പാകിസ്താന്റെ പതനം പൂർണം; ചരിത്രമെഴുതി ബംഗ്ലാദേശ്


പാകിസ്താനെ അവരുടെ മണ്ണിൽ ടെസ്റ്റ് പരമ്പരയിൽ തൂത്തുവാരി ചരിത്രമെഴുതി ബംഗ്ലാദേശ്. രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റിൽ ആറ് വിക്കറ്റിനാണ് സന്ദർശകർ ജയം പിടിച്ചത്. 185 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് നാല് വിക്കറ്റ് മാത്രം നഷ്ടത്തിൽ വിജയത്തിലെത്തുകയായിരുന്നു. ബംഗ്ലാദേശിനായി ബാറ്റെടുത്തവരെല്ലാം പൊരുതിനിന്നതോടെ ആതിഥേയ ബൗളർമാർ നിസ്സഹായരായി. 40 റൺസെടുത്ത ഓപണർ സാകിർ ഹസൻ ടോപ് സ്കോററായപ്പോൾ നായകൻ നജ്മുൽ ഹുസൈൻ ഷാന്റോ (38), മോമിനുൽ ഹഖ് (34), ഷദ്മാൻ ഇസ്‍ലാം (24) എന്നിവരാണ് പുറത്തായ മറ്റു ബാറ്റർമാർ. 22 റൺസുമായി മുഷ്ഫിഖുർ റഹീമും 21 റൺസുമായി ഷാകിബുൽ ഹസനും പുറത്താകാതെനിന്നു. പാകിസ്താനുവേണ്ടി മിർ ഹംസ, ഖുറം ഷഹ്സാദ്, അബ്റാർ അഹ്മദ്, സൽമാൻ ആഗ എന്നിവർ ഓരോ വിക്കറ്റ് നേടി. ആദ്യ ടെസ്റ്റിൽ 10 വിക്കറ്റ് ജയവുമായി ചരിത്രത്തിലാദ്യമായി പാകിസ്താനെതിരെ ടെസ്റ്റ് ജയം സ്വന്തമാക്കിയ ബംഗ്ലാദേശുകാർ രണ്ടാം ടെസ്റ്റിലും ജയം പിടിച്ചെടുത്ത് അവർക്കെതിരെ ആദ്യ ടെസ്റ്റ് പരമ്പരയും നേടിയിരിക്കുകയാണ്. 2009ൽ വെസ്റ്റിൻഡീസിനെതിരെ മാത്രമാണ് വിദേശത്ത് ബംഗ്ലാദേശിന് നേരത്തെ ടെസ്റ്റ് പരമ്പര സ്വന്തമാക്കാനായിരുന്നത്. വിക്കറ്റ് നഷ്ടപ്പെടാതെ 42 റൺസെന്ന നിലയിൽ അഞ്ചാം ദിനം കളി പുനരാരംഭിച്ച ബംഗ്ലാദേശിന് സ്കോർ ബോർഡിൽ 58 റൺസായപ്പോൾ സാകിർ ഹസന്റെ വിക്കറ്റ് നഷ്ടമായി. 12 റൺസ് കൂടി ചേർത്തപ്പോഴേക്കും ഷദ്മാൻ ഇസ്‍ലാമും വീണു. എന്നാൽ, നജ്മുൽ ഹുസൈൻ ഷാന്റോയും മോമിനുൽ ഹഖും പിടിച്ചുനിന്നതോടെ പാക് ബൗളർമാർ കുഴങ്ങി. 127 റൺസുള്ളപ്പോൾ ഷാന്റോയും 153ലെത്തിയപ്പോൾ മോമിനുൽ ഹഖും വീണെങ്കിലും മുഷ്ഫിഖുർ റഹീമും ഷാകിബും ചേർന്ന് അവരെ സ്വപ്ന വിജയത്തിലേക്ക് ആനയിക്കുകയായിരുന്നു. പാകിസ്താന് തിരിച്ചടിയായത് രണ്ടാം ഇന്നിങ്സിലെ കൂട്ടത്തകർച്ചടോസ് നഷ്ടപ്പെട്ട് ആദ്യ ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ 274 റൺസിന് പുറത്തായിരുന്നു. എന്നാൽ, മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിനെ ആറ് വിക്കറ്റ് നേടിയ ഖുറം ഷഹ്സാദിന്റെ മികവിൽ പാകിസ്താൻ 262 റൺസിന് തിരിച്ചുകയറ്റി. 12 റൺസ് ലീഡ് വഴങ്ങിയ ബംഗ്ലാദേശിനായി രണ്ടാം ഇന്നിങ്സിൽ ബൗളർമാർ വീണ്ടും ആഞ്ഞടിക്കുന്നതാണ് പിന്നെ കണ്ടത്. അഞ്ചു വിക്കറ്റുമായി ഹസൻ മഹ്മൂദും നാല് വിക്കറ്റുമായി നാഹിദ് റാണയും നിറഞ്ഞാടിയപ്പോൾ ആതിഥേയർ വെറും 172 റൺസിന് പുറത്തായി. 47 റൺസുമായി പുറത്താകാതെനിന്ന സൽമാൻ ആഗയും 43 റൺസെടുത്ത മുഹമ്മദ് റിസ്‍വാനുമാണ് അവരെ വൻ നാണക്കേടിൽനിന്ന് കരകയറ്റിയത്. അബ്ദുല്ല ഷഫീഖ് (3), സയിം അയൂബ് (20), ഖുറം ഷഹ്സാദ് (0), ഷാൻ മസൂദ് (28), ബാബർ അസം (11), സൗദ് ഷകീൽ (2), മുഹമ്മദ് അലി (0), അബ്റാർ അഹ്മദ് (2), മിർ ഹംസ (4) എന്നിങ്ങനെയായിരുന്നു മറ്റു ബാറ്റർമാരുടെ സംഭാവനകൾ.

article-image

dfghj

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed