സൗദി അറേബ്യന്‍ ക്ലബിലേക്കില്ലെന്ന് വ്യക്തമാക്കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ


സൗദി അറേബ്യന്‍ ക്ലബ്ബ് അല്‍ നാസറിലേക്ക് ചേക്കേറുമെന്നുള്ള വാര്‍ത്തകള്‍ നിഷേധിച്ച് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സ്വിറ്റ്സര്‍ലന്‍ഡിനെതിരെയുള്ള ലോകകപ്പ് പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു താരം. ലോകകപ്പിന് ശേഷം ഫ്രീ ഏജന്‍റായ റൊണാള്‍ഡോ സൗദി ക്ലബുമായി ധാരണയിലെത്തിയതായി നിരവധി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

200 മില്യണ്‍ യൂറോയോളം തുകയ്ക്ക് രണ്ടര വർഷ കരാറാണ് താരത്തിന് അല്‍ നാസർ വാഗ്ദാനം ചെയ്തിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. റൊണാൾഡോ യൂറോപ്യന്‍ ലീഗുകളില്‍ നിന്ന് മാറുകയാണെന്ന റിപ്പോര്‍ട്ടുകള്‍ ആരാധകരെ വിഷമിപ്പിച്ചിരുന്നു. അതേസമയം, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സ്വന്തമാക്കാന്‍ താൽപര്യമില്ലെന്ന് ഫ്രഞ്ച് ക്ലബ്ബായ പിഎസ്‍ജി വ്യക്തമാക്കി.

നിലവിലെ സാഹചര്യത്തിൽ റൊണാള്‍ഡോയെ ടീമിൽ എത്തിക്കാന്‍ കഴിയില്ലെന്ന് ക്ലബ്ബ് പ്രസിഡന്‍റ് നാസര്‍ അൽ ഖെലെയ്ഫി പറഞ്ഞു. ക്രിസ്റ്റ്യാനോ ഇപ്പോഴും അവിശ്വസനീയമായ മികവുള്ള താരമാണ്. എന്നാൽ, മെസി, നെയ്മര്‍, എംബാപ്പേ എന്നിവരുള്ളപ്പോള്‍ റൊണാൾഡോയെ ടീമിലെത്തിക്കുക ബുദ്ധിമുട്ടാണെന്നും നാസര്‍ വ്യക്തമാക്കി.

അതേസമയം, ലോകകപ്പില്‍ ഇംഗ്ലണ്ടിനായി മികച്ച പ്രകടനം നടത്തുന്ന ജൂഡ് ബെല്ലിംഗ്ഹാമിനെ സ്വന്തമാക്കാന്‍ താത്പര്യമുണ്ടെന്നും പിഎസ്‍ജി വ്യക്തമാക്കി. ഖത്തര്‍ ലോകകപ്പില്‍ മോശം ഫോം തുടരുന്ന സാഹചര്യത്തിൽ ക്രിസ്റ്റ്യാനോ റൊണാള്‍ഡ‍ോയ്ക്കെതിരെ വിമര്‍ശനം കടുത്തിരുന്നു. ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ ഫ്ലോപ്പ് ഇലവനിലാണ് ക്രിസ്റ്റ്യാനോ ഉള്‍പ്പെട്ടിരിക്കുന്നത്.

article-image

AA

You might also like

Most Viewed