പുരുഷ വനിതാ താരങ്ങളുടെ വേതനം തുല്യമാക്കി ഇന്ത്യൻ ക്രിക്കറ്റ് ബോർഡ്

സ്ത്രീശാക്തീകരണം മുൻനിർത്തി ചരിത്ര തീരുമാനവുമായി ഇന്ത്യൻ ക്രിക്കറ്റ് ബോർഡ്. അന്താരാഷ്‌ട്ര ക്രിക്കറ്റിലടക്കം പുരുഷ വനിതാ താരങ്ങളുടെ വേതനം തുല്യമാക്കി. വനിതാ താരങ്ങളുടെ പരിശ്രമത്തിന് ബിസിസിഐ നൽകുന്ന അംഗീകാരമാണിതെന്ന് ബോർഡ് സെക്രട്ടറി ജയ് ഷാ അറിയിച്ചു.
സ്ഥിരം മാച്ച് ഫീസിന്റെ കാര്യത്തിലാണ് ഏകീകരണം വന്നിരിക്കുന്നത്. പുരുഷ താരങ്ങൾക്ക് ടെസ്റ്റ് മത്സരത്തിൽ 15 ലക്ഷവും ഏകദിനത്തിൽ 6 ലക്ഷവും ടി20യ്‌ക്ക് മൂന്ന് ലക്ഷവുമാണ് ലഭിക്കുന്നത്. അതേ നിരക്കിൽ ഇനി വനിതാ താരങ്ങൾക്കും പ്രതിഫലം ലഭിക്കും. 2023ൽ ആദ്യ വനിതാ ഐപിഎല്ലിന് മുന്നോടിയായ തീരുമാനം വനിതാ ക്രിക്കറ്റിന് വലിയ ഊർജ്ജമാണ് പകരുന്നതെന്നും ബിസിസിഐ ഭാരവാഹികൾ അറിയിച്ചു.
അന്താരാഷ്‌ട്ര ക്രിക്കറ്റിൽ അതിശക്തമായ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുന്ന വനിതാ ക്രിക്കറ്റിന് ദീപാവലി സമ്മാനമെന്നാണ് താരങ്ങളുടെ പ്രതികരണം. ഇന്ത്യൻ ക്രിക്കറ്റിൽ വനിതാ താരങ്ങൾ ഇന്ന് പുരുഷതാരങ്ങളോളം പ്രശസ്തരായിക്കഴിഞ്ഞു. ലോകോത്തര പ്രകടനത്തോടെ മിഥാലി രാജും ഝൂലാൻ ഗോസ്വാമിയും ഉണ്ടാക്കിയ തരംഗം ചെറുതല്ല. നിലവിൽ ഹർമൻപ്രീതിന്റെ നായകത്വത്തിൽ സ്മൃതി മന്ഥാനയും ഷെഫാലിയും ജെർമി റോഡ്രിഗ്‌സും ദീപ്തി ശർമ്മയും കളം നിറയുകയാണ്.
2017 ലോകകപ്പ് ക്രിക്കറ്റിൽ റണ്ണേഴ്‌സ് അപ്പായ ടീം 2020ലും ഫൈനലിലെത്തി. കോമൺവെൽത്ത് ഗെയിംസിൽ വെള്ളിമെഡലും നേടി സ്ഥിരതയാർന്ന പ്രകടനമാണ് നടത്തുന്നത്.
rutfu