128 വർഷത്തിന് ശേഷം ഒളിമ്പിക്സിൽ ക്രിക്കറ്റ് ടീമുകൾ അണിനിരക്കുന്നു

ലൊസേൻ: 128 വർഷത്തിനു ശേഷം ക്രിക്കറ്റ് ഒളിമ്പിക്സിൽ തിരിച്ചെത്തുന്നു. 2028ലെ ലൊസാഞ്ചലസ് ഒളിമ്പിക്സിൽ പുരുഷന്മാരുടെയും വനിതകളുടെയും ആറ് വീതം ടീമുകളാണ് ഒളിമ്പിക്സ് ക്രിക്കറ്റിന് അണിനിരക്കുകയെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐ.ഒ.സി) അറിയിച്ചു. നിലവിൽ നൂറോളം രാജ്യങ്ങളിൽ കളിക്കുന്ന ട്വന്‍റി20 ഫോർമാറ്റിലാകും മത്സരങ്ങൾ സംഘടിപ്പിക്കുക. പരമാവധി 15 പേരടങ്ങിയ സംഘത്തെയാണ് ടീമുകൾ അയക്കേണ്ടത്.
യോഗ്യതാ മാനദണ്ഡങ്ങൾ അന്തിമമായിട്ടില്ല. ആതിഥേയരായ യു.എസിന് നേരിട്ട് യോഗ്യത ലഭിച്ചേക്കും. ക്രിക്കറ്റിനു പുറമെ സ്ക്വാഷ്, ഫ്ലാഗ് ഫുട്ബാൾ, ബേസ്ബാൾ/ സോഫ്റ്റ്ബാൾ, ലാക്രോസ് എന്നിവയും 2028 ഒളിമ്പിക്സിൽ പുതിയ മത്സരയിനങ്ങളാകും.
1900ലെ പാരിസ് ഒളിമ്പിക്സിൽ ക്രിക്കറ്റ് ഉണ്ടായിരുന്നു. ഗ്രേറ്റ് ബ്രിട്ടനും ഫ്രാൻസും തമ്മിൽ നടന്ന ദ്വിദിന മത്സരം നിലവിൽ അനൗദ്യോഗിക ടെസ്റ്റായാണ് കണക്കാക്കുന്നത്. 1998ലും (പുരുഷന്മാർക്ക് മാത്രം) 2022ലും (വനിതകൾക്ക് മാത്രം) കോമൺവെൽത്ത് ഗെയിംസിൽ ക്രിക്കറ്റ് ഉൾപ്പെടുത്തിയിരുന്നു. 2010, 2014, 2023 വർഷങ്ങളിൽ ഏഷ്യൻ ഗെയിംസിൽ പുരുഷന്മാർക്കും വനിതകൾക്കും ട്വന്‍റി20 ഫോർമാറ്റിൽ ക്രിക്കറ്റ് സംഘടിപ്പിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിൽ അഫ്ഗാനിസ്താൻ, ആസ്ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ഇന്ത്യ, അയർലൻഡ്, ന്യൂസീലൻഡ്, പാകിസ്താൻ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, വെസ്റ്റിൻഡീസ്, സിംബാബ്വെ എന്നീ 12 പ്രമുഖ ടീമുകൾ മുഴുവൻ സമയ അംഗങ്ങളും 94 അസോസിയേറ്റ് അംഗങ്ങളുമാണുള്ളത്.
ആഗോള തലത്തിൽ ക്രിക്കറ്റിന് പ്രചാരം വർധിച്ചുവെന്ന വിലയിരുത്തലോടെയാണ് ഒളിമ്പിക്സിൽ ഉൾപ്പെടുത്താൻ തീരുമാനമായത്. പുരുഷന്മാരിൽ ഇന്ത്യയും വനിതകളിൽ ന്യൂസീലൻഡുമാണ് നിലവിൽ ട്വന്‍റി20 ലോക ചാമ്പ്യന്മാർ. നാലുവർഷം മുമ്പ് ഐ.സി.സി ആരംഭിച്ച ശ്രമങ്ങൾക്കാണ് ബുധനാഴ്ച ഐ.ഒ.സിയുടെ അംഗീകാരം ലഭിച്ചത്. 2023 ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ പുരുഷന്മാരുടെ 14 ടീമുകളും വനികളുടെ ഒമ്പത് ടീമുകളുമാണ് മത്സരിച്ചത്. ഇരുവിഭാഗത്തിലും ഇന്ത്യക്ക് സ്വർണം ലഭിച്ചു. അതേസമയം 2028 ലൊസാഞ്ചലസ് ഒളിമ്പിക്സിൽ 321 മത്സരയിനങ്ങളാണുള്ളത്. കഴിഞ്ഞ വർഷത്തെ പാരിസ് ഒളിമ്പിക്സിനേക്കാൾ 22 ഇനങ്ങൾ അധികമായി നടക്കും.
sdfgdfg