യുഎഇയില്‍ ക്വാറന്റീൻ നിർദേശങ്ങൾ തെറ്റിച്ചാൽ അരലക്ഷം ദിർഹം പിഴ
ദുബൈ: കോവിഡ് പ്രതിരോധ നിയമങ്ങളുടെ പുതുക്കിയ പട്ടിക യു.എ.ഇ. അറ്റോർണി ജനറൽ ഡോ. ഹമദ് സെയ്ഫ് അൽ ഷംസി പുറത്തിറക്കി. വീടുകളിലും മറ്റ് ക്വാറന്റീൻ കേന്ദ്രങ്ങളിലും ഉണ്ടാകുന്ന നിയമലംഘനങ്ങൾ, മറ്റ് പ്രതിരോധനിർദേശങ്ങളിൽ ഉണ്ടാകുന്ന ലംഘനം എന്നിവയ്ക്കുള്ള ശിക്ഷാ നടപടികൾ പുതിയ പട്ടികയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഹോം ക്വാറന്റീൻ നിർദേശങ്ങളിൽ വീഴ്ച വരുത്തുന്നവർക്ക് 50,000 ദിർഹംവരെ പിഴ ചുമത്തും. ക്വാറന്റീനിൽ ഉള്ളവർ തങ്ങളുടെ കൈകളിൽ ധരിക്കുന്ന ട്രാക്കിങ് ഉപകരണം നഷ്ടപ്പെടുത്തുകയോ, കേടുവരുത്തുകയോ ചെയ്യുകയാണെങ്കിൽ 10,000 ദിർഹമാണ് പിഴ. ആശുപത്രി ചികിത്സ സംബന്ധിച്ച നിർദേശങ്ങൾ ലംഘിക്കുന്നവർക്ക് 50,000 ദിർഹംവരെ പിഴ ചുമത്തുന്നതാണ്. കൂടാതെ മുൻകരുതൽ നടപടികളിൽ സ്ഥാപനങ്ങളും കമ്പനികളും മറ്റും വരുത്തുന്ന വീഴ്ചകൾ, ജുഡീഷ്യൽ ഉത്തരവുകളുടെ ലംഘനം, ചെക്ക് പോയന്റുകളിൽ വരുത്തുന്ന വീഴ്ചകൾ എന്നിവ സംബന്ധിച്ചുള്ള ശിക്ഷാ നടപടികളും ഈ അറിയിപ്പിലുണ്ട്.