ബ്രസീൽ ടീമിനെ വിലക്കുമെന്ന് ഫിഫയുടെ മുന്നറിയിപ്പ്
ബ്രസീൽ ഫുട്ബാൾ ടീമിനെയും ക്ലബുകളെയും വിലക്കുമെന്ന മുന്നറിയിപ്പുമായി അന്താരാഷ്ട്ര ഫുട്‌ബാൾ ഫെഡറേഷൻ. ഫിഫയുടെ അന്താരാഷ്ട്ര നിയമങ്ങൾക്ക് മേൽ സർക്കാർ കടന്നുകയറ്റം ചൂണ്ടിക്കാണിച്ചാണ് വിലക്ക് ഭീഷണി ഉയർത്തിയത്. സംഘടനാ തെരഞ്ഞെടുപ്പിലെ ക്രമക്കേടുകളെ തുടർന്ന് ബ്രസീൽ ഫുട്ബാൾ കോൺഫെഡറേഷൻ (സി.ബി.എഫ്) അധ്യക്ഷനായിരുന്ന എഡ്നാൾഡോ റോഡ്രിഗസിനെ ബ്രസീൽ കോടതി പുറത്താക്കിയിരുന്നു. റിയോ ഡേ ജനീറോയിലെ കീഴ്കോടതി ഉത്തരവ് മേൽകോടതി ശരിവെക്കുകയും ചെയ്തു. എന്നാൽ, സർക്കാറിന്റെയും കോടതിയുടെ ഇടപെടൽ ഫിഫ നിയമങ്ങൾ മറികടന്നാണെന്നും എഡ്നാൾഡോ റോഡ്രിഗസിനെ പൂർവസ്ഥാനത്തേക്ക് ഉടൻ കൊണ്ടുവരണമെന്നും ഫിഫ ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ബ്രസീൽ ടീമിനെയും രാജ്യത്തെ ക്ലബുകളെയും മുഴുവൻ മത്സരങ്ങളിൽ നിന്നും വിലക്കുമെന്നും ബ്രസീലിയൻ ഫുട്ബോൾ ഫെഡറേഷന് മുന്നറിയിപ്പ് നൽകി.
ഫിഫ അംഗ രാജ്യങ്ങളുടെ ഫുട്‌ബോൾ ബോഡിയിൽ സർക്കാരിന്റെയോ മറ്റ് അധികാര കേന്ദ്രങ്ങളുടെയോ ഇടപെടൽ പാടില്ലെന്നാണ് ഫിഫ നിയമം. 30 ദിവസത്തിനുള്ള തെരഞ്ഞെടുപ്പിലൂടെ പുതിയ അധ്യക്ഷനെ കണ്ടെത്താൻ റിയോയിലെ കോടതി ബ്രസീൽ സ്പോർട്സ് കോടതി തലവൻ ഹോസെ പെർഡിസിനെ അധികാരപ്പെടുത്തിയിരുന്നു. ഈ നീക്കം അനാവശ്യമാണെന്നാണ് ഫുട്ബാൾ ഫെഡറേഷന് അയച്ച കത്തിൽ ഫിഫ ചൂണ്ടിക്കാണിക്കുന്നത്. പ്രശ്നം ഉടനെ പരിഹരിക്കപ്പെട്ടില്ലെങ്കിൽ 2024 ജൂൺ 20 ന് യു.എസിൽ ആരംഭിക്കുന്ന കോപ അമേരിക്കയിൽ ബ്രസീലിന് പങ്കെടുക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായേക്കുമെന്നാണ് ആരാധകർ ആശങ്കപ്പെടുന്നത്.
saasadsas