യുഎയിൽ എഴുത്തുപരീക്ഷക്ക് പകരം ഇനി കുട്ടികളുടെ നൈപുണ്യവും മൂല്യനിർണയത്തിന് അടിസ്ഥാനമാകും
ദുബൈ: യുഎഇയിൽ വർഷാവസാനത്തിലെ എഴുത്തുപരീക്ഷക്ക് പകരം കുട്ടികളുടെ നൈപുണ്യവും അറിവും മൂല്യനിർണയത്തിന്‍റെ അടിസ്ഥാനമാക്കും. രാജ്യത്തെ പബ്ലിക് സ്കൂളുകളിലെ അഞ്ചുമുതൽ എട്ടുവരെ ക്ലാസുകളിലാണ് പുതിയ അധ്യയന വർഷത്തിൽ പദ്ധതി നടപ്പിലാക്കുന്നത്. പുതിയ അധ്യായന വർഷം ആരംഭിക്കാനിരിക്കെ, പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഒരുക്കങ്ങൾ സംബന്ധിച്ച് വിശദീകരിക്കുന്ന പത്രസമ്മേളനത്തിലാണ് യു.എ.ഇ വിദ്യഭ്യാസ മന്ത്രി സാറ ബിൻത് യൂസുഫ് അൽ അമീരി ഇക്കാര്യം വെളിപ്പെടുത്തിയത്. വിദ്യാർഥികളുടെ കഴിവുകളെക്കുറിച്ച് ശരിയായി മനസ്സിലാക്കാൻ പൊതു വിദ്യാലയങ്ങളിലെ മൂല്യനിർണയ സമ്പ്രദായം നവീകരിക്കുന്നതിന്‍റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും അവർ വ്യക്തമാക്കി. ഇതുവഴി വിവിധ രംഗങ്ങളിൽ വിദ്യാർഥികളെ സഹായിക്കാനാണ് ലക്ഷ്യമിടുന്നത്.
ഗ്രേഡ് അഞ്ച് മുതൽ എട്ട് വരെയുള്ള വിദ്യാർഥികൾക്ക് രണ്ടാമത്തെ ടേം പരീക്ഷ പ്രോജക്ടായി മാറും. പ്രോജക്ട് വിദ്യാർഥികളുടെ അറിവിനെ മാത്രമല്ല കഴിവുകൾ അളക്കുന്നതായിരിക്കും -അവർ വ്യക്തമാക്കി.12 പുതിയ സ്കൂളുകളും അറ്റകുറ്റപ്പണിക്കുശേഷം തുറക്കുന്ന 13 എണ്ണവും ഉൾപ്പെടെ 25 സ്കൂളുകൾ പുതിയ അധ്യയന വർഷത്തിൽ തുറക്കുന്നുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. അധ്യയന വർഷത്തിന് മുന്നോടിയായി 5000ലധികം പുതിയ ബസുകളും ഏർപ്പെടുത്തിയിട്ടുണ്ട്. കുട്ടികളെ സ്വാഗതം ചെയ്യുന്ന കിറ്റുകൾ വിതരണം ചെയ്തും പുതിയ പാരന്‍റ് ഓറിയന്‍റേഷൻ വെബ്‌സൈറ്റുകൾ സജ്ജീകരിച്ചും വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിദ്യാർഥികളുടെ തിരിച്ചുവരവിന് സജീവമായി തയാറെടുക്കുകയാണ്.
ആദ്യദിവസത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി പല സ്‌കൂളുകളും സമീപത്തെ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. അടുത്തടുത്ത സ്ഥാപനങ്ങളുടെ ക്ലാസ് തുടങ്ങുന്ന സമയങ്ങൾ വ്യത്യസ്തമാകുന്നത് ഗതാഗതക്കുരുക്ക് കുറക്കുന്നതാണ്. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി വിപണിയും വളരെ സജീവമാണ്. യു.എ.ഇയിലെ രക്ഷിതാക്കൾ ശരാശരി ഓരോ കുട്ടിക്കും 2000 ദിർഹം വരെ സ്കൂളിലേക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങാനായി ചെലവഴിക്കുന്നുണ്ടെന്നാണ് കണക്ക്. ആഗസ്റ്റ് 26ന് യു.എ.ഇയിലെ പൊതു വിദ്യാലയങ്ങൾ തുറക്കുമ്പോൾ 2.8 ലക്ഷത്തിലധികം വിദ്യാർഥികൾ സ്‌കൂളുകളിലേക്ക് മടങ്ങിയെത്തുമെന്ന് അധികൃതർ അറിയിച്ചു.
asff