അമേരിക്കൻ ബോക്സിങ് ഇതിഹാസം ജോർജ് ഫോർമാൻ അന്തരിച്ചു


രണ്ട് തവണ ലോക ഹെവിവെയ്റ്റ് ചാമ്പ്യനായിരുന്ന അമേരിക്കൻ ബോക്സിങ് ഇതിഹാസം ജോർജ് ഫോർമാൻ (76) അന്തരിച്ചു. ഫോർമാന്‍റെ കുടുംബം സമൂഹമാധ്യമങ്ങളിലൂടെ മരണവിവരം പങ്കുവെച്ചെങ്കിലും കാരണം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല.

റിങ്ങിൽ ബിഗ് ജോർജ് എന്നറിയപ്പെട്ടിരുന്ന ഫോർമാൻ 1968ൽ ഒളിമ്പിക്സിൽ സ്വർണ മെഡൽ സ്വന്തമാക്കിയിരുന്നു. 1973ൽ അന്നത്തെ പ്രമുഖ ബോക്സറായിരുന്ന ജോ ഫ്രേസിയറെ തോൽപ്പിച്ചതോടെ ഫോർമാന്റെ ഖ്യാതിയേറി. എന്നാൽ തൊട്ടടുത്ത വർഷം ‘റമ്പ്ൾ ഇൻ ദ് ജംഗ്ൾ’ എന്നറിയപ്പെട്ട വിഖ്യാത മത്സരത്തിൽ മുഹമ്മദലിയോട് പരാജയപ്പെട്ടു.

1977ൽ ജിമ്മി യങ്ങുമായുള്ള മത്സരത്തിൽ തോറ്റതോടെ പ്രഫഷനൽ ബോക്സിങ്ങിൽനിന്ന് ഇടവേളയെടുത്തു. ഒരു പതിറ്റാണ്ടിനു ശേഷം റിങ്ങിലേക്ക് തിരിച്ചെത്തിയ ഫോർമാൻ പിന്നീടു നടത്തിയ മുന്നേറ്റം കാ‍യിക പ്രേമികൾക്ക് വിസ്മയമായി. 1994ൽ 46-ാം വയസ്സിൽ, തോൽവി അറിയാതെ മുന്നേറിയ മൈക്കൽ മൂററിനെ തോൽപ്പിച്ച് വീണ്ടും ലോക ഹെവിവെയ്റ്റ് ചാമ്പ്യനായി. ഏവരെയും ഞെട്ടിച്ച ഈ പ്രകടനത്തിലൂടെ ലോക ചാമ്പ്യനാകുന്ന പ്രായം കൂടിയ താരമെന്ന നേട്ടവും ഫോർമാന് സ്വന്തമായി.

1960കളിൽ തുടങ്ങിയ കരിയർ 1997ലാണ് ഫോർമാൻ അവസാനിപ്പിച്ചത്. 60കളിൽ ചക് വെപണർ, 70കളിൽ ജോ ഫ്രേസിയറും മുഹമ്മദലിയും, 80കളിൽ ഡ്വൈറ്റ് മുഹമ്മദ് ഖ്വാസി, 90കളിൽ ഇവാൻഡർ ഹോളിഫീൽഡ്, മൈക്ക് ടൈസൻ തുടങ്ങിയ വമ്പന്മാരുമായി ഏറ്റുമുട്ടിയ ഫോർമാൻ തലമുറകൾക്ക് പ്രചോദനമായി. കരിയറിലാകെ 81 മത്സരങ്ങളിൽ 76ലും ജയം (ഇതിൽ 68 നോക്കൗട്ട് മത്സരങ്ങൾ) സ്വന്തമാക്കിയ ഫോർമാൻ അഞ്ച് തോൽവി മാത്രമാണ് വഴങ്ങിയത്.

article-image

dsdf

You might also like

Most Viewed