ഒമാൻ – സൗദി അറേബ്യ ബസ് സർവീസ് ആരംഭിച്ചു
ഒമാൻ – സൗദി അറേബ്യ ബസ് സർവീസ് ആരംഭിച്ചു. മസ്‌കത്തിൽ നിന്ന് റിയാദിലേക്ക് അൽ ഖന്‍ജരി ട്രാന്‍സ്‌പോർട്ട് കമ്പനിയാണ് സർവീസ് നടത്തുന്നത്. യാത്രക്കാർ പാസ്‌പോർട്ട് കോപ്പി, ഒമാന്‍ ഐഡി കാർഡ് (വിദേശികളുടെ റസിന്റ് കാർഡ്), സൗദി വീസ എന്നിവ ഹാജരാക്കിയാൽ ടിക്കറ്റ് ബുക്ക് ചെയ്യാനാകും. ബസ് റൂട്ട്, സമയം, ടിക്കറ്റ് നിരക്ക് മസ്‌കത്ത് − നിസ്‌വ − ഇബ്രി − റുബുഉൽ ഖാലി − ദമാം − റിയാദ് എന്നിങ്ങനെയാണ് യാത്രാ റൂട്ട്. മസ്‌കത്തിൽ നിന്ന് പുലർച്ചെ ആറ് മണിക്കും റിയാദിലെ അസീസിയയിൽ നിന്ന് വൈകുന്നേരം അഞ്ച് മണിക്കും ബസ് പുറപ്പെടും. 18 മുതൽ 20 മണിക്കൂർ വരെയാണ് യാത്രാ സമയം. അതിർത്തിയിലെ ഇമഗ്രേഷന്‍ നടപടികൾക്കുൾപ്പെടെയാണിത്. ഒരു വശത്തേക്ക് മാത്രം 35 ഒമാനി റിയാൽ (350 സൗദി റിയാൽ) ആണ് ടിക്കറ്റ് നിരക്ക്. എന്നാൽ, ബസ് സർവീസ് ആരംഭിക്കുന്നതിന്റെ ഭാഗമായി ഈ മാസം അവസാനം വരെ 25 റിയാലിന് (250 സൗദി റിയാൽ) ടിക്കറ്റ് ലഭ്യമാക്കിയതായി അൽ ഖന്‍ജരി അറിയിച്ചു. ഒരു ട്രിപ്പിൽ ചുരുങ്ങിയത് 25 യാത്രക്കാർ എങ്കിലും ഉണ്ടാകണമെന്നാണ് സൗദി അധികൃതരുടെ നിർദേശമെന്ന് അൽ ഖന്‍ജരി വ്യക്തമാക്കി. ഒരു സർവീസിൽ ബസിൽ രണ്ട് ഡ്രൈവമാർ ഉണ്ടാകും. ഒരാൾക്ക് ബസ് ഓടിക്കുന്നതിനും രണ്ടാമത്തെയാൾക്ക് വിശ്രമിക്കുന്നതിനുമാണിത്.
ഒമാനും സൗദിക്കും ഇടയിൽ ബസ് സർവീസ് ആരംഭിക്കുന്നത് പൊതുഗതാഗത രംഗത്ത് പുതിയ മുന്നേറ്റമാകും. ഉംറ തീർഥാടനം ഉൾപ്പെടെ സൗദിയിലേക്ക് വിവിധ ആവശ്യങ്ങൾക്കായി സഞ്ചരിക്കുന്നവർക്ക് ഏറെ ഗുണകരമാകും. ഒമാനും യുഎഇക്കും ഇടയിലുള്ള ബസ് സർവീസുകൾ നിലവിലുണ്ട്. കഴിഞ്ഞ ഒക്‌ടോബറിൽ ആരംഭിച്ച മസ്‌കത്ത് − അൽ ഐന്‍ − അബൂദബി മുവാസലാത്ത് സർവീസും ഖസബ് − റാസൽ ഖൈമ, റാസൽഖൈമ ബസ് സർവീസും ഏറെ ജനകീയമാണിപ്പോൾ. അടുത്തിടെ മസ്‌കത്തിൽ നിന്നും ഷാർജയിലേതക്കും മുവാസലാത്ത് സർവീസ് പ്രഖ്യാപിച്ചിരുന്നു. ഇത് സംബന്ധിച്ച് ഒമാന്‍ നാഷനൽ ട്രാന്‍സ്‌പോർട്ട് കമ്പനിയായ മുവാസലാത്തും ഷാർജ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോർട്ട് അതോറിറ്റിയും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്. മസ്‌കത്തിലെ അസൈബ ബസ് സ്‌റ്റേഷനിൽ നിന്ന് ഷാർജയിലെ അൽ ജുബൈൽ സ്‌റ്റേഷനിലേക്കും തിരിച്ചും ദിവസേനയുള്ള യാത്രകൾ നടത്തും.
sdfgdfsg