26ആമത് അറേബ്യൻ ഗൾഫ് കപ്പ് ഫൈനലിൽ ഇന്ന് ബഹ്റൈൻ ഒമാനുമായി ഏറ്റുമുട്ടും
26ആമത് അറേബ്യൻ ഗൾഫ് കപ്പ് ഫൈനലിൽ ഇന്ന് ബഹ്റൈൻ ഒമാനുമായി ഏറ്റുമുട്ടും. ഇന്ന് വൈകീട്ട് ഏഴിന് കുവൈത്ത് ജാബിർ അൽ അഹമ്മദ് ഇന്റർനാഷനൽ സ്റ്റേഡിയത്തിലാണ് ഫൈനൽ മത്സരം നടക്കുന്നത്. ചൊവ്വാഴ്ച നടന്ന ആദ്യ സെമി ഫൈനൽ പോരാട്ടത്തിൽ സൗദി അറേബ്യയെ പരാജയപ്പെടുത്തിയാണ് ഒമാന്റെ ഫൈനൽ പ്രവേശനം.
കുവൈത്തിനെ പരാജയപ്പെടുത്തിയാണ് ബഹ്റൈൻ കലാശക്കളിക്ക് എത്തുന്നത്. കളിയുടെ 75ാം മിനിറ്റിൽ മുഹമ്മദ് മർഹൂം നേടിയ ഗോളിലൂടെയാണ് ബഹ്‌റൈൻ കുവൈത്തിനെ പരാജയപ്പെടുത്തിയത്. ഗ്രൂപ് ഘട്ടത്തിലെ അവസാന മത്സരത്തിൽ സിറിയയോട് അപ്രതീക്ഷിത തോൽവി വഴങ്ങിയെങ്കിലും മികച്ച ടീമായാണ് ബഹ്റൈൻ ഫൈനൽ മത്സരത്തിനിറങ്ങുന്നത്.
നേരത്തേ രണ്ടു തവണ ഗൾഫ് കപ്പ് കിരീടം ഉയർത്തിയ ഒമാനും മികച്ച ഫോമിലാണ്. ഒരു കളിയും തോൽക്കാതെയാണ് ഒമാന്റെ ഫൈനലിലേക്ക് എത്തിയിരിക്കുന്നത്.
ഫൈനൽ മത്സര സമാപന ചടങ്ങിൽ അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ് എന്നിവർ പങ്കെടുക്കും.
ഇന്നത്തെ ഫൈനൽ കാണുന്നതിന് ബഹ്‌റൈനിലെ ഫുട്‌ബാൾ പ്രേമികളെ കുവൈത്തിലെത്തിക്കാൻ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയർ ഒമ്പത് പ്രത്യേക സർവിസുകളാണ് നടത്തുന്നത്. നാളെ ബഹ്റൈനിൽ ഇതുമായി ബന്ധപ്പെട്ട് പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്.
zfzv