ഇന്ത്യ-ശ്രീലങ്ക ടി20 മത്സരക്രമം പ്രഖ്യാപിച്ചു, തിരുവനന്തപുരം വേദിയാവും


2023 ജനുവരിയില്‍ നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ടി20, ഏകദിന പരമ്പരകളുടെ മത്സരക്രമം പ്രഖ്യാപിച്ചു. ജനുവരി മൂന്നിന് ടി20 പരമ്പരയോടെ ആരംഭിക്കുന്ന ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തില്‍ മൂന്ന് ടി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളുമാണുള്ളത്. പരമ്പരയിലെ അവസാന ഏകദിനത്തിന് തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാവും.

ജനുവരി മൂന്നിന് മുംബൈയിലാണ് ആദ്യ ടി20 മത്സരം. അഞ്ചിന് പൂനെയില്‍ രണ്ടാം ടി20യും ഏഴിന് രാജ്‌കോട്ടില്‍ മൂന്നാം ടി20 മത്സരവും നടക്കും. പത്തിന് ഗോഹട്ടിയാണ് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് വേദിയാവുക. 12ന് കൊല്‍ക്കത്തയില്‍ രണ്ടാം ഏകദിനവും 15ന് തിരുവനന്തപുരത്ത് മൂന്നാം ഏകദിനവും നടക്കും.

ശ്രീലങ്കക്ക് പുറമെ ന്യൂസിലന്‍ഡിനും ഓസ്ട്രേലിയക്കുമെതിരായ പരമ്പരകളുടെ മത്സരക്രമവും ബിസിസിഐ പ്രഖ്യാപിച്ചിട്ടുണ്ട്. ശ്രീലങ്കക്കെതിരായ പരമ്പരയ്ക്ക് ശേഷം ജനുവരി 18 മുതല്‍ ന്യൂസിലന്‍ഡിനെതിരെ മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20യും അടങ്ങുന്ന പരമ്പരയില്‍ ഇന്ത്യ കളിക്കും.

ഫെബ്രുവരി ഒമ്പത് മുതല്‍ തുടങ്ങുന്ന ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നാഗ്‌പൂര്‍, ഡല്‍ഹി, ധര്‍മശാല, അഹമ്മദാബാദ് എന്നിവിടങ്ങളാണ് വേദിയാവുക. അതേസമയം, ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഫീല്‍ഡിംഗിനിടെ വിരലിന് പരിക്കേറ്റ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ശ്രീലങ്കക്കെതിരെ കളിക്കുമോ എന്ന കാര്യം സംശയത്തിലാണ്.

article-image

aa

You might also like

Most Viewed