അബൂദാബിയിൽ കുടുംബ ബിസിനസിന് പുതിയ നിയമം വരുന്നു


അബൂദാബിയിൽ കുടുംബ ഉടമസ്ഥതയിലുള്ള ബിസിനസ് സ്ഥാപനങ്ങളുടെ വിൽപനക്കും കൈമാറ്റത്തിനും പുതിയ നിയമം വരുന്നു. കുടുംബത്തിന് പുറത്തുള്ളവർക്ക് ഓഹരിയും ലാഭവിഹിതവും കൈമാറാൻ പാടില്ല. ഇതിന് കുടുംബാംഗങ്ങളുടെ മുൻകൂർ അനുമതി തേടണമെന്നും പുതിയ നിയമം നിഷ്‌കർഷിക്കുന്നു. കുടുംബ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ സുരക്ഷഉറപ്പാക്കാനും ഇത്തരം സ്ഥാപനങ്ങളുടെ നിയന്ത്രണം കുടുംബത്തിന്റെ പുതിയ തലമുറയിലേക്കുള്ള കൈമാറ്റം എളുപ്പമാക്കാനുമാണ് പുതിയ നിയമം എന്നാണ് ചൂണ്ടിക്കാട്ടുന്നത്. മാർച്ചിൽ നിലവിൽ വരുന്ന ചട്ടം അബൂദാബി ഭരണാധികാരി ശൈഖ് ഖലീഫയാണ് പ്രഖ്യാപിച്ചത്. 

കുടുംബത്തിന് പുറത്തുള്ളവരുടെ ഓഹരിപങ്കാളിത്തം 40 ശതമാനത്തിൽ കവിയാത്ത സ്ഥാപനങ്ങൾക്കാണ് ഈ നിയമം ബാധകമാവുക. ഇത്തരം കുടുംബ ബിസിനസുകളുടെ ഓഹരിയോ ലാഭവിഹിതമോ കുടുംബത്തിന് പുറത്തുള്ളവർക്ക് കൈമാറുന്നത് നിയമം വിലക്കുന്നുണ്ട്. ഓഹരിഉടമകൾ കുടുംബത്തിന് പുറത്തുള്ളവർക്ക് ഉടമസ്ഥാവകാശം കൈമാറുന്നുണ്ടെങ്കിൽ കുടുംബാംഗങ്ങളുടെ മുൻകൂർ അനുമതി നേടിയിരിക്കണം. കുടുംബത്തിന്റെ പേരിലെ ബിസിനസ് സ്ഥാപനങ്ങൾ ഈട് നൽകാനോ പണയം വെക്കാനോ പാടില്ലെന്നും നിയമം അനുശാസിക്കുന്നു. സ്വന്തം പേരിലുള്ള ഓഹരികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ കുടുംബാംഗങ്ങൾക്ക് വോട്ടിങ് വെയിറ്റേജ് നൽകണമെന്നും നിയമം നിർദേശിക്കുന്നുണ്ട്.

You might also like

Most Viewed