ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ശ്രീലങ്കയെ തോൽപ്പിച്ച് ഇന്ത്യൻ വനിതകൾക്ക് സ്വർണം


ഹാങ്ചൗ: ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റ് ഫൈനലിൽ ശ്രീലങ്കയെ തകർത്ത് ഇന്ത്യയ്ക്ക് സ്വർണം. 19 റൺസിന്റെ ജയമാണ് ഇന്ത്യ ലങ്കയ്ക്കെതിരെ നേടിയത്. ഇതാദ്യമായി ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിന് എത്തിയ ഇന്ത്യ സുവർണ നേട്ടം സ്വന്തമാക്കി. സ്വർണം നേടിയ ഇന്ത്യൻ വനിതാ സംഘത്തിൽ മലയാളി താരം മിന്നുമണിയും അംഗമാണ്. ഇതോടെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ സ്വർണ നേട്ടം രണ്ടായി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 116 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കയ്ക്ക് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 97 റൺസ് മാത്രമാണ് നേടാനായത്.

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ സ്വർണം ലക്ഷ്യം വെച്ചുള്ള ബാറ്റിങാണ് പുറത്തെടുത്തത്. നന്നായി തുടങ്ങിയെങ്കിലും ഷഫാലി വർമ്മയെ ഇന്ത്യയ്ക്ക് വേഗം നഷ്ടമായി. ഒമ്പത് റൺസ് മാത്രമാണ് ഷഫാലി നേടിയത്. രണ്ടാം വിക്കറ്റിൽ സ്മൃതി മന്ദാന, ജമീമ റോഡ്രിഗസ് എന്നിവർ ഒന്നിച്ചതോടെ ഇന്ത്യ ആത്മവിശ്വാസത്തോടെ മുന്നേറി. ഇരുവരും ചേർന്ന രണ്ടാം വിക്കറ്റിൽ 73 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ 46 റൺസെടുത്ത മന്ദാന പുറത്തായതോടെ ഇന്ത്യ ബാറ്റിങ് തകർച്ച നേരിട്ടു. റിച്ച ഘോഷ് ഒമ്പത്, ക്യാപ്റ്റൻ ഹർമ്മൻപ്രീത് കൗർ രണ്ട്, പൂജ വസ്ത്രേക്കർ രണ്ട് എന്നിവർ വന്നപോലെ മടങ്ങി.

ഇന്ത്യൻ പ്രതീക്ഷകളുമായി ക്രീസിൽ ഉണ്ടായിരുന്ന ജമീമ റോഡ്രിഗസ് 42 റൺസെടുത്ത് പുറത്തായി. ഇതോടെ ഇന്ത്യ 7ന് 116 റൺസിൽ ഒതുങ്ങി. അവസാന അഞ്ച് ഓവറിൽ 17 റൺസ് മാത്രമാണ് ഇന്ത്യയ്ക്ക് നേടാൻ കഴിഞ്ഞത്. എങ്കിലും ഏഷ്യൻ ഗെയിംസിൽ ഇതുവരെ നടന്ന മത്സരങ്ങളിലെ മികച്ച സ്കോറാണ് ഇന്ത്യ ഉയർത്തിയത്. പിന്നാലെ അച്ചടക്കത്തോടെയുള്ള ഇന്ത്യൻ ബൗളിങ്ങിന് മുന്നിൽ ശ്രീലങ്കയ്ക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല.

തുടക്കത്തിലെ ലങ്ക ബാറ്റിങ് തകർച്ച നേരിട്ടു. 15 റൺസിനിടെ 3 പേർ ഡ്രസിങ് റൂമിൽ മടങ്ങിയെത്തി. മൂന്ന് വിക്കറ്റും പേസർ ടിറ്റാസ് സാധുവാണ് സ്വന്തമാക്കിയത്. പിന്നാലെ സ്കോറിങ്ങിന് വേഗത കുറഞ്ഞു. വിക്കറ്റുകൾ വീഴാതെ സൂക്ഷിച്ചെങ്കിലും സ്കോറിങ്ങിന് വേഗത പോരായിരുന്നു. സ്കോറിങ്ങിന് വേഗത കൂട്ടാൻ ശ്രമിച്ചപ്പോൾ വിക്കറ്റുകൾ വീണു. ഒടുവിൽ നിശ്ചത ഓവറുകൾ എറിഞ്ഞ് തീരുമ്പോൾ 8 വിക്കറ്റ് നഷ്ടത്തിൽ 97 റൺസ് നേടാനേ ലങ്കയ്ക്ക് കഴിഞ്ഞുള്ളു.

article-image

ASDADSADSADSADS

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed