യുഎഇയില്‍ ജോലി ചെയ്യാത്തവര്‍ക്കും ഇനി ദുബൈയില്‍ താമസിക്കാം

ദുബൈ: യുഎഇയില്‍ ജോലി ചെയ്യാത്തവര്‍ക്കും ഇനി ദുബൈയില്‍ താമസിക്കാം. കൊവിഡ് സാഹചര്യത്തില്‍ ഓഫീസുകളില്‍ പോകാതെ ദീര്‍ഘകാലം താമസ സ്ഥലങ്ങളിലിരുന്ന് ജോലി ചെയ്യുന്നവരെ ലക്ഷ്യമിട്ട് പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കകയാണ് ദുബൈ ടൂറിസം ആന്റ് കൊമേഴ്‍സ് മാര്‍ക്കറ്റിങ് വകുപ്പ്. ഇത്തരം പ്രൊഫഷണലുകള്‍ക്ക് ദുബൈയില്‍ താമസിച്ച് മറ്റ് രാജ്യങ്ങളിലെ തങ്ങളുടെ ജോലി ചെയ്യാം.
വിദൂര രീതിയില്‍ ജോലി ചെയ്യുന്നവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വാര്‍ഷികാടിസ്ഥാനത്തില്‍ ദുബൈയിലേക്ക് താമസം മാറ്റാനുള്ള അവസരമാണ് ലഭ്യമാകുന്നത്. ആഗ്രഹമുള്ളവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. ഒരാള്‍ക്ക് 287 ഡോളര്‍ (1,054.15 ദിര്‍ഹം) ആണ് ചെലവ്. യുഎഇയില്‍ സാധുതയുള്ള ആരോഗ്യ ഇന്‍ഷുറന്‍സും പ്രോസസിങ് ഫീസും നല്‍കണം.
അപേക്ഷകര്‍ക്ക് ആറ് മാസമെങ്കിലും കാലാവധിയുള്ള പാസ്‍പോര്‍ട്ട് ഉണ്ടായിരിക്കണം. യുഎഇയില്‍ സാധുതയുള്ള ആരോഗ്യ ഇന്‍ഷുറന്‍സും നിര്‍ബന്ധമാണ്. കുറഞ്ഞത് 5000 ഡോളര്‍ (18,365 ദിര്‍ഹം) പ്രതിമാസ ശന്പളം വേണം. ഇത് തെളിയിക്കാന്‍ മൂന്ന് മാസത്തെ ശന്പള സ്ലിപ്പും ബാങ്ക് സ്റ്റേറ്റ്മെന്റും വേണം. കന്പനി ഉടമയാണെങ്കില്‍ ഒരു വര്‍ഷത്തിനുമേൽ കന്പനിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖയും പ്രതിമാസം ശരാശരി 5000 ഡോളര്‍ വരുമാനം തെളിയിക്കുന്ന ബാങ്ക് സ്റ്റേറ്റ്മെന്റും നല്‍കണം. ഒരു വര്‍ഷത്തേക്ക് പൂര്‍ണമായോ ഏതാനും മാസങ്ങളിലേക്ക് മാത്രമായോ ഇവര്‍ക്ക് ദുബൈയില്‍ താമസിക്കാം.