ചരക്കുനീക്കത്തിന് ‘ലോജിസ്റ്റി’ ആപ്പുമായി ദുബൈ
ദുബൈ: എമിറേറ്റിൽ വാണിജ്യാടിസ്ഥാനത്തിലുള്ള ചരക്കുനീക്കം കൂടുതൽ സുഗമമാക്കുന്നതിനായി പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോം അവതരിപ്പിച്ച് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). ചരക്ക് ഗതാഗത മേഖലയിലെ മുൻനിര ഡിജിറ്റൽ പ്ലാറ്റ്ഫോമായ ‘ട്രുക്കറു’മായി കൈകോർത്ത് ‘ലോജിസ്റ്റി’ എന്ന പേരിലാണ് പുതിയ ഡിജിറ്റൽ ആപ്ലിക്കേഷൻ വികസിപ്പിച്ചിരിക്കുന്നത്.
എമിറേറ്റിലെ വ്യത്യസ്ത ഉപഭോക്താക്കൾക്കും ബിസിനസ് സ്ഥാപനങ്ങൾക്കും വാണിജ്യ ഗതാഗത സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനൊപ്പം വാണിജ്യ, ചരക്കു വാഹനങ്ങൾ ബുക്ക് ചെയ്യാനും അവയുടെ നീക്കങ്ങൾ ട്രാക്ക് ചെയ്യാനും ആപ് വഴി സാധിക്കും. നിർമിത ബുദ്ധി (എ.ഐ) സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന സി.ബി.എം കാൽക്കുലേറ്റർ ഉൾപ്പെടെ മികച്ച സാങ്കേതിക സവിശേഷതകൾ ഉൾക്കൊള്ളുന്നതാണ് പുതിയ ഡിജിറ്റൽ ആപ്.
ചരക്കുകളുടെ ഫോട്ടോ അല്ലെങ്കിൽ വിഡിയോ അപ്ലോഡ് ചെയ്ത് മൊത്തം ചരക്കുകളുടെ അളവ് അറിയാൻ ഇതുവഴി സാധിക്കും. എമിറേറ്റിലെ പ്രധാന വാണിജ്യ ഗതാഗത സ്ഥാപനങ്ങളുമായി ഉപഭോക്താക്കളെ ബന്ധിപ്പിച്ച് കാര്യക്ഷമവും വിശ്വസനീയവുമായ സേവനങ്ങളിലൂടെ ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. ഇതുവഴി ദുബൈയിലെ ചരക്കുനീക്കം കൂടുതൽ വേഗത്തിലും എളുപ്പത്തിലുമാക്കാൻ സാധിക്കും.
ദുബൈ ഇക്കണോമിക് അജണ്ടയെ (ഡി33) പിന്തുണക്കുന്നതാണ് പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോമെന്ന് ആർ.ടി.എ എക്സിക്യൂട്ടിവ് ഡയറക്ടർ ബോർഡ് ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ അൽ തായർ പറഞ്ഞു. ദുബൈ കമേഴ്സ്യൽ റോഡ് ട്രാൻസ്പോർട്ട് ആൻഡ് ലോജിസ്റ്റിക്സ് സ്ട്രാറ്റജി 2030ന്‍റെ ഭാഗമാണ് പുതിയ സംരംഭമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തിന്‍റെ സമ്പദ്വ്യവസ്ഥയിൽ ചരക്കുഗതാഗത മേഖലയിൽ നിന്നുള്ള സംഭാവന ഇരട്ടിയാക്കി 16.8 ശതകോടി ദിർഹമാക്കി വർധിപ്പിക്കുകയാണ് ലക്ഷ്യം. ഇതിനായി മേഖലയിലെ സാങ്കേതിക വിദ്യകളുടെ ഉപയോഗം 75 ശതമാനമായി ഉയർത്തുകയും പ്രവർത്തനക്ഷമത 10 ശതമാനം മെച്ചപ്പെടുത്തുകയും ചെയ്യും.
നിലവിൽ ദുബൈയിൽ 10,000 ചരക്കുഗതാഗത സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ മേഖലയുടെ പ്രതിവർഷ വളർച്ച 34 ശതമാനമാണ്. കൂടാതെ എമിറേറ്റിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ എണ്ണം 3,51,000 ആയി വർധിച്ചിരിക്കുകയാണ്. രണ്ടര ലക്ഷത്തിനടുത്ത് തൊഴിലവസരങ്ങളും ഈ മേഖലയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം ഗതാഗത, സംഭരണ മേഖലയിലും മികച്ച വളർച്ചയാണ് രേഖപ്പെടുത്തിയത്.