ് തുടങ്ങിയവർ ഈ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിച്ചു.
ചന്ദ്രനിലെ മണ്ണിന്റെ പ്രത്യേകതകൾ, പെട്രോഗ്രാഫി (ചന്ദ്രശിലകളുടെ ഘടനയും ഗുണങ്ങളും), ചന്ദ്രന്റെ ഭൂമിശാസ്ത്രം എന്നിവ പഠിക്കുക എന്ന ലക്ഷ്യത്തോടെയാണ് റാഷിദ് റോവർ വിക്ഷേപിച്ചത്. പൊടി ചലനം, ഉപരിതല പ്ലാസ്മ അവസ്ഥകൾ, ലൂണാർ റെഗോലിത്ത് (ഖര പാറകളെ മൂടുന്ന ഉപരിപ്ലവമായ നിക്ഷേപങ്ങളുടെ പുതപ്പ്) എന്നിവയുടെ ഫോട്ടോകളും എടുക്കും. ചന്ദ്രനിലെ പൊടിയും പാറകളും ചന്ദ്രനിലുടനീളം എങ്ങനെ വ്യത്യാസപ്പെടുന്നുവെന്ന് നന്നായി മനസ്സിലാക്കാൻ റാഷിദ് റോവർ ശാസ്ത്രജ്ഞരെ സഹായിക്കും.
756