ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയിൽ ഇന്ത്യൻ ടീമിൽ ഇടം ഉറപ്പിച്ച് സഞ്ജു സാംസൺ
ബംഗ്ളദേശിനെതിരായ ട്വന്റി20 പരമ്പരയ്ക്കായുള്ള ഇന്ത്യൻ ടീമിൽ ഇടം നേടി മലയാളി താരം സഞ്ജു സാംസൺ. ഒക്ടോബർ ആറ് മുതലാണ് മൂന്ന് മത്സരങ്ങൾ അടങ്ങിയ പരമ്പര. ഇന്ത്യയുടെ ട്വന്റി20 ടീമിലെ സ്ഥാനം സഞ്ജു സാംസണ് തിരിച്ചു ലഭിച്ചിരിക്കുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മാത്രമല്ല ഇന്ത്യയുടെ മറ്റൊരു വിക്കറ്റ് കീപ്പറായ ഇഷാൻ കിഷനെ വീണ്ടും ടീമിൽ നിന്ന് മാറ്റിനിർത്താനും ബിസിസിഐ തയ്യാറായിട്ടുണ്ട്.
2024 ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യയുടെ സ്ക്വാഡിലെ അംഗമായിരുന്നു സഞ്ജു സാംസൺ. എന്നാൽ ലോകകപ്പിൽ കളിക്കാൻ സഞ്ജുവിന് അവസരം ലഭിച്ചിരുന്നില്ല. ശേഷം ഇന്ത്യയുടെ സിംബാബ്വെയ്ക്കും ശ്രീലങ്കയ്ക്കുമെതിരായ ട്വന്റി20 പരമ്പരയിൽ സഞ്ജു സാംസൺ കളിച്ചിരുന്നു.
ഇപ്പോൾ സഞ്ജുവിന് കൂടുതൽ അവസരങ്ങൾ നൽകാൻ ഒരുങ്ങുകയാണ് ഇന്ത്യ. ഇന്ത്യയുടെ വരാനിരിക്കുന്ന ബംഗ്ലാദേശിനെതിരായ പരമ്പരയിൽ സഞ്ജു സാംസണെ ഉൾപ്പെടുത്തുമെന്ന കാര്യം ഏകദേശം ഉറപ്പായിട്ടുണ്ട്. ക്രിക്ബസ്സിന്റെ റിപ്പോർട്ട് പ്രകാരം സഞ്ജു സാംസണാണ് ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ ട്വന്റി20 പരമ്പരയിലെ വിക്കറ്റ് കീപ്പർ.
ആ സമയത്ത് തന്നെ നടക്കുന്ന ഇറാനി കപ്പിനുള്ള സ്ക്വാഡ് മുൻപ് പ്രഖ്യാപിച്ചിരുന്നു. മറ്റൊരു വിക്കറ്റ് കീപ്പറായ ഇഷാൻ കിഷനെ ബിസിസിഐ ഇറാനി കപ്പിനുള്ള സ്ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിനാൽ ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയിൽ ഇഷാൻ കിഷനെ ഉൾപ്പെടുത്തില്ല എന്ന കാര്യം ഉറപ്പായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സഞ്ജുവിന് നറുക്ക് വീണിരിക്കുന്നത്.
പരമ്പരയിൽ ഒരു ഓപ്പണർ റോളിൽ സഞ്ജു സാംസൺ എത്തുമെന്നാണ് റിപ്പോർട്ടുകൾ കൂട്ടിച്ചേർക്കുന്നത്. നിലവിലെ ഇന്ത്യയുടെ ട്വന്റി20കളിലെ ഓപ്പണർമാരായ ശുഭ്മാൻ ഗില്ലിനും ജയ്സ്വാളിനും ഇന്ത്യ പരമ്പരയിൽ വിശ്രമം അനുവദിക്കും എന്നാണ് റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ ഒരു ഓപ്പണറായി തന്നെ സഞ്ജു സാംസൺ കളിക്കും.
dswadqwsdfaqsw