ഫലസ്തീനികളുടെ അവകാശങ്ങൾക്കുമേലുള്ള ലംഘനങ്ങളെയും കുടിയിറക്കൽ ശ്രമങ്ങളെയും ശക്തമായി എതിർക്കുന്നതായി യുഎഇ
![ഫലസ്തീനികളുടെ അവകാശങ്ങൾക്കുമേലുള്ള ലംഘനങ്ങളെയും കുടിയിറക്കൽ ശ്രമങ്ങളെയും ശക്തമായി എതിർക്കുന്നതായി യുഎഇ ഫലസ്തീനികളുടെ അവകാശങ്ങൾക്കുമേലുള്ള ലംഘനങ്ങളെയും കുടിയിറക്കൽ ശ്രമങ്ങളെയും ശക്തമായി എതിർക്കുന്നതായി യുഎഇ](https://www.4pmnewsonline.com/admin/post/upload/A_K7Z96yw4to_2025-02-07_1738932894resized_pic.jpg)
ദുബൈ: ഫലസ്തീനികളുടെ അവകാശങ്ങൾക്കുമേലുള്ള എല്ലാ ലംഘനങ്ങളെയും കുടിയിറക്കൽ ശ്രമങ്ങളെയും ശക്തമായി നിരാകരിക്കുന്നതായി യു.എ.ഇ വിദേശകാര്യ മന്ത്രാലയം.
പ്രാദേശിക സ്ഥിരതയെ ഭീഷണിയിലാക്കുകയും സമാധാനത്തിനും സഹവർത്തിത്വത്തിനുമുള്ള അവസരങ്ങളെ ദുർബലപ്പെടുത്തുകയും ചെയ്യുന്ന എല്ലാ കുടിയേറ്റ പ്രവർത്തനങ്ങളും നിർത്തണമെന്നും അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമായ നടപടികൾ അവസാനിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്തം നിറവേറ്റണമെന്നും അന്താരാഷ്ട്ര സമൂഹത്തോടും, ഐക്യരാഷ്ട്രസഭയോടും യു.എൻ സുരക്ഷാ കൗൺസിലിനോടും മന്ത്രാലയം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
മേഖലയിലെ സമാധാനത്തിനും സ്ഥിരതക്കും പിന്തുണ നൽകുമെന്നും ഫലസ്തീനികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള ചരിത്രപരവും ഉറച്ചതുമായ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്നും പ്രസ്താവന വ്യക്തമാക്കി.
ഫലസ്തീൻ -ഇസ്രായേൽ സംഘർഷം പരിഹരിക്കുന്നതിനും സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനും ഗൗരവമേറിയ രാഷ്ട്രീയ ആലോചനയുണ്ടാകണം. ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ മാത്രമേ പ്രാദേശിക സ്ഥിരത കൈവരിക്കാൻ കഴിയൂ. മിഡിലീസ്റ്റ് മേഖലയിൽ നിലവിലുള്ള പ്രധാന വെല്ലുവിളികൾ ആശയവിനിമയത്തിലൂടെയും സംഭാഷണത്തിലൂടെയും പരിഹരിക്കാനുള്ള നയതന്ത്ര ചർച്ചകൾക്ക് മുൻഗണന നൽകുകയും സമാധാന പ്രക്രിയയെ സഹായിക്കുന്നതിനായി പ്രാദേശികവും അന്തർദേശീയവുമായ ശ്രമങ്ങൾ ശക്തമാക്കുകയും ചെയ്യണം. സംഘർഷത്തിന്റെ മൂലകാരണങ്ങൾ പരിഹരിക്കുന്നതിനും ഫലസ്തീനുകൾക്കും ഇസ്രായേലികൾക്കും സമാധാനം ഉറപ്പാക്കുന്നതിന് നീതിയുക്തവും ശാശ്വതവുമായ ഒരു പരിഹാരത്തിലെത്തുന്നതിനുമുള്ള ശ്രമങ്ങൾ അന്താരാഷ്ട്ര സമൂഹം ശക്തമാക്കണം -പ്രസ്താവന കൂട്ടിച്ചേർത്തു.
sdsdf