സൗദിയിൽ പുതിയ ബഹിരാകാശ ഗവേഷണകേന്ദ്രം വരുന്നു
ബഹിരാകാശ പ്രതിരോധ ഗവേഷണരംഗത്ത് ഭാവിയിൽ സ്തുത്യർഹമായ സംഭാവന സമർപ്പിക്കുക എന്ന ലക്ഷ്യത്തോടെ സൗദിയിൽ പുതിയ ബഹിരാകാശ ഗവേഷണകേന്ദ്രം വരുന്നു. ‘സൗദി സ്‌പേസ് ഏജൻസി’ യും ‘വേൾഡ് ഇക്കണോമിക് ഫോറവും ചേർന്ന് ബഹിരാകാശ ഭാവിക്കായുള്ള ബ്രഹത്തായ കേന്ദ്രം രാജ്യത്ത് ആരംഭിക്കുന്നതിനുള്ള കരാറിൽ കഴിഞ്ഞ ദിവസം ഒപ്പിട്ടു. സൗദി സ്‌പേസ് ഏജൻസി സി.ഇ.ഒ ഡോ.മുഹമ്മദ് അൽതമീമിയും വേൾഡ് ഇക്കണോമിക് ഫോറം മാനേജിംഗ് ഡയറക്ടർ ജെറമി ജുർഗൻസും തമ്മിലാണ് ഏറെ പ്രാധാന്യമുള്ള കരാറിൽ ഒപ്പുവച്ചത്. ഈ വർഷം തന്നെ സൗദിയിൽ കേന്ദ്രം തുറക്കും. ബഹിരാകാശ സഹകരണത്തെക്കുറിച്ചുള്ള ആഗോള ചർച്ചകൾക്ക് നേതൃത്വം നൽകാനും ബഹിരാകാശ മേഖലയിലേക്ക് മികച്ച പ്രവർത്തനങ്ങളുടെ സംയോജനം വർധിപ്പിക്കാനും ഈ കേന്ദ്രം ലക്ഷ്യമിടുന്നതായി അധികൃതർ വ്യക്തമാക്കി. സൗദി ബഹിരാകാശ ഏജൻസി ആതിഥേയത്വം വഹിക്കുന്ന ‘സെന്‍റർ ഫോർ സ്‌പേസ് ഫ്യൂച്ചേഴ്‌സ്’ നുവേണ്ട സംവിധാനങ്ങളൊരുക്കുക, ബഹിരാകാശ രംഗത്തെ സാങ്കേതിക മുന്നേറ്റങ്ങൾ പ്രോത്സാഹിപ്പിക്കൽ, ആഗോള ബഹിരാകാശ സമ്പദ്‌വ്യവസ്ഥയിൽ സുസ്ഥിരമായ പദ്ധതികൾ ആസൂത്രണം ചെയ്യുക തുടങ്ങിയവക്കുള്ള ഒരു സുപ്രധാന പ്ലാറ്റ്‌ഫോമായി ഈ കേന്ദ്രം പ്രവർത്തിക്കും. കാലാവസ്ഥാ നിരീക്ഷണം, ഉപഗ്രഹങ്ങൾ വഴിയുള്ള ബന്ധങ്ങൾ മെച്ചപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ബഹിരാകാശ സാങ്കേതികവിദ്യകളുടെ ത്വരിതപ്പെടുത്തലിനു കാര്യമായ സംഭാവനകൾ നൽകാൻ ഈ നൂതന സാങ്കേതിക സംവിധാനങ്ങളോടെ സജ്ജമാക്കുന്ന കേന്ദ്രത്തിന് കഴിയുമെന്ന് അധികൃതർ കണക്കുകൂട്ടുന്നു.
ഊർജസ്വലവും സുസ്ഥിരവുമായ ബഹിരാകാശ സമ്പദ്‌വ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതിനുള്ള കേന്ദ്രത്തിന്‍റെ പ്രതിബദ്ധത സൗദി ബഹിരാകാശ ഏജൻസിയുടെ സി.ഇ.ഒ ഡോ.മുഹമ്മദ് അൽതമിമി സ്ഥിരീകരിച്ചു. കാലാവസ്ഥാവ്യതിയാനം, സാങ്കേതിക കണ്ടുപിടിത്തം തുടങ്ങിയ വിവിധ ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിൽ ബഹിരാകാശ മേഖലയുടെ നിർണായക പങ്ക് ‘വേൾഡ് ഇക്കണോമിക് ഫോറ’ ത്തിന്റെ മാനേജിംഗ് ഡയറക്ടർ ജെറമി ജുർഗൻസും ചർച്ചയിൽ ഊന്നിപ്പറഞ്ഞു. ബഹിരാകാശത്ത് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന വേൾഡ് ഇക്കണോമിക് ഫോറത്തിന്‍റെ നാലാം വ്യാവസായിക വിപ്ലവ കേന്ദ്രങ്ങളുടെ ശൃംഖലയിലെ ആദ്യത്തേതാണ് സൗദിയിൽ സ്ഥാപിക്കുന്ന ബഹിരാകാശ ഗവേഷണ കേന്ദ്രം. സൗദി വിഷൻ 2030ന്‍റെ സാമ്പത്തിക വൈവിധ്യവൽക്കരണ ലക്ഷ്യങ്ങളും മെച്ചപ്പെട്ട ജീവിത നിലവാരവും മുന്നോട്ടുകൊണ്ടുപോകുന്നതിന് സൗദിയുടെ ബഹിരാകാശ രംഗത്തുള്ള മുന്നേറ്റം വഴിവെക്കും. ബഹിരാകാശ പ്രതിരോധ ഗവേഷണ രംഗത്തേക്ക് സൗദി ഇപ്പോൾ കൂടുതൽ ഊന്നൽ നൽകിയത് ആഗോളതലത്തിൽ തന്നെ ശ്രദ്ധേയമായിട്ടുണ്ട്. ‘ഞങ്ങളുടെ അഭിലാഷം ആകാശം മുട്ടെ ഉയർന്നുനിൽക്കുന്നതാണ്. ഞങ്ങൾ മധ്യത്തിലാണ്, ഞങ്ങളുടെ വിമാനങ്ങളിപ്പോൾ ആകാശത്തുണ്ട്. ഞങ്ങൾ ബഹിരാകാശ ഗവേഷണത്തിലൂടെ മുന്നേറും’ എന്ന് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ നേരത്തേ പ്രഖ്യാപിച്ച വാക്കുകൾ സക്ഷാത്കരിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾക്കാണ് സൗദിയിൽ ഇപ്പോൾ ഈ മേഖലയിൽ സാക്ഷ്യം വഹിക്കുന്നത്.
sdfgdsfg