ടൂറിസ്റ്റ് വിസയിൽ ദുബൈയിൽ പ്രവേശനം: നിർദ്ദേശങ്ങൾ ഇങ്ങനെ
ദുബൈ: പുതിയ ഇന്ത്യൻ പാസ്പോർട്ടുള്ള യാത്രക്കാർക്ക് ടൂറിസ്റ്റ് വിസയിൽ ദുബൈയിൽ പ്രവേശനം. എമിറേറ്റ്സ് എയർലൈനും ഫ്ളൈ ദുബൈയും യാത്രക്കാരുടെ സംശയത്തിന് മറുപടി നൽകിക്കൊണ്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം 14 ദിവസത്തിനിടയിൽ ഇന്ത്യയിൽ സന്ദർശനം നടത്താത്തവർക്കാണ് യാത്ര ചെയ്യാൻ അനുമതി ലഭിക്കുന്നത്.
ഇന്ത്യക്ക് പുറമെ പാകിസ്താൻ, നേപ്പാൾ, നൈജീരിയ, ശ്രീലങ്ക, ഉഗാണ്ട എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കും ഇത്തരത്തിൽ യാത്ര ചെയ്യാനാവും. യാത്ര ചെയ്യുന്ന രാജ്യത്തിനനുസരിച്ച് പി.സി.ആർ ടെസ്റ്റ് അടക്കമുള്ള മറ്റു മാനദണ്ഡങ്ങൾ പാലിക്കണം. പുതിയ നിർദേശം അനുസരിച്ച് നാട്ടിൽ കുടുങ്ങിയവർക്ക് ഖത്തർ, അർമീനിയ പോലുള്ള രാജ്യങ്ങളിൽ 14 ദിവസം തങ്ങി ടൂറിസ്റ്റ് വിസയിൽ ദുബൈയിലേക്ക് എത്താനാകും. നിലവിൽ റെഗുലർ വിസയുള്ളവർക്ക് ദുബൈയിലേക്ക് യാത്ര ചെയ്യാൻ ഡി.ജി.ആർ.എഫ്.എ അനുമതി, 48 മണിക്കൂറിനിടയിലെ പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് എന്നിവയും യാത്രക്ക് ആറു മണിക്കൂർ മുന്പുള്ള റാപിഡ് ടെസ്റ്റും നടത്തണം.