ബർദുബൈയിലെ മൻഖൂൽ സ്ട്രീറ്റിന് ഇനി മുതൽ അന്തരിച്ച കുവൈത്ത് അമീറിന്റെ പേരിൽ അറിയപ്പെടും

ദുബൈ: ദുബൈ നഗരത്തിലെ പ്രശസ്തമായ മൻഖൂൽ സ്ട്രീറ്റ് ഇനി മുതൽ അന്തരിച്ച കുവൈത്ത് അമീർ ശൈഖ് സബാഹിന്‍റെ പേരിൽ അറിയപ്പെടും. അറബ് ലോകത്തെ ഐക്യത്തിന് ശൈഖ് സബാഹ് നൽകിയ സംഭാവനകൾക്കുള്ള ആദരമാണിത്. ദുബൈ ബർദുബൈയിലെ പ്രശസ്തമായ മൻഖൂൽ സ്ട്രീറ്റിന് ഇനി മുതൽ പേർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹ് സ്ട്രീറ്റ് എന്നായിരിക്കും. ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്‍റെ നിർദേശപ്രകാരമാണ് പേർ മാറ്റം. ഇവിടെ സ്ഥാപിച്ചിരുന്ന 55 ബോർഡുകളും സൈൻ ബോർഡുകളും മാറ്റി സ്ഥാപിച്ചു.
അറുപതാം ദേശീയ ദിനം ആഘോഷിക്കുന്ന കുവൈത്തിനുള്ള ആദരം കൂടിയാണ് ഈ പേർ മാറ്റം. ദുബൈയിലെ ഏറ്റവും പഴക്കം ചെന്ന ഭാഗങ്ങളിലൊന്നാണിത്. ഡിസംബർ രണ്ട് സ്ട്രീറ്റ് മുതൽ ദുബൈ ക്രീക്ക് വരെ നീളുന്ന അൽ മൻകൂൽ റോഡിന്‍റെ പേരാണ് മാറ്റിയത്. എമിറേറ്റിന്‍റെ ചരിത്രവുമായി ബന്ധപ്പെട്ടുകിടക്കുന്നതിനാൽ ഈ പേർ മാറ്റത്തിന് ഏറെ പ്രാധാന്യമുണ്ടെന്ന് റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി ചെയർമാൻ മത്താർ അൽ തായർ പറഞ്ഞു.
കഴിഞ്ഞയാഴ്ച അൽഖുദ്റയിലെ മരുഭൂമിയിൽ ശൈഖ് സബാഹിന്‍റെ പടുകൂറ്റൻ ചിത്രം ശൈഖ് മുഹമ്മദ് പ്രകാശനം ചെയ്തിരുന്നു.