പാരിസ് ഒളിമ്പിക്‌സ് 2024’ന് കനത്ത സുരക്ഷയുമായി ഫ്രഞ്ച് സൈന്യം
പാരിസിൽ കൊടിയേറുന്ന ലോക കായിക മാമാങ്കമായ ‘പാരിസ് ഒളിമ്പിക്‌സ് 2024’ന് പഴുതടച്ച സുരക്ഷയുമായി ഫ്രഞ്ച് സൈന്യം. ഒളിമ്പിക്‌സിന്റെ പ്രൗഢഗംഭീരമായ ഉദ്ഘാടനച്ചടങ്ങിന് മുന്നോടിയായി സുരക്ഷ ശക്തമാക്കാൻ ഫ്രാൻസിന്റെ സായുധ സേനയെ സീൻ നദിക്കരയിൽ വിന്യസിച്ചു. ഉദ്ഘാടന ചടങ്ങ് 3,20,000ത്തോളം വരുന്ന ജനക്കൂട്ടത്തിന് മുന്നിലാണ് നടക്കുക. സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി സീൻ നദിയുടെ ആറു കിലോമീറ്റർ വിസ്തൃതിയിൽ ക്രമീകരണങ്ങൾ വിപുലപ്പെടുത്തിയിട്ടുണ്ട്. ഈ മാസം 26നാണ് പാരിസ് ഒളിമ്പിക്‌സ് 2024 ന് തുടക്കം കുറിക്കുന്നത്.
അതേസമയം മൊറോക്കോ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് ഫ്രാൻസ് സുരക്ഷ സംഘത്തിന്റെ സഹായം അഭ്യർത്ഥിച്ചു. 2024 ഒളിമ്പിക് ഗെയിംസിന്റെ സുഗമമായ വേണ്ടി മൊറോക്കൻ സംഘം ഈ ആഴ്ച പാരിസിലെത്തി. യു.എ.ഇ പൊലീസും ഒളിമ്പിക്സ് സുരക്ഷക്കു വേണ്ടി സംഘത്തെ അയച്ചിട്ടുണ്ട്. പാളിച്ചകൾ ഒഴിവാക്കുന്നതിന് മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യ (എഫ്.ആർ.ടി) ഉപയോഗപ്പെടുത്താനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്. ജനക്കൂട്ടത്തിന്റെ പെരുമാറ്റം നിരീക്ഷിക്കാനും പ്രകോപനങ്ങൾ തടയാനുമുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. നശീകരണം, മദ്യപാനം, അക്രമം തുടങ്ങിയവ തത്സമയം നിരീക്ഷിക്കുന്നതിന് കാമറ യൂനിറ്റുകൾ ഒരുക്കിയിട്ടുണ്ട്. മത്സര വിവരങ്ങൾ, മീഡിയ സ്ട്രീമുകൾ, സുരക്ഷാ സംവിധാനങ്ങൾ എന്നിവയിലേക്ക് ഹാക്കർമാർക്ക് കടന്നുകയറാനുള്ള സൈബർ നുഴഞ്ഞുകയറ്റക്കാരുടെ ശ്രമത്തെ തകർക്കാനുള്ള സജ്ജീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
dszdsvdas