ദുബൈ ‘സ്മാർട്ട് വാടക സൂചിക’ നടപ്പാക്കുന്നു


ദുബൈ: അതിവേഗം വളരുന്ന എമിറേറ്റിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ സുതാര്യതയും നവീകരണവും ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി ‘സ്മാർട്ട് വാടക സൂചിക’ നടപ്പാക്കുന്നു. ദുബൈ ലാൻഡ് ഡിപ്പാർട്മെന്‍റ്(ഡി.എൽ.ഡി) അടുത്ത വർഷം ജനുവരിയിൽ നടപ്പാക്കുന്ന പുതിയ സംവിധാനം ഭൂവുടമകൾ, വാടകക്കാർ, നിക്ഷേപകർ എന്നിവർക്ക് ഉപകാരപ്രദമാകുന്നതാണ്.

എല്ലാവർക്കും റിയൽ എസ്റ്റേറ്റ് മേഖലയിലെ ഏറ്റവും പുതിയതും കൃത്യവുമായ വിവരങ്ങൾ ലഭിക്കുന്നതിനാൽ ‘സ്മാർട്ട് വാടക സൂചിക’ വാടക നിർണയിക്കുന്നതിനും പുതുക്കുന്നതിനും ഏറെ ഉപകാരപ്പെടും.

നിലവിലുള്ള റെന്‍റൽ ഇൻഡക്‌സ് ലഭ്യമാകുന്ന ഓൺലൈൻ പോർട്ടൽ വസ്തുവിന്‍റെ പ്രതിവർഷ മൂല്യത്തെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ് ലഭ്യമാക്കുന്നത്. ഇതിൽനിന്ന് വ്യത്യസ്തമായി തത്സമയ ഇടപാടുകളിൽനിന്ന് ശേഖരിക്കുന്നതും നിർമിതബുദ്ധി സാങ്കേതിക വിദ്യ ഉപയോഗിച്ചുമുള്ള ഡേറ്റയാണ് പുതിയ സൂചികയിൽനിന്ന് ലഭ്യമാവുക.

അത്യാധുനിക സാങ്കേതികവിദ്യകളെ റിയൽ എസ്റ്റേറ്റ് രംഗവുമായി സംയോജിപ്പിക്കുന്ന സംവിധാനം എല്ലാ വിപണി പങ്കാളികളുടെയും ആവശ്യങ്ങൾക്കനുസൃതമായ സേവനം ഉറപ്പാക്കുന്നതുമാണ്. കഴിഞ്ഞ നാല് വർഷമായി ദുബൈയിലെ വാടക വർധിച്ചുകൊണ്ടിരിക്കുകയാണ്. എമിറേറ്റിലേക്ക് പുതിയ താമസക്കാരുടെയും നിക്ഷേപകരുടെയും വരവ് വർധിച്ചതാണിതിന് കാരണം.

ഈ വർഷം മാത്രം ദുബൈയിൽ ജനസംഖ്യ ഒരു ലക്ഷത്തിലധികം വർധിച്ചതായാണ് കണക്കാക്കുന്നത്. 2024ന്‍റെ മൂന്നാം പാദത്തിൽ നഗരത്തിലെ വാടക 18 ശതമാനം വർധിച്ചതായാണ് വിലയിരുത്തപ്പെടുന്നത്. വില്ല വാടകയിൽ വർഷാവർഷം 13 ശതമാനം വർധനവും അപ്പാർട്മെന്‍റ് വാടകയിൽ 19 ശതമാനം കുത്തനെ വർധനവുമാണ് രേഖപ്പെടുത്തിയത്.

പുതിയ താമസ സ്ഥലങ്ങൾക്കായുള്ള ആവശ്യം എമിറേറ്റിൽ വിതരണത്തേക്കാൾ കൂടുതലാണ്. ഇത് നഗരത്തിലെ എല്ലാ മേഖലയിലുമുള്ള വാടകയിൽ വർധനക്ക് കാരണമാകുകയാണ്. ഇക്കഴിഞ്ഞ ആഗസ്റ്റിൽ വാടക നിരക്കുകൾ താമസക്കാർക്ക് വളരെ എളുപ്പത്തിൽ ലഭ്യമാക്കുന്ന ഔദ്യോഗിക വാടക സൂചിക അബൂദബി പുറത്തിറക്കിയിരുന്നു.

എമിറേറ്റിലെ പ്രോപ്പർട്ടികളുടെ വാടക വ്യക്തമാക്കുന്ന സൂചിക വഴി വിവിധ മേഖലകളിലെ വാടക അറിയാനാവും. നഗരത്തിലെ കെട്ടിടങ്ങളുടെ ത്രൈമാസ വാടക നിരക്കാണ് പ്ലാറ്റ്ഫോമിലൂടെ ലഭ്യമാക്കുന്നത്. താമസ, വാണിജ്യ, വ്യവസായ കേന്ദ്രങ്ങളിലെ വിശ്വസനീയമായ വാടക ഇതുവഴി താമസക്കാർക്ക് ലഭിക്കും. അബൂദബി റിയൽ എസ്റ്റേറ്റ് വെബ്സൈറ്റിലൂടെയാണ് ഈ സേവനം ലഭ്യമാക്കുന്നത്.

article-image

xcbcb

You might also like

Most Viewed