ശ്രീലങ്കയ്ക്കെതിരേ ഓസ്ട്രേലിയ 414ന് പുറത്ത്
ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിന്‍റെ ഒന്നാമിന്നിംഗ്സിൽ ഓസ്ട്രേലിയ 414 റൺസിനു പുറത്ത്. സെഞ്ചുറി നേടിയ സ്മിത്തിനും അലക്സ് കാരിക്കും പിന്നാലെ 31 റൺസെടുത്ത ബ്യൂ വെസ്റ്റർക്കു മാത്രമേ ഇന്ന് കാര്യമായ സംഭാവന നല്കാനായുള്ളൂ. ശ്രീലങ്കയ്ക്കു വേണ്ടി പ്രഭാത് ജയസൂര്യ അഞ്ചുവിക്കറ്റ് വീഴ്ത്തി. മൂന്നുവിക്കറ്റ് നഷ്ടത്തിൽ 330 റൺസെന്ന നിലയിൽ മൂന്നാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഓസ്ട്രേലിയയ്ക്ക് 20 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ സെഞ്ചുറി വീരൻ സ്റ്റീവ് സ്മിത്തിനെ നഷ്ടമായി. 254 പന്തിൽ 10 ബൗണ്ടറികളും ഒരു സിക്സറുമുൾപ്പെടെ 131 റൺസെടുത്ത സ്മിത്തിനെ പ്രഭാത് ജയസൂര്യയാണ് പുറത്താക്കിയത്. തൊട്ടുപിന്നാലെ അക്കൗണ്ട് തുറക്കാനാകുംമുമ്പേ ജോഷ് ഇൻഗ്ലിസിനെയും ജയസൂര്യ മടക്കി. ഈസമയം 150 കടന്ന അലക്സ് കാരി ആയിരുന്നു ജയസൂര്യയുടെ അടുത്ത ഇര. 188 പന്തിൽ 15 ബൗണ്ടറികളും രണ്ടു സിക്സറുമുൾപ്പെടെ 156 റൺസെടുത്ത കാരി ബൗൾഡാകുകയായിരുന്നു. ഇതോടെ ഓസ്ട്രേലിയ ആറിന് 373 റൺസെന്ന നിലയിലായി. പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായിക്കൊണ്ടിരുന്നു.
ബ്യൂ വെസ്റ്റർ (31), കൂപ്പർ കോണോലി (നാല്), മിച്ചൽ സ്റ്റാർക്ക് (എട്ട്), മാത്യു കുനെമാൻ (ആറ്) എന്നിവർ പുറത്തായപ്പോൾ രണ്ടു റൺസുമായി നഥാൻ ലയൺ പുറത്താകാതെ നിന്നു. 38 ഓവറിൽ 151 റൺസ് വഴങ്ങിയാണ് പ്രഭാത് ജയസൂര്യ അഞ്ചുവിക്കറ്റ് വീഴ്ത്തിയത്. നിഷാൻ പെയ്‌രിസ് മൂന്നും രമേഷ് മെൻഡിസ് രണ്ടും വിക്കറ്റ് വീതം വീഴ്ത്തി. 157 റൺസ് കടവുമായി രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഒരുവിക്കറ്റ് നഷ്ടത്തിൽ 20 റൺസെന്ന നിലയിലാണ്. എട്ടു റൺസുമായി ദിമുത് കരുണരത്നെയും എട്ടുറൺസുമായി ദിനേഷ് ചണ്ഡിമലുമാണ് ക്രീസിൽ. എട്ടുറൺസെടുത്ത പത്തും നിസങ്കയാണ് പുറത്തായത്.
dfxdft