രാജ്യാന്തര ഫുട്ബാളിൽനിന്ന് വിടവാങ്ങൽ പ്രഖ്യാപിച്ച് ഫ്രഞ്ച് നായകൻ ഹ്യുഗോ ലോറിസ്

വെയിൽസ് സൂപർതാരം ഗാരത് ബെയ്ൽ വിരമിക്കൽ പ്രഖ്യാപിച്ചതിനു പിറകെ രാജ്യാന്തര ഫുട്ബാളിൽ കളി നിർത്തൽ പ്രഖ്യാപിച്ച് ഹ്യുഗോ ലോറിസ് . ഫ്രാൻസ് കലാശപ്പോരു കളിച്ച രണ്ടു ലോകകപ്പുകളിൽ ഫ്രാൻസിനെ നയിച്ച ഗോൾകീപർ ഹ്യുഗോ ലോറിസാണ് ദേശീയ ടീമിനായി ഇനി ജഴ്സി അണിയാനില്ലെന്ന് പ്രഖ്യാപിച്ചത്. രാജ്യാന്തര ഫുട്ബാളിനൊപ്പം ഇനി ക്ലബ് തലത്തിലും കളിക്കാനില്ലെന്ന് ബെയ്ൽ വ്യക്തമാക്കിയിരുന്നു. ഫ്രഞ്ച് സ്‍പോർട്സ് പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് 36കാരനായ ലോറിസ് വിടവാങ്ങൽ പ്രഖ്യാപനം നടത്തിയത്.
‘‘അന്താരാഷ്ട്ര കരിയർ അവസാനിപ്പിക്കാൻ ഞാൻ തീരുമാനിച്ചിരിക്കുന്നു. അതിനായി എല്ലാം നൽകിക്കഴിഞ്ഞെന്നാണ് എന്റെ തോന്നൽ. യൂറോ യോഗ്യത മത്സരങ്ങൾക്ക് രണ്ടര മാസം മാത്രം ബാക്കിനിൽക്കെ ഇപ്പോൾ പ്രഖ്യാപിക്കണമെന്നതിനാലാണിത്’’- താരം പറഞ്ഞു. ലോകകപ്പ് അവസാനിച്ചയുടൻ ഇത് ആലോചിച്ചുവരികയാണെന്നും ആറു മാസത്തോളമായി മനസ്സിലുള്ള വിഷയമാണെന്നും താരം പറഞ്ഞു.
രണ്ടു തവണ ഫ്രാൻസിനെ ലോകകപ്പ് കലാശപ്പോരിൽ നയിക്കുകയും അതിലൊരിക്കൽ കപ്പുയർത്തുകയും ചെയ്ത നായകനാണ് ലോറിസ്. പ്രിമിയർ ലീഗിൽ ടോട്ടൻഹാം ഹോട്സ്പർ കാവൽക്കാരൻ കൂടിയാണ്.
ഫ്രഞ്ച് ഗോൾകീപറായി പകരക്കാരൻ എത്തിക്കഴിഞ്ഞതായും ലോറിസ് പറഞ്ഞു. എ.സി മിലാന്റെ വല കാക്കുന്ന മൈക് മൈഗ്നനാകും ലോറിസിന്റെ പിൻഗാമി. വ്യക്തിയെന്ന നിലക്ക് തനിക്കും കുടുംബത്തിനും മക്കൾക്കും വേണ്ടി സമയം ചെലവിടേണ്ടതുണ്ടെന്നാണ് കരുതുന്നതും ഫ്രാൻസിനെ ലോകകപ്പ് ഫൈനൽ വരെയെത്തിച്ച് മടങ്ങുന്നത് ഉചിത സമയത്താണെന്നും താരം കൂട്ടിച്ചേർത്തു.
ഫ്രഞ്ച് ടീമിനൊപ്പം ഏഴു മുൻനിര ടൂർണമെന്റുകൾ കളിച്ചിട്ടുണ്ട് ലോറിസ്. 2018ൽ ലോകകിരീടം ചൂടിയതിനു പുറമെ രണ്ടു വർഷം കഴിഞ്ഞ് യുവേഫ നേഷൻസ് ലീഗ് ചാമ്പ്യന്മാരായപ്പോഴും ലോറിസ് തന്നെ വല കാത്തു.
21ാം വയസ്സിൽ 2008ലാണ് ദേശീയ ടീമിൽ അരങ്ങേറ്റം. പിന്നീട് 145 മത്സരങ്ങളിൽ ഫ്രഞ്ച് കാവൽക്കാരനായി. ദേശീയ ടീമിനായി ഏറ്റവും കൂടുതൽ കളിച്ചവനെന്ന റെക്കോഡ് സ്വന്തമായുണ്ടായിരുന്ന ലിലിയൻ തുറാമിനെ ഈ ലോകകപ്പിൽ കടന്നിരുന്നു. രാജ്യത്തിനായി 53 മത്സരങ്ങളിൽ വല കുലുങ്ങിയിട്ടില്ലെന്ന റെക്കോഡും സ്വന്തം പേരിലുണ്ട്.
hgghf