ലോക ഒന്നാം നന്പർ താരമായ റഷ്യയുടെ ഡാനിൽ മെദ്‌വദേവ് വിംബിൾഡണിൽ നിന്ന് വിലക്കി

യുക്രെയ്നിൽ റഷ്യ നടത്തുന്ന അധിനിവേശത്തിന്‍റെ പേരിൽ രാഷ്‌ട്രീയ ചുവയോടെയുള്ള വിപ്ലവ കരുനീക്കങ്ങൾക്കും 2022 വിംബിൾഡണ്‍ വേദിയാകുന്നു. റഷ്യയെയും യുക്രെയ്ൻ അധിനിവേശത്തിൽ റഷ്യക്കു കുടപിടിക്കുന്ന ബെലാറൂസിനെയും ബ്രിട്ടീഷ് സർക്കാർ വിംബിൾഡണിൽ പങ്കെടുക്കുന്നതിൽനിന്ന് വിലക്കി.
പുരുഷ സിംഗിൾസ് ലോക ഒന്നാം നന്പർ താരമായ റഷ്യയുടെ ഡാനിൽ മെദ്‌വദേവ് ഇതോടെ വിംബിൾഡണിൽ ഇല്ല. എട്ടാം നന്പറായ റഷ്യയുടെ ആന്ദ്രെ റുബ്‌ലെവ്, 22-ാം നന്പറായ കാചനോവ് എന്നിവരും ടൂർണമെന്‍റിനു പുറത്താണ്. ഇതിനിടെ പരിക്കേറ്റ് ജർമനിയുടെ ലോക രണ്ടാം നന്പർ താരമായ അലക്സാണ്ടർ സ്വരേവ്, 23-ാം നന്പറായ ഗായെൽ മോൻഫിൽസ് എന്നിവരും വിംബിൾഡണിൽ എത്തില്ല. ഇതോടെ പുരുഷ സിംഗിൾസിൽ ആദ്യ രണ്ട് റാങ്കുകാരില്ലാതെയാണ് മത്സരം അരങ്ങേറുന്നത് എന്ന പ്രത്യേകതയുമുണ്ട്.
വനിതാ സിംഗിൾസിൽ ബെലാറൂസിന്‍റെ അരിന സബലെങ്ക, വിക്ടോറിയ അസരെങ്ക, റഷ്യയുടെ ഡാറിയ കസറ്റ്കിന തുടങ്ങിയവർക്ക് വിലക്കുണ്ട്. പരിക്കേറ്റ കാനഡയുടെ ലൈല ഫെർണാണ്ടസും 2022 വിംബിൾഡണിന് എത്തില്ല.