എമിറേറ്റിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം
ദുബൈ: 2025-27 വർഷത്തേക്കുള്ള ബജറ്റിന് അംഗീകാരം നൽകി യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. കഴിഞ്ഞ ദിവസം എക്സ് അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഇക്കാര്യം പുറത്തുവിട്ടത്. എമിറേറ്റിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 30200 കോടി ദിർഹം വരുമാനവും 27,200 കോടി ദിർഹം ചെലവും പ്രതീക്ഷിക്കുന്ന ബജറ്റിൽ അടിസ്ഥാന സൗകര്യ വികസനത്തിനാണ് ഊന്നൽ. ബജറ്റ് വിഹിതത്തിൽ 46 ശതമാനം നീക്കിവെച്ചിരിക്കുന്നത് വിമാനത്താവള വികസനത്തിനൊപ്പം റോഡുകൾ, പാലങ്ങൾ, ഓവുചാൽ ശൃംഖലകൾ എന്നിവയുടെ നിർമാണത്തിനും ഊർജ ഉൽപാദനത്തിനുമാണ്. 30 ശതമാനം ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക വികസനം, പാർപ്പിടം, മറ്റ് അവശ്യ കമ്യൂണിറ്റി സേവനം എന്നിവക്കായാണ് നീക്കിവെച്ചിരിക്കുന്നതെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. എമിറേറ്റിലെ ജനങ്ങളുടെ ക്ഷേമം വർധിപ്പിക്കുന്നതിന് ദുബൈ സർക്കാറിന്‍റെ പ്രതിബദ്ധതയാണ് ബജറ്റ് അടിവരയിടുന്നത്.
വരുമാനത്തിൽ 21 ശതമാനം മിച്ചം പ്രതീക്ഷിക്കുന്ന ബജറ്റിലൂടെ എമിറേറ്റിന്‍റെ ദീർഘകാല സാമ്പത്തിക സുസ്ഥിരതയാണ് ലക്ഷ്യമിടുന്നത്. കൂടാതെ, ഈ വർഷം പൊതു, സകാര്യ പങ്കാളിത്തത്തിനായി 4000 കോടി ദിർഹമിന്‍റെ പ്രത്യേക വിഭാഗവും പ്രഖ്യാപിച്ചിട്ടുണ്ട്. ഭാവി തലമുറകൾക്കായി രാജ്യത്തിന്‍റെ സാമ്പത്തികം മിച്ചം സംരക്ഷിക്കുകയും സൂക്ഷിക്കുകയുമാണ് സർക്കാറിന്‍റെ പരമമായ ലക്ഷ്യം. 2025 സാമ്പത്തിക വർഷം 86.26 ശതകോടി ദിർഹം ചെലവും 97.66 ശതകോടി വരുമാനവുമാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരുമാനത്തിൽ 500 കോടി ദിർഹം ദുബൈ പ്ലാൻ 2030, ദുബൈ ഇക്കണോമിക് അജണ്ടയായ ഡി33, ക്വാളിറ്റി ഓഫ് ലൈഫ് സ്ട്രാറ്റജി 2033 എന്നീ ലക്ഷ്യങ്ങൾ നേടുന്നതിനായുള്ള പൊതുകരുതലായി നീക്കിവെക്കും. സർക്കാറിന്‍റെ സാമ്പത്തിക സുസ്ഥിരതയാണ് ദുബൈ ഫിനാൻസ് ഡിപ്പാർട്മെന്‍റ് ലക്ഷ്യമിടുന്നതെന്ന് ഡയറക്ടർ ജനറൽ അബ്ദുറഹ്മാൻ സാലിഹ് അൽ സാലിഹ് പറഞ്ഞു.
fdgd