ധോണിയുടെ മകളെ പീഡിപ്പിക്കുമെന്ന് ഭീഷണി; കൗമാരക്കാരൻ അറസ്റ്റിൽ

അഹമ്മദാബാദ്: ക്രിക്കറ്റ് താരം എം.എസ് ധോണിയുടെ മകളെ പീഡിപ്പിക്കുമെന്ന് ഭീഷണിമുഴക്കിയ കൗമാരക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ മുന്ദ്ര സ്വദേശിയായ പ്ലസ്ടു വിദ്യാർത്ഥിയെയാണ് അറസ്റ്റ് ചെയ്തത്. കൊൽക്കത്ത് നൈറ്റ് റൈഡേഴ്‌സുമായുള്ള മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് പരാജയപ്പെട്ടതിന് പിന്നാലെ ധോണിക്ക് നേരെ സൈബർ ആക്രമണമുണ്ടായിരുന്നു. തുടർന്നാണ് ധോണിയുടെ ഭാര്യയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ വിദ്യാർഥി ഭീഷണി മുഴക്കിയത്. ഇയാൾ കുറ്റം സമ്മതിച്ചു.
സംഭവത്തിൽ കേസെടുത്ത റാഞ്ചി പോലീസ് ഇതിനെക്കുറിച്ച് അന്വേഷിക്കാൻ ഗുജറാത്ത് പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് വിദ്യാർത്ഥി പിടിയിലായത്. ഇയാളെ റാഞ്ചി പോലീസിന് കൈമാറുമെന്ന് കച്ച് എസ്.പി സുരഭി സിംഗ് പറഞ്ഞു. ജുവനൈൽ ജസ്റ്റീസ് ആക്ട് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.