ലോക കബഡി ചാമ്പ്യൻഷിപ്പിനായി പാകിസ്ഥാനിലേക്കുപോകാൻ ഒരു കളിക്കാരനും അനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്രം

ന്യൂഡൽഹി: ലോക കബഡി ചാമ്പ്യൻഷിപ്പിനായി പാകിസ്ഥാനിലേക്കുപോകാൻ ഒരു കളിക്കാരനുപോലും അനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്ര കായികമന്ത്രി കിരൺ റിജിജു. വീസ അനുവദിച്ചതിൽ സർക്കാരിനു പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു കബഡി കളിക്കാരനും പാകിസ്ഥാനിലേക്ക് പോകാൻ ആരും അനുമതി നൽകിയിട്ടില്ല. വീസ നൽകുന്നത് ഒരു രാജ്യത്തിന്‍റെ പരമാധികാരമാണ്, വിസ അനുവദിക്കുന്നതിൽ ഞങ്ങൾക്ക് പങ്കില്ല. ഫെഡറേഷന്‍റെ അറിവോടെയാണോ ടീം പാകിസ്ഥാനിലേക്കുപോയതെന്ന് സംബന്ധിച്ച് സർക്കാർ കബഡി ഫെഡറേഷനുമായി സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരത്തിൽ ഒരു ടീമിനും പാകിസ്ഥാനിലേക്കുപോകാൻ അനുമതി നൽകിയിട്ടില്ലെന്ന് കഴിഞ്ഞ ദിവസം അമേച്വർ കബഡി ഫെഡറേഷൻ ഓഫ് ഇന്ത്യ എഡ്മിനിസ്ട്രേറ്റർ റിട്ടയേർഡ് ജസ്റ്റീസ് എസ്.പി. ഗാർഗ് പറഞ്ഞിരുന്നു. പാകിസ്ഥാനിലേക്ക് പോയ കബഡി ടീമിനെക്കുറിച്ചും തങ്ങൾക്ക് വിവരമൊന്നുമില്ല. പാകിസ്ഥാനിലേക്കുപോകാൻ ഒരു ടീമിനും എകെഎഫ്ഐ അനുമതി നൽകിയിട്ടില്ല- ഗാർഗ് പറഞ്ഞു. വാഗാ അതിർത്തി കടന്ന് ലാഹോറിലെത്തിയ ഇന്ത്യൻ ടീം ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെയാണ് സംഭവം വിവാദമായത്. ചരിത്രത്തിൽ ആദ്യമായി പാകിസ്ഥാൻ ആതിഥേയത്വം വഹിക്കുന്ന ഹോക്കി ലോക ചാമ്പ്യൻഷിപ്പിനായി ശനിയാഴ്ചയാണ് ഇന്ത്യൻ ടീം ലാഹോറിലെത്തിയത്.