കൊടുങ്കാറ്റായി സിറാജ്; ദക്ഷിണാഫ്രിക്ക 55 റൺസിന് പുറത്ത്


കേപ്ടൗൺ: മുഹമ്മദ് സിറാജിന്റെ മാരക പേസാക്രമണത്തിൽ തകർന്നടിഞ്ഞ് ദക്ഷിണാഫ്രിക്ക. രണ്ടാം ടെസ്റ്റിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ആതിഥേയരുടെ വിക്കറ്റുകളെല്ലാം 55 റൺസെടുക്കുമ്പോഴേക്കും നിലംപൊത്തി. ഒമ്പതോവറിൽ 15 റൺസ് മാത്രം വിട്ടുകൊടുത്ത് സിറാജ് ആറുപേരെ മടക്കിപ്പോൾ ജസ്പ്രീത് ബുംറയും മുകേഷ് കുമാറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി മികച്ച പിന്തുണ നൽകി. സ്കോർ ബോർഡിൽ അഞ്ച് റൺസുള്ളപ്പോൾ ഓപണർ എയ്ഡൻ മർക്രാമിനെ യശസ്വി ജയ്സ്വാളിന്റെ കൈയിലെത്തിച്ചാണ് സിറാജ് വിക്കറ്റ് വേട്ട തുടങ്ങിയത്. വൈകാതെ അവസാന ടെസ്റ്റ് കളിക്കുന്ന താൽക്കാലിക ക്യാപ്റ്റൻ ഡീൻ എൽഗറിന്റെ സ്റ്റമ്പ് പിഴുതെടുത്തു. നാല് റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. ഇതിനിടെ മൂന്ന് റൺസെടുത്ത ട്രിസ്റ്റൺ സ്റ്റബ്സിനെ ബുംറയുടെ പന്തിൽ രോഹിത് ശർമ പിടികൂടി.

17 പന്ത് നേരിട്ട് തട്ടിയും മുട്ടിയും രണ്ട് റൺസ് ചേർത്ത ടോണി ഡി സോർസിയെ മടക്കി സിറാജ് വിക്കറ്റ് നേട്ടം മൂന്നാക്കി. സോർസിയുടെ ബാറ്റിൽ തട്ടിയ പന്ത് വിക്കറ്റ് കീപ്പർ കെ.എൽ രാഹുലിന്റെ കൈയിൽ വിശ്രമിക്കുകയായിരുന്നു. 12 റൺസെടുത്ത ഡേവിഡ് ബെഡിങ്ഹാമിനെ യശസ്വി ജയ്സ്വാളിനെയും തുടർന്നെത്തിയ മാർകോ ജാൻസനെ റൺസെടുക്കും മുമ്പ് രാഹുലിനെയും 15 റൺസെടുത്ത കെയ്ൽ വെരെയ്നെ ശുഭ്മൻ ഗില്ലിനെയും ഏൽപിച്ചതോടെ സിറാജിന്റെ വിക്കറ്റ് നേട്ടം ആറായി. മൂന്ന് റൺസെടുത്ത കേശവ് മഹാരാജിനെ മുകേഷ് കുമാറിന്റെ പന്തിൽ ബുംറ പിടികൂടി. നാല് റൺസെടുത്ത നാന്ദ്രെ ബർഗർ ജയ്സ്വാളിന് മൂന്നാം ക്യാച്ച് നൽകി മടങ്ങി. ബുംറക്കായിരുന്നു വിക്കറ്റ്. അഞ്ച് റൺസെടുത്ത കഗിസൊ റബാദയെ മുകേഷ് കുമാറിന്റെ പന്തിൽ ശ്രേയസ് അയ്യരും പിടികൂടിയതോടെ ദക്ഷിണാഫ്രിക്കൻ ഇന്നിങ്സിനും വിരാമമായി. റൺസൊന്നുമെടുക്കാതെ ലുംഗി എംഗിഡി പുറത്താകാതെനിന്നു.

article-image

XZXZXZX

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed