അണ്ടർ 19 വനിത ട്വന്‍റി20 ലോകകപ്പ് കിരീടം ഇന്ത്യക്ക്
അണ്ടർ 19 വനിത ട്വന്‍റി20 ലോകകപ്പ് കിരീടം ഇന്ത്യക്ക്. ക്വാലാലംപുരിൽ നടന്ന ഫൈനലിൽ കരുത്തരായ ദക്ഷിണാഫ്രിക്കയ ഒമ്പതുവിക്കറ്റിന് തകർത്താണ് ഇന്ത്യൻ കൗമാരം തുടർച്ചയായ രണ്ടാം കിരീടത്തിൽ മുത്തമിട്ടത്. ദക്ഷിണാഫ്രിക്ക മുന്നോട്ടുവെച്ച 83 റൺസ് എന്ന ചെറിയ വിജയലക്ഷ്യം ഇന്ത്യൻ വനിതകൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 52 പന്തുകൾ ബാക്കി നിൽക്കെ മറികടന്നു. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 20 ഓവറിൽ 82 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിങ്ങിൽ 11.2 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 84 റൺസെടുത്തു. ഓപ്പണർ ഗൊംഗഡി തൃഷയുടെ തകർപ്പൻ ബാറ്റിങ്ങാണ് ഇന്ത്യയുടെ വിജയം അനായാസമാക്കിയത്. ടൂർണമെന്‍റിലുടനീളം മികച്ച ഫോമിൽ കളിച്ച താരം, 33 പന്തിൽ എട്ടു ഫോറടക്കം 44 റൺസെടുത്ത് പുറത്താകാതെ നിന്നു. ബൗളിങ്ങിലും തിളങ്ങി. നാലു ഓവറിൽ 15 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. സനിക ചാൽക്കെ 22 പന്തിൽ 26 റൺസുമായി പുറത്താകാതെ നിന്നു. 13 പന്തിൽ എട്ടു റൺസെടുത്ത ജി. കമാലിനിയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.
2023ൽ നടന്ന പ്രഥമ അണ്ടർ 19 വനിത ട്വന്‍റി20 ലോകകപ്പിലും ഇന്ത്യ കിരീടം നേടിയിരുന്നു. ഇന്ത്യയുടെ തകർപ്പൻ ബൗളിങ്ങാണ് എതിരാളികളെ ചെറിയ സ്കോറിലൊതുക്കിയത്. 18 പന്തിൽ 23 റൺസെടുത്ത മീകെ വാൻ വൂർസ്റ്റാണ് ടീമിന്‍റെ ടോപ് സ്കോറർ. നാലു പേർക്കു മാത്രമാണ് രണ്ടക്കം കടക്കാനായത്. ജെമ്മാ ബോത്ത (14 പന്തിൽ 16), സിമോൺ ലോറൻസ് (പൂജ്യം), ഡയറ രാംലകൻ (മൂന്ന്), നായകൻ കയ്‍ല റെയ്നെകെ (21 പന്തിൽ ഏഴ്), കരാബോ മീസോ (26 പന്തിൽ 10), ഫായ് കൗളിങ് (20 പന്തിൽ 15), നായിഡു (പൂജ്യം), വാൻ വയ്ക് (പൂജ്യം), മോണാലിസ (നാലു പന്തിൽ രണ്ട്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. നൈനി രണ്ടു റണ്ണുമായി പുറത്താകാതെ നിന്നു. സിസോദിയ, ആയുഷി ശുക്ല, വൈഷ്ണവി ശർമ എന്നിവർ രണ്ടു വിക്കറ്റ് വീതവും ശബ്നം ശാകിൽ ഒരു വിക്കറ്റും നേടി. മലയാളി താരം വി.ജെ. ജോഷിത രണ്ടു ഓവർ പന്തെറിഞ്ഞെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല.
ഇന്ത്യൻ ടീം: നിക്കി പ്രസാദ് (ക്യാപ്റ്റൻ), ഗൊംഗഡി തൃഷ, ജി. കമാലിനി, സനിക ചാൽക്കെ, ഈശ്വരി അവ്സാരെ, മിഥില വിനോദ്, ആയുഷി ശുക്ല, ശബ്നം ശാകിൽ, വൈഷ്ണവി ശർമ, വി.ജെ. ജോഷിത, സിസോദിയ.
eqrw3aersgdesg