ആന്ധ്രയ്ക്കെതിരേ തകർന്നടിഞ്ഞ് കേരളം; 87 റൺസിനു പുറത്ത്; നിരാശപ്പെടുത്തി സഞ്ജു


മുഷ്താഖ് അലി ട്രോഫി ട്വന്‍റി20 ടൂര്‍ണമെന്‍റിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ആന്ധ്രാപ്രദേശിനെതിരേ കേരളം 87 റൺസിനു പുറത്തായി. 27 റൺസെടുത്ത ജലജ് സക്സേനയാണ് ടോപ് സ്കോറർ. 18 റൺസെടുത്ത പി.എ. അബ്ദുൾ ബാസിത്, 14 റൺസെടുത്ത എം.ഡി. നിതീഷ് എന്നിവരൊഴികെ മറ്റാർക്കും രണ്ടക്കം പോലും കടക്കാനായില്ല. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (ഏഴ്), രോഹന്‍ കുന്നുമ്മല്‍ (ഒമ്പത്), മുഹമ്മദ് അസറുദ്ദീന്‍ (പൂജ്യം), സല്‍മാന്‍ നിസാര്‍ (മൂന്ന്), വിഷ്ണു വിനോദ് (ഒന്ന്), സി.വി. വിനോദ് കുമാർ (മൂന്ന്), എൻ.എം. ഷറഫുദ്ദീൻ (പൂജ്യം) എന്നിവർ നിരാശപ്പെടുത്തി.

ആന്ധ്രയ്ക്കു വേണ്ടി കെ.വി. ശശികാന്ത് മൂന്നും കെ. സുദർശൻ, സത്യനാരായണ രാജു, വിനയ് എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി. ഹൈദരാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കേരളത്തിന് 17 റൺസെടുക്കുന്നതിനിടെ രോഹൻ കുന്നുമ്മലിനെ നഷ്ടമായി. പിന്നാലെ നായകൻ സഞ്ജു സാംസൺ ഒരു ബൗണ്ടറി നേടി പ്രതീക്ഷ നല്‍കിയെങ്കിലും കെ.വി. ശശികാന്തിന്‍റെ പന്തിൽ സ്റ്റീഫനു പിടിനല്കി മടങ്ങി. തൊട്ടടുത്ത പന്തിൽ മുഹമ്മദ് അസറുദ്ദീനെയും ശശികാന്ത് മടക്കിയതോടെ കേരളം മൂന്നിന് 36 റൺസെന്ന നിലയിലായി. മൂന്നാം നമ്പറിലിറങ്ങിയ ജലജ് സക്സേന തകര്‍ത്തടിച്ചെങ്കിലും മറ്റേയറ്റത്ത് വിക്കറ്റുകൾ നഷ്ടമായിക്കൊണ്ടിരുന്നു. സ്കോർ 47 റൺസിൽ നില്ക്കെ സൽമാൻ നിസാറും തൊട്ടുപിന്നാലെ വിഷ്ണു വിനോദും പവലിയനിലേക്ക് മടങ്ങി. തുടർന്ന് വിനോദ് കുമാറിനെ കൂട്ടുപിടിച്ച് സക്സേന സ്കോർ അമ്പതു കടത്തി.

എന്നാൽ സ്കോർ 54 റൺസിൽ നില്ക്കെ വിനോദ് കുമാറിനെ പുറത്താക്കി വിനയ് വീണ്ടും കേരളത്തെ ഞെട്ടിച്ചു. ഒരു റൺ കൂട്ടിച്ചേർക്കുന്നതിനിടെ സക്സേന റണ്ണൗട്ടായി മടങ്ങിയതോടെ കേരളത്തിന്‍റെ പ്രതീക്ഷകൾ അസ്തമിച്ചു. പിന്നാലെ റണ്ണൊന്നുമെടുക്കാനാകാതെ ഷറഫുദ്ദീൻ പുറത്തായതോടെ കേരളം എട്ടിന് 65 റൺസെന്ന നിലയിൽ തകർന്നു. തുടർന്ന് വാലറ്റത്ത് പൊരുതി നിന്ന അബ്ദുള്‍ ബാസിതും(25 പന്തിൽ 18) എം ഡി നിധീഷും(13 പന്തില്‍ 14) ചേർന്ന് സ്കോർ ഉയർ‌ത്താൻ ശ്രമിച്ചു. ഇരുവരും ചേർന്ന് 21 റൺസ് കൂട്ടിച്ചേർത്തു. ഒടുവിൽ സ്കോർ 86 റൺസിൽ നില്ക്കെ നിതീഷും തൊട്ടുപിന്നാലെ അബ്ദുൾ ബാസിതും പുറത്തായതോടെ കേരളത്തിന്‍റെ തകർച്ച പൂർത്തിയായി.

article-image

adsffadsaqsw

You might also like

  • Bahrain Specialist Hospital
  • Bahrain Specialist Hospital
  • Straight Forward

Most Viewed