പ്രതിഷേധ പ്രകടനങ്ങളിൽ പങ്കെടുത്ത മൂന്ന് ബംഗ്ലാദേശ് പൗരന്മാരെ ജീവപര്യന്തം തടവിനും 54 പേരെ നാടുകടത്താനും വിധിച്ച് യുഎഇ


അബുദാബി: യുഎഇയിൽ നടത്തിയ പ്രതിഷേധ പ്രകടനങ്ങളിൽ പങ്കെടുത്ത മൂന്ന് ബംഗ്ലാദേശ് പൗരന്മാരെ ജീവപര്യന്തം തടവിനും 54 പേരെ നാടുകടത്താനും കോടതി വിധിച്ചു. അനധികൃതമായി രാജ്യത്ത് പ്രവേശിച്ച് 'കൂട്ടായ്മ'യിൽ പങ്കെടുത്തതിന് മറ്റ് 53 പേർക്ക് 10 വർഷവും ഒരു പ്രതിക്ക് 11 വർഷവും തടവ് ശിക്ഷ വിധിച്ചു. ഇതേ തുടർന്ന് യുഎഇയിലെ ബംഗ്ലാദേശി നയതന്ത്ര കാര്യാലയങ്ങൾ പ്രവാസികളായ പൗരന്മാരോട് പ്രാദേശിക നിയമങ്ങൾ പാലിക്കണമെന്നും നിരോധിത പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്നും അഭ്യർഥിച്ചു. നിയമം ലംഘിച്ചാൽ വീസ റദ്ദാക്കൽ, ജയിൽ ശിക്ഷ, പിഴ, യുഎഇയിൽ പ്രവേശിക്കുന്നതിനുള്ള നിരോധനം എന്നിവയ്ക്ക് കാരണമാകും. അബുദാബിയിലെ ബംഗ്ലാദേശ് എംബസിയും ദുബായിലെ കോൺസുലേറ്റ് ജനറലും അവരുടെ പൗരന്മാരോട് ഇത്തരം പ്രവർത്തനങ്ങളുടെ വിഡിയോകളും ഫോട്ടോകളും എടുക്കരുതെന്നും കിംവദന്തികളും പ്രചാരണങ്ങളും പങ്കിടരുതെന്നും ആവശ്യപ്പെട്ടു. ബംഗ്ലാദേശിൽ അടുത്തിടെ നടന്ന തൊഴിൽ സംവരണത്തെച്ചൊല്ലിയുള്ള കലാപത്തെത്തുടർന്ന് ഗവൺമെൻ്റിൽ സമ്മർദ്ദം ചെലുത്താൻ യുഎഇയിലും ബംഗ്ലാദേശി പൗരൻമാർ പ്രകടനങ്ങൾ നടത്തുകയായിരുന്നു.

ഇതേ തുടർന്ന് ഇവരെക്കുറിച്ച് അടിയന്തര അന്വേഷണം ആരംഭിക്കാൻ യുഎഇ അറ്റോർണി ജനറൽ ചാൻസലർ ഡോ. ഹമദ് സെയ്ഫ് അൽ ഷംസി ഉത്തരവിട്ടിരുന്നു.
പൊതുസ്ഥലത്ത് ഒത്തുകൂടി കലാപമുണ്ടാക്കുക, നിയമങ്ങളും ചട്ടങ്ങളും നടപ്പാക്കുന്നത് തടസ്സപ്പെടുത്തുക, വ്യക്തിസ്വാതന്ത്ര്യം ഹനിക്കുക എന്നീ ലക്ഷ്യങ്ങളോടെ സ്വന്തം ഗവൺമെൻ്റിനെതിരെ പ്രതിഷേധിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങളാണ് പ്രതികൾ ചെയ്തതെന്ന് യുഎഇ അറ്റോർണി ജനറലിൻ്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. മറ്റുള്ളവരുടെ താൽപര്യങ്ങൾ ഹനിക്കുംവിധം ദോഷവും അപകടവും ഉണ്ടാക്കുക, അവരുടെ അവകാശങ്ങൾ ലംഘിക്കുക, ഗതാഗതം തടസ്സപ്പെടുത്തുക, പൊതു-സ്വകാര്യ സ്വത്ത് നശിപ്പിക്കുക, ബോധപൂർവം ഗതാഗതം തടസ്സപ്പെടുത്തി പ്രകടനങ്ങൾക്ക് ആഹ്വാനം ചെയ്യുക എന്നിവ കൂടാതെ രാജ്യ സുരക്ഷയ്ക്കും പൊതുജീവിതത്തിനും എതിരായ കുറ്റകൃത്യങ്ങളും നടത്തിയതായി കണ്ടെത്തി. യുഎഇയുടെ താൽപര്യങ്ങൾ അപകടത്തിലാക്കുന്നത ഈ പ്രവൃത്തികളുടെ വിഡിയോ ദൃശ്യങ്ങൾ ഓൺലൈനിൽ റെക്കോർഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്തു എന്നതാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയ മറ്റു കുറ്റങ്ങൾ. പ്രവാസികൾ യുഎഇയുടെ നിയമങ്ങൾ പാലിക്കണം യുഎഇയിൽ താമസിക്കുന്ന പ്രവാസികളായ എല്ലാ ബംഗ്ലാദേശികളും ആതിഥേയ രാജ്യത്തിൻ്റെ നിയമങ്ങളും ചട്ടങ്ങളും മാനിക്കാൻ അധികൃതർ അഭ്യർഥിച്ചു. ബന്ധപ്പെട്ട അധികാരികളുടെ മുൻകൂർ അനുമതിയില്ലാതെ ഏതെങ്കിലും തരത്തിലുള്ള സമ്മേളനം, ഘോഷയാത്ര അല്ലെങ്കിൽ മുദ്രാവാക്യം വിളിക്കൽ, പൊതുജനങ്ങളിൽ അസ്വസ്ഥതയോ പരിഭ്രാന്തിയോ ആശയക്കുഴപ്പമോ സൃഷ്ടിക്കുന്ന ഏതെങ്കിലും പ്രവർത്തനങ്ങളിൽ ഏർപ്പെടുക, കിംവദന്തികൾ പ്രചരിപ്പിക്കുക, അതിൻ്റെ വിഡിയോ അല്ലെങ്കിൽ അത്തരത്തിലുള്ള ഏതെങ്കിലും സന്ദേശമോ ചിത്രമോ സമൂഹമാധ്യമത്തിൽ റെക്കോർഡുചെയ്യുക എന്നീ കുറ്റങ്ങളിൽ നിന്ന് മാറി നിൽക്കണം.
അതേസമയം, യുഎഇയിൽ പ്രകടനം നടത്തിയവർക്കെതിരെയുള്ള ശിക്ഷാ നടപടി ഇന്ത്യക്കാരുൾപ്പെടെയുള്ളവർക്ക് മുന്നറിയിപ്പാണെന്ന് നിയമവിദഗ്ധരും സാമൂഹിക പ്രവർത്തകരും അഭിപ്രായപ്പെടുന്നു.

article-image

sdfgdsg

You might also like

Most Viewed