ഡ്രൈവിങ് ലൈസൻസിനുള്ള പ്രായപരിധി 17 ആക്കി കുറച്ച് യുഎഇ


ദുബൈ: ഡ്രൈവിങ് ലൈസൻസിനുള്ള പ്രായപരിധി 17 ആക്കി കുറച്ചത് ഉൾപ്പെടെ ഗതാഗത നിയമത്തിൽ സമഗ്ര പരിഷ്കരണം പ്രഖ്യാപിച്ച് യു.എ.ഇ. നിലവിൽ 18 വയസ്സാണ് ഡ്രൈവിങ് ലൈസൻസ് ലഭിക്കാനുള്ള പ്രായപരിധി. ജി.സി.സി രാജ്യങ്ങളിൽ ഇത്തരമൊരു പരിഷ്കാരം നടപ്പാക്കുന്ന ആദ്യ രാജ്യമാണ് യു.എ.ഇ. 2025 മാർച്ച് 29 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. റോഡ് സുരക്ഷ വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി ഗതാഗത നിയലംഘനങ്ങൾക്കുള്ള ശിക്ഷ കർശനമാക്കി. പുതിയ നിയമം അനുസരിച്ച് ഗതാഗത നിയമലംഘനങ്ങൾക്ക് തടവും രണ്ട് ലക്ഷം ദിർഹം വരെ പിഴയും ശിക്ഷ ലഭിക്കും. നിയമവിരുദ്ധമായി റോഡ് മുറിച്ചുകടന്നാൽ തടവും 5000 മുതൽ 10,000 ദിർഹം വരെ പിഴയുമാണ് ശിക്ഷ. മയക്കുമരുന്ന് ഉൾപ്പെടെ ലഹരിമരുന്ന് ഉപയോഗിച്ച് വാഹനം ഓടിച്ചാൽ തടവും രണ്ട് ലക്ഷം ദിർഹം വരെ പിഴയും ചുമത്തും. ആദ്യ നിയമലംഘനത്തിന് ആറ് മാസത്തേക്കും രണ്ടാമത്തേതിന് ഒരു വർഷത്തേക്കും ഡ്രൈവിങ്ങ് ലൈസൻസ് സസ്‌പെൻഡ് ചെയ്യും. മൂന്നാം തവണ ആവർത്തിച്ചാൽ ലൈസൻസ് റദ്ദാക്കും. മദ്യപിച്ച് വാഹനം ഓടിച്ചാൽ തടവോ 20,000 മുതൽ ഒരു ലക്ഷം ദിർഹം വരെ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം. ആദ്യ ലംഘനത്തിന് മൂന്ന് മാസത്തേക്കും രണ്ടാമത്തേതിന് ആറ് മാസത്തേക്കും ലൈസൻസ് മരവിപ്പിക്കും. മൂന്നാം തവണ ആവർത്തിച്ചാൽ ലൈസൻസ് റദ്ദാക്കും. സസ്പെൻഷൻ കാലയളവിൽ വാഹനം ഓടിച്ചാൽ മൂന്ന് മാസത്തിൽ കൂടാതെയുള്ള തടവോ 10,000 ദിർഹത്തിൽ കുറയാത്ത പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും.

യു.എ.ഇ അംഗീകാരമില്ലാത്ത വിദേശ ലൈസൻസ് ഉപയോഗിച്ച് വാഹനം ഓടിച്ചാൽ ആദ്യ ലംഘനത്തിന് 2000 മുതൽ 10000 ദിർഹം വരെ പിഴ ലഭിക്കും. ആവർത്തിച്ചാൽ 5000 മുതൽ 50000 വരെ പിഴയും തടവുമാണ് ശിക്ഷ. ലൈസൻസ് ഇല്ലാതെയോ ലൈസൻസിൽ ഉൾപ്പെടാത്ത മറ്റ് വാഹനങ്ങൾ ഓടിക്കുകയോ ചെയ്താൽ മൂന്ന് മാസം തടവോ 5000 മുതൽ 50,000 ദിർഹം വരെ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം. ലംഘനം ആവർത്തിച്ചാൽ മൂന്നു മാസത്തിൽ കുറയാത്ത തടവോ 20000 മുതൽ ഒരു ലക്ഷം ദിർഹം വരെ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും. ഗുരുതര കുറ്റങ്ങൾക്ക് കടുത്ത ശിക്ഷ പരിക്കിന് കാരണമാവുന്ന അപകടമുണ്ടാക്കിയ ശേഷം തക്കതായ കാരണമില്ലാതെ വാഹനം നിർത്താതിരിക്കുക, അപകടത്തെക്കുറിച്ചുള്ള ശരിയായ വിവരങ്ങൾ നൽകാതിരിക്കുക, പൊലീസ് ഉദ്യോഗസ്ഥരെ വെട്ടിച്ച് കടന്നുകളയുക, കൃത്യനിർവഹണത്തിനിടെ ട്രാഫിക്, സൈനിക, സുരക്ഷ ഉദ്യോഗസ്ഥരുടെ വാഹനങ്ങളിൽ ബോധപൂർവം ഇടിക്കുക തുടങ്ങിയ ഗുരുതര നിയമലംഘനങ്ങൾക്ക് രണ്ട് വർഷത്തിൽ കൂടാതെ തടവും അമ്പതിനായിരം മുതൽ ഒരു ലക്ഷം വരെ ദിർഹം പിഴയും ശിക്ഷ ലഭിക്കും.


അശ്രദ്ധ മൂലം മരണമുണ്ടായാൽ തടവും 50,000 ദിർഹം വരെ പിഴയും ലഭിക്കും. എന്നാൽ, ജീവഹാനി ഉണ്ടാവുന്നത് റെഡ് സിഗ്നൽ മറികടന്നോ, മദ്യം, മയക്കുമരുന്ന് എന്നിവയുടെ സ്വാധീനം മൂലം വാഹനം ഓടിച്ചോ ആണെങ്കിൽ ഒരു വർഷത്തിൽ കുറയാതെ ജയിൽ ശിക്ഷയും ഒരു ലക്ഷത്തിൽ കുറയാതെ പിഴയും ശിക്ഷ ലഭിക്കും. സസ്‌പെൻഡ് ചെയ്തതോ റദ്ദാക്കിയതോ ആയ ലൈസൻസ് ഉപയോഗിച്ച് വാഹനം ഓടിക്കുക, പ്രളയസമയത്ത് താഴ്വരയിലൂടെ വാഹനം ഓടിക്കുക എന്നീ കുറ്റങ്ങൾക്കും സമാനമായ ശിക്ഷ ലഭിക്കും. നമ്പർ പ്ലേറ്റിൽ കൃത്രിമം കാണിക്കുക, നമ്പർ പ്ലേറ്റിലെ വിവരങ്ങൾ അനധികൃതമായി തിരുത്തുക, അനധികൃത നമ്പർ പ്ലേറ്റുകൾ ഉപയോഗിക്കുന്നത് തടയാതിരിക്കുക എന്നീ കുറ്റങ്ങൾക്ക് തടവും 20,000 ദിർഹം വരെ പിഴയും ലഭിക്കും.

article-image

kjgjkg

You might also like

  • Lulu Exchange
  • Straight Forward

Most Viewed