അബുദാബിക്കു നേരെ ഹൂത്തികൾ നടത്തിയ ആക്രമണത്തിന്റെ വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെ നടപടി

കഴിഞ്ഞ തിങ്കളാഴ്ച അബുദാബിക്കു നേരെ ഹൂത്തികൾ നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോകൾ പ്രചരിപ്പിച്ചവർക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ നടപടികളെടുക്കുന്നു. നിയമാനുസൃത നടപടികൾ സ്വീകരിക്കുന്നതിനു മുന്നോടിയായി ചോദ്യം ചെയ്യുന്നതിന് ഇവരെ പബ്ലിക് പ്രോസിക്യൂഷൻ വിളിപ്പിച്ചിട്ടുണ്ട്. ഹൂത്തികൾ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ യു.എ.ഇ പ്രതിരോധ സംവിധാനം തകർക്കുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോകളാണ് ചിലർ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്.
ഇത്തരം വീഡിയോ ക്ലിപ്പിംഗുകൾ തന്ത്രപ്രധാന സ്ഥാപനങ്ങൾക്കും സൈനിക സ്ഥാപനങ്ങൾക്കും ഭീഷണി സൃഷ്ടിക്കും. ഇത് സമൂഹത്തിന്റെ സുരക്ഷക്കും സ്ഥിരതക്കും കോട്ടംതട്ടിക്കുകയും ചെയ്യും. ഇത്തരം കുറ്റകൃത്യങ്ങൾ നടത്തുന്നവർക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിക്കുമെന്നും പബ്ലിക് പ്രോസിക്യൂഷൻ പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച അബുദാബിക്കു നേരെയുണ്ടായ ആക്രമണ ശ്രമം അമേരിക്കൻ നിർമിത പാട്രിയറ്റ് മിസൈലുകൾ ഉപയോഗിച്ചാണ് തകർത്തത്.