ഐപിഎലിന് ഇന്ന് കൊടിയേറ്റം; ആദ്യ മത്സരം എൽ ക്ലാസിക്കോ

അബുദാബി: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 13ാം എഡിഷന് ഇന്ന് തുടക്കമാകും. കൊവിഡ് പശ്ചാത്തലത്തിൽ യുഎയിലാണ് മത്സരങ്ങൾ നടക്കുക. ഐപിഎലിലെ എൽ ക്ലാസിക്കോ എന്നറിയപ്പെടുന്ന ‘മുംബൈ ഇന്ത്യൻസ്-ചെന്നൈ സൂപ്പർ കിംഗ്സ്’ മത്സരത്തോടെയാണ് 13ആം സീസണ് അരങ്ങുണരുക. കഴിഞ്ഞ സീസണിൽ ഇരു ടീമുകളും നാലു തവണ ഏറ്റുമുട്ടിയപ്പോൾ ഫൈനലിൽ അടക്കം മുംബൈക്കായിരുന്നു ജയം. ആ നാണക്കേട് തിരുത്തിയെഴുതാനാവും ചെന്നൈ ഇറങ്ങുക.
പ്രതിസന്ധികളൊക്കെ മറികടന്നാണ് ഐപിഎൽ പടിവാതിലിലെത്തിയിരിക്കുന്നത്. ടീമുകളൊക്കെ തയ്യാറാണ്. 24 മത്സരങ്ങൾ ദുബായിലും 20 മത്സരങ്ങൾ അബുദാബിയിലും 12 മത്സരങ്ങൾ ഷാർജയിലുമാണ് നടക്കുക. പ്ലേ ഓഫുകളുടെ വേദികളും സമയവും പിന്നീട് പ്രഖ്യാപിക്കും. 10 ഡബിൾ ഹെഡറുകളാണ് ഉള്ളത്. ഇന്ത്യൻ സമയം 3.30നും 7.30നുമാണ് മത്സരങ്ങൾ.